Skip to main content
അഞ്ജു സുധീഷിന്റെ വീടിന്റെ ഗൃഹപ്രവേശത്തിന് ് കളക്ടര്‍  എച്ച് ദിനേശന്‍ നിലവിളക്ക് കത്തിക്കുന്നു

റീബില്‍ഡ് കേരള: ഗൃഹപ്രവേശത്തിന് ഓണസമ്മാനവും ആശംസകളുമായി ജില്ലാ കളക്ടര്‍          

 

പ്രളയ പുനരധിവാസത്തിന്റെ ഭാഗമായ റീബില്‍ഡ് കേരളയിലൂടെ നിര്‍മ്മാണം   പൂര്‍ത്തിയാക്കിയ മൂന്നു വീടുകള്‍ ജില്ലാ കലക്ടര്‍ എച്ച്.ദിനേശന്‍ സന്ദര്‍ശിച്ചു.  ഇടുക്കി താലൂക്കിലെ വിമലഗിരി  സ്വദേശി പെരുന്താനത്ത് അഗസ്റ്റിന്‍ മാത്യു,   കഞ്ഞിക്കുഴി പഴയരികണ്ടം സ്വദേശി കുരാപ്പിളളില്‍ റഷീദ്,  വെണ്‍മണി സ്വദേശിനി എടപ്പറമ്പത്ത് അഞ്ജു സുധീഷ് എന്നിവരുടെ വീടുകളാണ് കളക്ടര്‍ സന്ദര്‍ശിച്ചത്.  ഗൃഹപ്രവേശത്തിന് ഓണക്കോടിയും ഓണകിറ്റും ഗ്യാസ് സ്റ്റൗവും  കളക്ടര്‍ ഓണസമ്മാനമായി കുടുംബങ്ങള്‍ക്ക് നല്‍കി. നിലവിളക്കും മെഴുകുതിരി കത്തിച്ചും, നാടമുറിച്ചും ഓണാശംസകളും ഐശ്വര്യ പൂര്‍ണമായ പുതുജീവതം നേര്‍ന്നും കലക്ടറും കുടുംബങ്ങളുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നു. കഴിഞ്ഞ വര്‍ഷം പ്രളയത്തെ തുടര്‍ന്നുണ്ടായ  ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലുമാണ് ഇവരുടെ വീടുകള്‍ പൂര്‍ണമായി നഷ്ടപ്പെട്ടത്.

പ്രളയത്തില്‍ വീട് നഷ്ടമായ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. 600 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ 2 മുറി, ഹാള്‍, അടുക്കള, ശുചിമുറി എന്നിവയടക്കം എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ടൈല്‍പാകിയ വീടിയാണ് റീബില്‍ഡ് പദ്ധതിയിലൂടെ ഗുണഭോക്താക്കള്‍ നിര്‍മിച്ചിരിക്കുന്നത്. എല്ലാം നഷ്ടപ്പെട്ട തങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായങ്ങള്‍ പുതുജീവിതം ആരംഭിക്കാന്‍ സഹയമായെന്ന് ദുരന്തത്തെ അതീജീവിച്ച കുടുംബങ്ങള്‍ പറയുന്നു.  പുതുഭവനത്തിന്റെ ഗൃഹപ്രവേശത്തിന്റെയും ഓണത്തിരക്കിലുമാണ് കുടുംബാംഗങ്ങള്‍. 

വിമലഗിരി  സ്വദേശി പെരുന്താനത്ത് അഗസ്റ്റിന്‍ മാത്യു ഉരുള്‍ പൊട്ടല്‍ ഭീഷണിയെ തുടര്‍ന്ന് ക്യാമ്പിലായിരുന്നു താമസം. രണ്ട് ദിവസത്തിന് ശേഷം ക്യാമ്പില്‍ നിന്ന് തിരിച്ചെത്തിയ അഗസ്റ്റിന്‍ മാത്യുവിന് കാണാനായത് ഉരുളെടുത്ത് പൂര്‍ണമായി തകര്‍ന്ന വീടായിരുന്നു. ഉരുള്‍പൊട്ടലില്‍  15 സെന്റ് കൃഷി സ്ഥലവും അഗസ്റ്റിന്‍ മാത്യുവിന് നഷ്ടമായി. എല്ലാം നഷ്ടമായ നിമിഷങ്ങള്‍ മറക്കാന്‍ ശ്രമിക്കുമ്പോളും  പുതുജീവിതം സമ്മാനിച്ച സര്‍ക്കാറിനും ജില്ലാ ഭരണകൂടത്തിനും അഗസ്റ്റിന്‍ നന്ദി പറയുന്നു. ഭാര്യ ജസിയും മക്കളായ ജീനയും നവ്യയും അടങ്ങുന്നതാണ് മാത്യുവിന്റെ കുടുംബം.

സ്വപ്നതുല്യമായ അതിജീവനമാണ് വെണ്‍മണി സ്വദേശി സുധീഷിന്റേത്. പ്രളയത്തെ തുടര്‍ന്ന് വീടിനടിയില്‍ നിന്നുണ്ടായ ഉറവയാണ് സുധീഷിന്റെ വീട് പൂര്‍ണമായി തകര്‍ത്തത്. സര്‍ക്കാര്‍ സഹായവും തന്റെ അധ്വാനവുംകൊണ്ട് പഴയതിലും മികച്ച വീടാണ് സുധീഷ് നിര്‍മ്മിച്ചിരിക്കുന്നത്. സര്‍ക്കാര്‍ സഹായത്തിനൊപ്പം ബന്ധക്കളും സുഹൃത്തുക്കളും ഒപ്പം ചേര്‍ന്നതോടെ സുധീഷിന്റെ സ്വപ്നം ഭവനം യാഥാര്‍ഥ്യമാകുകയായിരുന്നു.

ക്യാമ്പ് വിട്ടശേഷം ഒരു വര്‍ഷത്തോളം വാടകയ്ക്ക് താമസിച്ച ശേഷമാണ് പഴയിരിക്കണ്ടം സ്വദേശി റഷീദ്  റീബില്‍ഡ് പദ്ധതിയില്‍ വീട് നിര്‍മ്മിക്കുന്നത്. പുതിയ ഭവനത്തില്‍ താമസം ആരംഭിക്കാനായതിന്റെ സന്തോഷവും റെഷീദിന്റെ ഭാര്യ റംസീന റഷീദ് പങ്കുവെച്ചു.

ഇടുക്കി തഹസില്‍ദാര്‍ വിന്‍സന്റ് ജോസഫ്്, ജില്ലാ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് എഡിറ്റര്‍ എന്‍.ബി ബിജു, ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.പ്രവീണ്‍,  കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരി രാജന്‍, വൈസ് പ്രസിഡന്റ് ജോസ് പൗലോസ്, പഞ്ചായത്തംഗങ്ങളായ പുഷ്പ വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവരും കളക്ടര്‍ക്ക് ഒപ്പമുണ്ടായിരുന്നു.

date