Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
കലക്ടറേറ്റ് സ്റ്റാഫ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി എ ഡി എം ഇ പി മേഴ്‌സി ഉദ്ഘാടനം ചെയ്തു. ഡോ. പി കെ ലേഖ ക്യാമ്പിന് നേതൃത്വം നല്‍കി.  മലബാര്‍ ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
പി എന്‍ സി/3199/2019  

ക്വട്ടേഷന്‍ ക്ഷണിച്ചു
ഗവ. ബ്രണ്ണന്‍ കോളേജില്‍ സ്‌പോര്‍ട്‌സ് ഉപകരണങ്ങളും ജേഴ്‌സികളും വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി സപ്തംബര്‍ 26 അഞ്ച് മണി. ഫോണ്‍. 0490 2346027.
പി എന്‍ സി/3200/2019

അരങ്ങ്; ജില്ലാ കലോത്സവം 21 മുതല്‍
കുടുംബശ്രീ അംഗങ്ങളുടെ കലാ-കായിക വികസനം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന കലാകായികമേള അരങ്ങിന്റെ ജില്ലാതല കലോത്സവം സപ്തംബര്‍ 21, 22 തീയതികളില്‍ നടക്കും. സപ്തംബര്‍ 22 ന് രാവിലെ 9.30 ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. മട്ടന്നൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് തുടങ്ങിയവര്‍ പങ്കെടുക്കും.
പി എന്‍ സി/3201/2019

ടെലിവിഷന്‍  ജേര്‍ണലിസം: അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സിന്റെ  2019 -2020 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്കും അവസാന വര്‍ഷ ഡിഗ്രി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി  30 വയസ്സ്. മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്,  പ്ലേസ്‌മെന്റ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പ്രിന്റ് ജേര്‍ണലിസം, ഓണ്‍ലൈന്‍ ജേര്‍ണലിസം, മൊബൈല്‍ ജേര്‍ണലിസം എന്നിവയിലും പരിശീലനം ലഭിക്കും .വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ksg.keltron.in എന്ന വെബ്‌സൈറ്റിലും അപേക്ഷാ ഫോറം ലഭിക്കും.  ക്ലാസ്സുകള്‍ സപ്തംബറില്‍ ആരംഭിക്കും. കേരള സ്റ്റേറ്റ് ഇലക്‌ട്രോണിക്‌സ് ഡവലപ്‌മെന്റ് ലിമിറ്റഡ് (കെഎസ്ഇഡിസി ലിമിറ്റഡ്) എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 200 രൂപയുടെ ഡി ഡി സഹിതം പൂരിപ്പിച്ച അപേക്ഷ സപ്തംബര്‍  30 നകം സെന്ററില്‍ ലഭിക്കണം. വിലാസം: കെല്‍ട്രോണ്‍ നോളജ്  സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി ജംഗ്ഷന്‍, വിമന്‍സ് കോളേജ്  റോഡ്, വഴുതക്കാട്, തിരുവനന്തപുരം, 695014. ഫോണ്‍. 8137969292
പി എന്‍ സി/3202/2019

സ്ഥലം ലേലം
കോടതി കുടിശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത എടക്കാട് അംശം ചിറക്കുതാഴെ ദേശം റി സ 9/2 (9/142) ല്‍പ്പെട്ട 1.38 ആര്‍ സ്ഥലം ഒക്‌ടോബര്‍ 24 ന് എടക്കാട് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ കണ്ണൂര്‍ താലൂക്കിലെ റവന്യു റിക്കവറി സെക്ഷനിലും എടക്കാട് വില്ലേജ് ഓഫീസിലും ലഭിക്കും.
പി എന്‍ സി/3203/2019

ആട് വളര്‍ത്തല്‍ പരിശീലനം
ജില്ലാ ആശുപത്രി കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ സപ്തംബര്‍ 24, 25 തീയതികളില്‍ ആട് വളര്‍ത്തലില്‍ പരിശീലനം നല്‍കുന്നു. പരിശീലന ക്ലാസില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് സപ്തംബര്‍ 20 ന് രാവിലെ 10 മണി മുതല്‍ പരിശീലന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ഓഫീസര്‍ അറിയിച്ചു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്ക് മാത്രമാണ് പ്രവേശനം. ഫോണ്‍. 0497 2763473
പി എന്‍ സി/3204/2019

തേക്ക് തടികളുടെ വില്‍പ്പന
വനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയില്‍ തേക്ക് തടികളുടെ ഒക്‌ടോബര്‍ മാസത്തെ വില്‍പ്പന ഒക്‌ടോബര്‍ മൂന്നിന് നടക്കും. ഓണ്‍ലൈന്‍ വഴി നടത്തുന്ന തടി ലേലത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് സൗജന്യ രജിസ്‌ട്രേഷന്‍ കോളയാടുള്ള കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയില്‍ സപ്തംബര്‍ 24 ന് രാവിലെ 10.30 ന് നടത്തും. രജിസ്‌ട്രേഷന്‍ നടത്താനാഗ്രഹിക്കുന്നവര്‍ പാന്‍കാര്‍ഡ്, ദേശസാല്‍കൃത ബാങ്ക് പാസ്ബുക്ക്, ആധാര്‍/തിരിച്ചറിയല്‍ കാര്‍ഡ്, ഇ മെയില്‍ അഡ്രസ്, ജി എസ് ടി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (കച്ചവടക്കാര്‍) എന്നിവ സഹിതം ഹാജരാകേണ്ടതാണ്. ഫോണ്‍. 0490 2302080, 8547602859.
പി എന്‍ സി/3205/2019

വാച്ച്മാനെ നിയമിക്കുന്നു
തോട്ടട ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നൈറ്റ് വാച്ച്മാന്‍തസ്തികയില്‍ താല്‍ക്കാലിക വാച്ച്മാനെ നിയമിക്കുന്നു. ഏഴാംതരം പാസാവുകയും ഡിഗ്രി യോഗ്യത ഇല്ലാത്തതുമായ ഉദ്യോഗാര്‍ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം സപ്തംബര്‍ 24 ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ സൂപ്രണ്ട് മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്. ഫോണ്‍. 0497 2835260.
പി എന്‍ സി/3206/2019

യൂത്ത് ക്ലബ്ബ് അവാര്‍ഡ്: അപേക്ഷാ തീയതി നീട്ടി
2018-19 വര്‍ഷത്തെ മികച്ച പ്രവര്‍ത്തനം നടത്തിയ യൂത്ത് ക്ലബ്ബിനുള്ള നെഹ്‌റു യുവകേന്ദ്ര അവാര്‍ഡിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി സപ്തംബര്‍ 25 വരെ നീട്ടി.   ആരോഗ്യ-കുടുംബക്ഷേമം, ശുചീകരണ-ശ്രമദാനപ്രവര്‍ത്തനം, തൊഴില്‍പരിശീലനം, നൈപുണ്യപരിശീലനം, സ്ത്രീശാക്തീകരണം, പരിസ്ഥിതിസംരക്ഷണം, സാക്ഷരതാ, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, സാമൂഹിക ക്ഷേമപ്രവര്‍ത്തനം,  ദേശീയ- അന്തര്‍ദേശീയ ദിനാചാരണങ്ങള്‍, ബോധവല്‍ക്കരണം തുടങ്ങിയ മേഖലകളില്‍ 2018 ഏപ്രില്‍ ഒന്ന് മുതല്‍ 2019 മാര്‍ച്ച് 31 വരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ്  അവാര്‍ഡ് നിര്‍ണയം. ജില്ലാതല അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെടുന്ന യൂത്ത് ക്ലബ്ബിന്  25000 രൂപയും പ്രശസ്തി പത്രവും നല്‍കും. കൂടാതെ ഒരു ലക്ഷം രൂപയുടെ സംസ്ഥാന അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യുന്നതുമാണ്.  സംസ്ഥാന അവാര്‍ഡ് നേടുന്ന പക്ഷം ദേശീയ അവാര്‍ഡിന് പരിഗണിക്കുകയും ചെയ്യും.  ദേശീയതലത്തില്‍ യഥാക്രമം അഞ്ച്, മൂന്ന്, രണ്ട് ലക്ഷം രൂപയാണ് അവാര്‍ഡ് തുക. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ അവാര്‍ഡ് ലഭിച്ച ക്ലബ്ബുകള്‍ ഈ വര്‍ഷം അപേക്ഷിക്കാന്‍ പാടില്ല. വിശദവിവരങ്ങള്‍ക്കും അപേക്ഷഫോറത്തിനും കണ്ണൂര്‍ തളാപ്പില്‍ പ്രവര്‍ത്തിക്കുന്ന നെഹ്‌റു യുവകേന്ദ്ര ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.  ഫോണ്‍. 04972 700881.
പി എന്‍ സി/3207/2019

date