Skip to main content

കുടുംബശ്രീ സാമ്പത്തിക ചൂഷണത്തിനുളള ഉപാധിയല്ല : മന്ത്രി എ സി മൊയ്തീൻ

കുടുംബശ്രീയെ സാമ്പത്തിക ചൂഷണത്തിനായി ഉപയോഗിക്കരുതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എ സി മൊയ്തീൻ പറഞ്ഞു. തൃശൂർ കോവിലകത്തുംപാടം ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ 'മുറ്റത്തെ മുല്ല' ലഘു ഗ്രാമീണ വായ്പ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കുടുംബശ്രീയിൽ നിന്ന് വായ്പയെടുത്ത് ചെറുകിട സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ ജനങ്ങളിൽ നിന്നും സാമ്പത്തിക ലാഭമുണ്ടാക്കുന്ന പ്രവണത കണ്ടുവരുന്നുണ്ട്. ഇത് സംസ്ഥാന സർക്കാർ വെച്ചു പൊറുപ്പിക്കില്ല. മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ ജനങ്ങളിൽ കെട്ടിവയ്ക്കുന്ന വായ്പ ബാധ്യതകൾ നാട്ടിൽ ഏറെ പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ധനകാര്യ സംരംഭങ്ങൾ മതപരമായ കാഴ്ചപ്പാടിലും ഏതെങ്കിലും മതത്തെ പ്രതിനിധാനം ചെയ്തും നാട്ടിൽ ഉയർന്നു വരുന്ന സാഹചര്യത്തെ ചെറുക്കണം. ഇതിനെ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ പോലുള്ള പ്രവർത്തനങ്ങളിലൂടെയാണ് പ്രതിരോധിക്കാൻ കഴിയുക. സഹകരണ ബാങ്കുകൾ രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങളിൽ അവിഭാജ്യ ഘടകമാണ്. സർക്കാർ സഹകരണ ബാങ്കുകളെ ഉപജീവനമാർഗമായി ഉപയോഗപ്പെടുത്തും. ജില്ലയിൽ സഹകരണ ബാങ്കുകൾ പ്രളയകാലത്ത് 191 കോടി രൂപയാണ് വായ്പ നൽകിയത്. കെയർ ഹോം പദ്ധതിയിൽപ്പെടുത്തി 500 വീടുകളും നൽകാനായി. ഇത് ജനങ്ങളുടെ കൂട്ടായ വിജയമാണ്. സഹകരണ സ്ഥാപനങ്ങളുടെ കൈവശമുള്ള പണം നാടിന്റെ പണമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാർ ഓണക്കാലത്തിനു മുൻപായി 55 ലക്ഷം പേർക്ക് ക്ഷേമ പെൻഷനുകൾ നൽകി. 4,17,000 തൊഴിലാളികൾക്ക് 1000 രൂപ വീതം നൽകുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. പ്രളയകാലത്ത് 10,000 രൂപ ലഭിക്കാത്തവർ അർഹരാണെങ്കിൽ പരിശോധന നടത്തി ബോധ്യപ്പെട്ടാൽ അവർക്കു തുക നൽകുമെന്നും മന്ത്രി വ്യക്തമാക്കി. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് അധ്യക്ഷത വഹിച്ചു. മേയർ അജിത വിജയൻ മുഖ്യാതിഥിയായി. ജില്ലാ കളക്ടർ എസ് ഷാനവാസ് വായ്പ വിതരണം ഉദ്ഘാടനം ചെയ്തു. തൃശൂർ ജോയിന്റ് രജിസ്ട്രാർ (ജനറൽ) ടി കെ സതീഷ് കുമാർ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി എസ് വിനയൻ, പി എ സി എസ് ജില്ലാ സെക്രട്ടറി കെ മുരളീധരൻ, കോർപ്പറേഷൻ സെക്രട്ടറി എ എസ് അനൂജ, എം കെ കണ്ണൻ തുടങ്ങിയവർ പങ്കെടുത്തു. ജോയിന്റ് ഡയറക്ടർ (ഓഡിറ്റ്) ടി ഹരിദാസ് സ്വാഗതവും കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ വി ജോതിഷ്‌കുമാർ നന്ദിയും പറഞ്ഞു.

date