Skip to main content

പാലാ ഉപതിരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നങ്ങള്‍ അനുവദിച്ചു

പാലാ നിയമസഭാ നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കുന്നതിനുള്ള സമയപരിധി ഇന്ന് (സെപ്റ്റംബര്‍ ഏഴ്) അവസാനിച്ചപ്പോള്‍ മത്സര രംഗത്ത് ശേഷിക്കുന്നത് 13 സ്ഥാനാര്‍ത്ഥികള്‍. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വരണാധികാരിയായ ഡെപ്യൂട്ടി കളക്ടര്‍ (ആര്‍.ആര്‍) എസ്. ശിവപ്രസാദ് സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നങ്ങള്‍ അനുവദിച്ചു. 

തുടര്‍ന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ പൊതു നിരീക്ഷക ഡോ. പൂര്‍ണിമ ചൗഹാന്‍, തിരഞ്ഞെടുപ്പ് ചിലവ് നിരീക്ഷകന്‍ എന്‍. അശോക് ബാബു എന്നിവര്‍ സ്ഥാനാര്‍ത്ഥികളുമായും ഏജന്‍റുമാരുമായും കൂടിക്കാഴ്ച്ച നടത്തി. ജില്ലാ കള്ടര്‍ പി.കെ. സുധീര്‍ ബാബു, വരണാധികാരി, തിരഞ്ഞെടുപ്പ് ചിലവ് നിരീക്ഷണത്തിന്‍റെ നോഡല്‍ ഓഫീസര്‍ റേച്ചല്‍ ജോര്‍ജ് തുടങ്ങിയവര്‍ സന്നിഹിതരായി.  

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സ്ഥാനാര്‍ത്ഥികളും പാര്‍ട്ടികളും മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്ര നിരീക്ഷക നിര്‍ദേശിച്ചു. പ്രചാരണച്ചിലവ് അനുവദിക്കപ്പെട്ടിട്ടുള്ള 28 ലക്ഷം രൂപയില്‍ അധികരിക്കാന്‍ പാടില്ല. ചിലവുകളുടെ രജിസ്റ്റര്‍ കൃത്യമായി സൂക്ഷിക്കുകയും പരിശോധനയ്ക്കായി ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കുകയും വേണം. 

സെപ്റ്റംബര്‍ 11, 16, 19 തീയതികളില്‍ തിരഞ്ഞെടുപ്പിന്‍റെ ചിലവ് പരിശോധന നടക്കും.  സെപ്റ്റംബര്‍ ഒന്‍പതിന് രാവിലെ 10.30ന് സ്ഥാനാര്‍ത്ഥികള്‍ക്കും ഏജന്‍റുമാര്‍ക്കുമായി ചിലവ് നിരീക്ഷകന്‍റെ സാന്നിധ്യത്തില്‍ ക്ലാസ് നടത്തും.

date