Skip to main content

കേരളത്തിന് വീണ്ടുമൊരു പൊന്നാനി മാതൃക ഹെല്‍ത്ത് ആന്‍ഡ് വെല്‍ബീയിങ് മാപ്പിങുമായി പൊന്നാനി നഗരസഭ

    ഒരു നാടിന്റെ വികസനം ജനങ്ങളുടെ സമഗ്രമായ  ആരോഗ്യത്തെ അടിസ്ഥാനപ്പെടുത്തിയാണെന്നുള്ള തിരിച്ചറിവില്‍ നിന്ന് നൂതനവും മാതൃകാപരവുമായ പദ്ധതിയുമായി പൊന്നാനി നഗരസഭ. പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ വ്യക്തികളുടെ ജീവിതരോഗ്യം വിലയിരുത്തുന്നതിനും തുടര്‍ പഠനം നടത്തുന്നതിനുമായി നടത്തുന്ന സമഗ്രമായ മാപ്പിങ് ഇന്ന്(സെപ്തംബര്‍ എട്ട്) ആരംഭിക്കും. സമഗ്ര മാപ്പിങ് നടത്തുന്നതിന് നഗരസഭയിലെ 51 വാര്‍ഡുകളിലും സര്‍വെ നടത്തും.  പരിശീലനം ലഭിച്ച വിദ്യാര്‍ത്ഥികളും, അങ്കണവാടി, ആശ വര്‍ക്കര്‍മാരും ഉള്‍പ്പെടുന്ന പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് സര്‍വെ നടത്തുക. ഒരു വാര്‍ഡില്‍ നിന്നും ഇരുപത്തിയഞ്ച് വീടുകളെയാണ് പഠനത്തിനായി തെരഞ്ഞെടുക്കുന്നത്. പരിശീലനം നേടിയവര്‍ ഓരോ വാര്‍ഡിലും അര മണിക്കര്‍ മുതല്‍ ഒരു മണിക്കര്‍ വരെ സമയമെടുത്താണ് പഠനം നടത്തുക. മനുഷ്യജീവിത സാഹചര്യങ്ങളിലെ 10 മേഖലയില്‍ നിന്നും ആഴത്തിലുള്ള ചോദ്യങ്ങളാണ് മാപ്പിങ് ചോദ്യാവലിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 
സര്‍വ്വേയുടെ ഉള്ളടക്കത്തില്‍ രഹസ്യ സ്വഭാവം നിലനിര്‍ത്തും. ചോദ്യത്തെ അഭിമുഖീകരിക്കപ്പെടുന്നവരുടെ സ്വകാര്യത മാനിച്ചായിരിക്കും പഠന ഫലം പ്രസിദ്ധീകരിക്കുന്നത്. സര്‍വ്വേ നടത്തിയതിന് ശേഷം ആഗോള തലത്തില്‍ പ്രഗല്‍ഭരായവര്‍ വിശകലനം നടത്തിയാണ് ഫലം പ്രസിദ്ധീകരിക്കുക. 

ലോകപ്രശസ്തമായ കാംബ്രിഡ്ജ് യൂനിവേഴ്‌സിറ്റി, തൃശ്ശൂരിലെ ഇന്‍മൈന്‍ഡ്, ഓപ്പണ്‍മൈന്‍ഡ് എന്നീ സ്ഥാപനങ്ങളിലെ ഗവേഷകര്‍ പൊന്നാനി നഗരസഭയുമായി ചേര്‍ന്നുകൊണ്ടാണ് ഈ പദ്ധതി ആരംഭിക്കുന്നത്. പ്രാദേശിക സമൂഹത്തിന്റെ ജീവിതത്തെ സമഗ്രമായി വിലയിരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.ഇന്ത്യയില്‍ ആദ്യമായാണ് ഒരു പ്രാദേശിക ഭരണകൂടം ഇത്തരത്തില്‍ സമഗ്രമായ മാനസിക ആരോഗ്യ പഠനം നടത്തുന്നത്. ഈ പഠനത്തിന്റെ കണ്ടെത്തലുകള്‍, പ്രദേശത്തെ ആരോഗ്യമേഖലയില്‍ ചെയ്യേണ്ട പുത്തന്‍ ഇടപെടലുകള്‍ക്ക് ദിശാബോധം നല്‍കുമെന്ന  പ്രതീക്ഷയിലാണ് നഗരസഭ.
  പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പൊന്നാനി എം.ഇ.എസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പ് നഗരസഭ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. പരിശീലനപരിപാടിക്ക്  കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി റിസര്‍ച്ചര്‍മാരായ ഡോ. മനോജ് തേറയില്‍, പ്രൊഫസര്‍ ടിനി വാന്‍  ബോര്‍ട്ടല്‍ എന്നിവര്‍ നേതൃത്വം നല്‍കി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാ•ാരായ ഒ.ഒ ഷംസു, അഷറഫ് പറമ്പില്‍, ഡോ.മനോജ് തേറയില്‍, ഡോ. ടിനി വാന്‍  ബോര്‍ട്ടല്‍, നഗരസഭ സെക്രട്ടറി എസ്.എ വിനോദ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷംസുദ്ധീന്‍, ഹരിതകേരള മിഷന്‍ ജില്ലാ ആര്‍.പി തേറയില്‍ ബാലകൃഷ്ണന്‍, തീരദേശ പോലീസ് എസ്.ഐ ശശീന്ദ്രന്‍ മേലയില്‍,  ടി.വൈ അരവിന്ദാക്ഷന്‍, ഡോ. സിജിന്‍,  കര്‍മ്മ ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.
 

date