Skip to main content

ജലോത്സവം സെപ്റ്റംബര്‍ 12 ന്

  മലബാറിന്റെ ജലോത്സവമായ ബിയ്യം കായല്‍ വള്ളംകളി  മത്സരം സെപ്റ്റംബര്‍ 12 ന് നടക്കും. വള്ളംകളിയുടെയും  പൂര്‍ത്തിയാക്കിയ പവലിയന്‍ നിര്‍മാണ പ്രവൃത്തികളുടെയും ഉദ്ഘാടനം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. ഉന്നത വിദ്യഭ്യാസ വകുപ്പ്  മന്ത്രി ഡോ. കെ.ടി ജലീല്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം പി, കലക്ടര്‍ ജാഫര്‍ മലിക് എന്നിവര്‍ പങ്കെടുക്കും.   
     പടിഞ്ഞാറേക്കര, കടവനാട്, ബിയ്യം, കാഞ്ഞിരമുക്ക്, പുറത്തൂര്‍, പുഴമ്പ്രം, എരിക്കമണ്ണ, പുളിക്കക്കടവ്, പത്തായി സെന്റര്‍ എന്നിവടങ്ങളില്‍ നിന്നായി പത്ത് മേജര്‍ വള്ളങ്ങളും പതിമൂന്ന് മൈനര്‍ വള്ളങ്ങുമാണ് ഇത്തവണ മത്സരിക്കുന്നത്. പ്രളയകെടുതിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ആഘോഷങ്ങള്‍ മാറ്റി വെച്ചിരുന്നു. 
     കഴിഞ്ഞ തവണയും പ്രളയ ദുരന്തത്തെ തുടര്‍ന്ന് വള്ളംകളി ഉള്‍പ്പെടെയുള്ള എല്ലാ ആഘോഷങ്ങളും മാറ്റിയിരുന്നു. ഇത്തവണയും  ആഘോഷങ്ങള്‍ മാറ്റിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ക്ലബുകളുടെയും നാട്ടുകാരുടെയും ആവശ്യത്തെത്തുടര്‍ന്ന്  സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെയും നഗരസഭ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞിയുടെയും ഇടപെടലിനെ തുടര്‍ന്നാണ് ആര്‍ഭാടങ്ങളൊഴിവാക്കി ജനകീയ പിന്തുണയോടെ ജലോത്സവത്തിന് അംഗീകാരം കിട്ടിയത്.  2016ലെ സമ്മാനതുകയാണ് ഇത്തവണ നല്‍കുക. ഒന്നാം സ്ഥാനക്കാര്‍ക്ക് 25000 രൂപയും, രണ്ടാം സ്ഥാനത്തിന് 15000, മൂന്നാം സ്ഥാനം 10000 വും ലഭിക്കും. 
     പവലിയന്‍ ഉദ്ഘാടനത്തിന്റെ ഭാഗമായി  ഡിടിപിസിയുടെ നേതൃത്വത്തില്‍ എടപ്പാള്‍ വിശ്വനും ടിമും നയിക്കുന്ന ഗാനമേളയും അരങ്ങേറും.മത്സരത്തിന് മുന്നോടിയായി തുഴച്ചില്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ ഒട്ടേറെ യുവാക്കളാണ് ഇവിടെ പരിശീലനം നടത്തുന്നത്. രാവിലെ ആറു മണി മുതല്‍ എട്ട് വരെയും, വൈകീട്ട് അഞ്ചു മണിക്ക് ശേഷവുമാണ് പരിശീലനം നടക്കുന്നത് .ഇത്തവണ ഇരുപത്തിമൂന്ന് വള്ളങ്ങളാണ് മല്‍സരത്തില്‍ പങ്കെടുക്കുന്നത്. 
 

date