Skip to main content

ലോകകേരളസഭ: കരടുരേഖ മുഖ്യമന്ത്രി ഇന്ന് (ജനുവരി 5) കൊല്ലത്ത് പ്രകാശനം ചെയ്യും

കേരളീയ പ്രവാസി പ്രതിനിധികളും കേരളത്തിലെ ജനപ്രതിനിധികളും ഉള്‍ക്കൊളളുന്ന ലോകകേരളസഭയുടെ ആദ്യ സമ്മേളനത്തില്‍ അവതരിപ്പിക്കുന്നതിനുളള കരടുരേഖ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് (ജനുവരി 5) കൊല്ലത്ത് പ്രകാശനം ചെയ്യും. ഉച്ചയ്ക്കുശേഷം 2.30 ന് ബീച്ച് ഓര്‍ക്കിഡില്‍ നടക്കുന്ന ലോകകേരളസഭയ്ക്ക് മുന്നോടിയായുളള ആഗോള കേരളീയ മാധ്യമസംഗമത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് പ്രകാശനം. ജനുവരി 12, 13 തീയതികളില്‍ തിരുവനന്തപുരത്ത് നിയമസഭാമന്ദിരത്തിലാണ് ലോകകേരളസഭയുടെ ആദ്യ സമ്മേളനം നടക്കുന്നത്.

ഉച്ചയ്ക്കുശേഷം 2.30 ന് ബീച്ച് ഓര്‍ക്കിഡില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ ജെ.മേഴ്‌സിക്കുട്ടിയമ്മ, കെ.രാജു എന്നിവര്‍ പങ്കെടുക്കും. സംഗമത്തില്‍ യു. എസ്. എ., ഓസ്‌ട്രേലിയ, ഗള്‍ഫ് നാടുകള്‍, ഇന്ത്യയിലെ വിവിധ നഗരങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കേരളീയരായ മാധ്യമപ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. നോര്‍ക്ക, ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ്, കൊല്ലം പ്രസ് ക്‌ളബ് എന്നിവയുടെ സഹകരണത്തോടെ കേരള മീഡിയ അക്കാഡമിയാണ് മാധ്യമ സംഗമം സംഘടിപ്പിക്കുന്നത്. 

അതേസമയം, ആഗോള കേരളീയ മാധ്യമസംഗമത്തോട് അനുബന്ധിച്ച് കൊല്ലം പ്രസ് ക്‌ളബ്ബ് മൈതാനിയില്‍ നടക്കുന്ന ഫോട്ടോ-കാര്‍ട്ടൂണ്‍ പ്രദര്‍ശനം ജനശ്രദ്ധയാകര്‍ഷിക്കുകയാണ്.  കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍, ഇന്ത്യയിലെ ആദ്യ പോക്കറ്റ് കാര്‍ട്ടൂണ്‍ രചയിതാവ് സാമുവല്‍, അബു, ഒ. വി. വിജയന്‍, കുട്ടി തുടങ്ങി അമ്പത് കാര്‍ട്ടൂണിസ്റ്റുകളുടെ കാര്‍ട്ടൂണുകളാണ് പ്രദര്‍ശനത്തില്‍ ഉളളത്. പ്രമുഖ ഫൊട്ടോഗ്രഫര്‍മാരുടെ മികച്ച ഫോട്ടോകളും പ്രദര്‍ശിപ്പിക്കും.

പി.എന്‍.എക്‌സ്.51/18

date