Skip to main content

പ്രളയാനന്തര പുനരധിവാസം:  പുതിയ വീട്ടില്‍ ഇവര്‍ക്ക് പൊന്നോണം

   പ്രളയം കൊണ്ടുപോയ ഓര്‍മ്മകള്‍ക്ക് മീതെ വീണ്ടും ഒരു ഓണക്കാലം. കഴിഞ്ഞ വര്‍ഷത്തെ ആ സങ്കടകടലുകളില്‍ നിന്നും ഇത്തവണ പാടിച്ചിറയിലെ മൂന്ന് കുടംബങ്ങള്‍ കരകയറുന്നു. ഇവരുടെ ഇത്തവണത്തെ ഓണം സ്വന്തമായി കിട്ടിയ പുതിയ വീടുകളിലാണ്.  2018 ലെ പ്രളയത്തില്‍ വീടുകള്‍ നഷ്ടപെട്ട പെരിക്കല്ലൂര്‍ കോപ്പറമ്പില്‍ വീട്ടില്‍ ഷംസുദ്ദീന്‍, പാറാളിയില്‍ വീട്ടില്‍ സജി, കിശിങ്കല്‍ വീട്ടില്‍ കെ.ആര്‍ ബിനീഷ് എന്നിവരാണ് പുതിയ വീട്ടില്‍ ഇത്തവണ ഓണം ആഘോഷിക്കുക. പ്രളയത്തില്‍ പൂര്‍ണ്ണമായും വീട് നഷ്ടപെട്ട കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി പാടിച്ചിറ വില്ലേജില്‍ സി.പി പോള്‍സണ്‍ സൗജന്യമായി നല്‍കിയ എട്ട് സെന്റ് സ്ഥലത്താണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വീട് നിര്‍മ്മിച്ച് നല്‍കിയത്. രണ്ടു മുറികള്‍, ഹാള്‍, അടുക്കള, ശുചിമുറി എന്നിവയടങ്ങുന്ന വീട്ടില്‍ ഇലക്ട്രിക്ക്, പ്ലംബിങ് പ്രവൃത്തികളടക്കം പൂര്‍ത്തിയാക്കിയാണ് ഗുണഭോക്താക്കള്‍ക്ക് കൈമാറുന്നത്.

         പ്രളയാനന്തര പുനരധിവാസത്തിന്റെ ഭാഗമായി നിര്‍മ്മിച്ച് നല്‍കിയ 3 വീടുകളുടെയും താക്കോല്‍ ദാനം റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കും. സെപ്റ്റംബര്‍ 8 ന് രാവിലെ 11 ന് പാടിച്ചിറ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടക്കുക. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, എ.ഡി.എം കെ അജീഷ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
 
      ജില്ലാ നിര്‍മ്മിതി കേന്ദ്രയുടെ സഹായത്തോടെ പുനരധിവാസത്തിനായി  ഇത്തരത്തില്‍ 13 വീടുകളാണ് ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്നത്. പാടിച്ചിറ വില്ലേജില്‍ മൂന്നും കണിയാമ്പറ്റ വില്ലേജില്‍ പത്തും. കണിയാമ്പറ്റയില്‍ അഞ്ചു വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരണ ഘട്ടത്തിലാണ്. സര്‍ക്കാര്‍ ധനസഹായമായ നാലു ലക്ഷം രൂപയും കോര്‍പ്പറേഷന്‍ ബാങ്ക് നല്‍കിയ 11, 93525 രൂപയും ഉപയോഗിച്ച് 470 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തിലാണ് വീടുകളുടെ നിര്‍മാണം.

date