Skip to main content

കേന്ദ്രസംഘം മഴക്കെടുതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

നത്ത മഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും ജില്ലയിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താനെത്തിയ കേന്ദ്ര സംഘം ഇരിട്ടി താലൂക്കിലെ മഴക്കെടുതി ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. മഴ കനത്ത നാശം വിതച്ച കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍, ഉളിക്കല്‍, പഞ്ചായത്തുകള്‍, മട്ടന്നൂര്‍ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ പ്രളയബാധിത പ്രദേശങ്ങളാാണ് കേന്ദ്ര ആഭ്യന്തര ജോയിന്റ് സെക്രട്ടറി ശ്രീപ്രകാശ്, കൃഷി മന്ത്രാലയം ഡയറക്ടര്‍ ഡോ കെ മനോഹരന്‍, ധന മന്ത്രാലയം ഡയറക്ടര്‍ എസ് സി മീണ, ഊര്‍ജ മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടര്‍ ഒ പി സുമന്‍ എന്നിവരടങ്ങുന്ന സംഘം സന്ദര്‍ശനം നടത്തിയത്.
മഴക്കെടുതി മൂലം ജില്ലയിലെ റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍, കൃഷി തുടങ്ങിയവയ്ക്കുണ്ടായ നാശ നഷ്ടങ്ങള്‍ നേരില്‍ കണ്ടതായി സംഘത്തിന് നേതൃത്വം നല്‍കുന്ന കേന്ദ്ര ആഭ്യന്തര ജോയിന്റ് സെക്രട്ടറി ശ്രീപ്രകാശ് പറഞ്ഞു. മറ്റു ജില്ലകളില്‍ സന്ദര്‍ശനം നടത്തുന്ന കേന്ദ്ര സംഘവുമായി നാളെ (സപ്തംബര്‍ 20) തിരുവനന്തപുരത്ത് ചര്‍ച്ച നടത്തിയ ശേഷം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. രണ്ടാഴ്ചയ്ക്കകം കേന്ദ്ര സര്‍ക്കാരിന് പ്രളയ നഷ്ടത്തെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.  
രാവിലെ ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന അവലോകന യോഗത്തില്‍ ജില്ലയിലുണ്ടായ മഴക്കെടുതി നാശനഷ്ടങ്ങളെ കുറിച്ച് കലക്ടര്‍ വിശദീകരിച്ചു. ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം രൂക്ഷമായ മഴക്കെടുതികളാണ് ഈ വര്‍ഷം ജില്ലയിലുണ്ടായതെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പറഞ്ഞു. ആഗസ്തിലുണ്ടായ മഴക്കെടുതിയില്‍ 11 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 133 വീടുകള്‍ പൂര്‍ണമായും വീടുകള്‍ 2026 ഭാഗികമായും തകര്‍ന്നു. റോഡുകള്‍, പാലങ്ങള്‍, കൃഷി, മല്‍സ്യ-മൃഗസമ്പത്ത്, കടകള്‍, വ്യവസായ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, ഇലക്ട്രിസിറ്റി ബോര്‍ഡ്, ജലസേചന വകുപ്പ് തുടങ്ങിയവയ്ക്കുണ്ടായ നഷ്ടം ജില്ലാകലക്ടര്‍ വിശദീകരിച്ചു. ജില്ലയിലെ മഴക്കെടുതി ദൃശ്യങ്ങളുടെ വീഡിയോ പ്രദര്‍ശനവും സംഘത്തിനായി നടത്തി.  
ശക്തമായ കാറ്റില്‍ കടകള്‍ക്കും കൃഷിക്കും വ്യാപകമായ നാശനഷ്ടങ്ങളുണ്ടായ കണിച്ചാറിലാണ് കേന്ദ്ര സംഘം ആദ്യം സന്ദര്‍ശനം നടത്തിയത്. ശക്തമായ മഴയില്‍ ഭൂമി വിണ്ടുകീറിയതിനെ തുടര്‍ന്ന് വീടുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ച കേളകം പഞ്ചായത്തിലെ ശാന്തിഗിരി, കൊട്ടിയൂര്‍ പഞ്ചായത്തിലെ നീണ്ടുനോക്കി, ബാവലിപ്പുഴ വഴി മാറി ഒഴുകിയതിനെ തുടര്‍ന്ന് വീടുകള്‍ക്ക് ഭീഷണിയാവും വിധം കരയിടിച്ചിലുണ്ടായ ചുങ്കക്കുന്ന് എന്നിവിടങ്ങളും സംഘം സന്ദര്‍ശിച്ചു. ശക്തമായ കുത്തൊഴുക്കില്‍ ഭാഗികമായി തകര്‍ന്ന നുച്യാട് പാലം, 10 മീറ്ററോളം നീളത്തില്‍ പൂര്‍ണമായും തകര്‍ന്ന മട്ടന്നൂര്‍ കാര കനാല്‍ റോഡ് എന്നിവയും സംഘം നേരില്‍ കണ്ടു.   ഉരുള്‍പൊട്ടലില്‍ തകര്‍ന്ന പ്രദേശങ്ങളില്‍ നാശനഷ്ടമുണ്ടായ വീടുകളുടെ ഉടമകളോടും പ്രദേശവാസികളോടും സംഘം വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, സബ് കലക്ടര്‍ ആസിഫ് കെ യൂസഫ്, അസിസ്റ്റന്റ് കലക്ടര്‍ ഡോ. ഹാരിസ് റഷീദ്, ഡെപ്യൂട്ടി കലക്ടര്‍ (ഡിഎം) എന്‍ കെ എബ്രഹാം, ഇരിട്ടി തഹസില്‍ദാര്‍ കെ കെ ദിവാകരന്‍, പയ്യന്നൂര്‍ തഹസില്‍ദാര്‍ ബാലഗോപാലന്‍, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലെ ഹസാഡ് അനലിസ്റ്റ് ഡോ. ശ്രീജ, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംഘത്തോടൊപ്പമുണ്ടായിരുന്നു.

date