Skip to main content

അഴീക്കോട് -മുനമ്പം ജങ്കാർ സർവ്വീസ്: മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മയുടെ സാന്നിധ്യത്തിൽ ഉന്നതതല യോഗം ചേരും

അഴീക്കോട്-മുനമ്പം ജങ്കാർ സർവ്വീസ് പുനസ്ഥാപിക്കുന്നതിൻെ്‌റ ഭാഗമായി ഇരുകടവുകളിലും ബൊള്ളാർഡ് പോളുകൾ സ്ഥാപിക്കുന്ന പ്രവർത്തികൾ ആരംഭിക്കുന്നതിനായി ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ ഫിഷറീസ് -തുറമുഖ വകുപ്പ് മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മയുടെ സാന്നിധ്യത്തിൽ ഉന്നതതല യോഗം വിളിച്ചുചേർക്കാൻ തീരുമാനം. തദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീൻെ്‌റ അധ്യക്ഷതയിൽ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. തിരുവനന്തപുരത്താണ് യോഗം ചേരുക. നിർമ്മാണ പ്രവർത്തികൾക്ക് 3 തവണ ടെൻഡർ നടത്തിയെങ്കിലും കരാറുകാർ എറ്റെടുക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഉന്നതതല യോഗം വിളിച്ചുചേർക്കാൻ തീരുമാനിച്ചത്. നിലവിൽ ടെൻഡർ സമർപ്പിച്ചിട്ടുള്ളത് ഒരു കരാറുകാരൻ മാത്രമാണ്. എന്നാൽ കരാറുകാരൻ സമർപ്പിച്ച തുക ഹാർബർ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ എസ്റ്റിമേറ്റിനേക്കാൾ കൂടുതലായതിനാൽ ടെൻഡർ നടപടികൾ അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് കളക്‌ട്രേറ്റിൽ അടിയന്തിര യോഗം മന്ത്രി വിളിച്ചുചേർത്തത്. നിയമത്തിൻെ്‌റ പരിധിയിൽനിന്നുകൊണ്ട് നിലവിലെ എസ്റ്റിമേറ്റ് പുതുക്കുന്നതിൻെ്‌റ സാധ്യതകൾ പരിശോധിക്കാൻ തുറമുഖവകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് മന്ത്രി നിർദേശം നൽകി. ഇനം തിരിച്ച് തുകകൾ വർദ്ധിപ്പിക്കേണ്ടതുണ്ടോയെന്ന് പരിശോധിക്കാനും മന്ത്രി നിർദേശിച്ചു. ഈ മാസം 25 ാം തീയതിക്കുള്ളിൽ പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കി നൽകണം. എസ്റ്റിമേറ്റ് ലഭിച്ചതിനുശേഷമാണ് തിരുവനന്തപുരത്ത് ഉന്നതതല യോഗം നടക്കുകയെന്നും മന്ത്രി പറഞ്ഞു. ഒരുവർഷമായി മുടങ്ങികിടക്കുന്ന അഴീക്കോട് -മുനമ്പം ജങ്കാർ സർവ്വീസ് അടിയന്തിരമായി പുനസ്ഥാപിക്കുന്നതിനാവശ്യമായ നിർമ്മാണ പ്രവത്തികൾ അതിവേഗത്തിൽ ആരംഭിച്ച് ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. ടൈസൺ മാസ്റ്റർ എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡൻ്‌റ് മേരി തോമസ്, ജില്ലാ കളക്ടർ എസ്. ഷാനവാസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്‌റ് എൻ.കെ. ഉദയപ്രകാശ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
 

date