Skip to main content

കുഷ്ഠരോഗ നിർണ്ണയം: അശ്വമേധം രണ്ടാംഘട്ടത്തിന് സെപ്റ്റംബർ 23 ന് ജില്ലയിൽ തുടക്കമാവും

കുഷ്ഠരോഗ നിർമ്മാർജ്ജനത്തിന്റെ ഭാഗമായി കുഷ്ഠരോഗബാധിതരെ ആരംഭത്തിൽ തന്നെ കണ്ടെത്തി ചികിത്സ നൽകുന്നതിനും കുഷ്ഠരോഗത്തിനെതിരായ ബോധവൽക്കരണം സൃഷ്ടിക്കുന്നതിനുമായി സംസ്ഥാനത്ത് നടപ്പിലാക്കുന്ന അശ്വമേധം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് ജില്ലയിൽ സെപ്റ്റംബർ 23 ന് തുടക്കമാവും. ജില്ലാതല ഉദ്ഘാടനം ചൂണ്ടൽ പഞ്ചായത്തിൽ മുരളി പെരുനെല്ലി എംഎൽഎ നിർവഹിക്കും. സെപ്റ്റംബർ 23 മുതൽ ഒക്‌ടോബർ ആറ് വരെയുളള ദിവസങ്ങളിൽ കുഷ്ഠരോഗ നിർണ്ണയ ഗൃഹസന്ദർശന പരിപാടികൾ ജില്ലയിൽ സംഘടിപ്പിക്കും. ജില്ലയിലെ മുഴുവുൻ വീടുകളിലും രണ്ടംഗ വളണ്ടിയർ ടീം സന്ദർശനം നടത്തും. കുഷ്ഠരോഗ ലക്ഷണങ്ങൾ അന്വേഷിക്കുകയും സംശയമുളളവർക്ക് റഫറൽ സ്ലിപ് നൽകുകയും ചെയ്യും. തുടർന്ന് ഇവർക്ക് ആവശ്യമായ ചികിത്സ ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നൽകും. മേഖലാടിസ്ഥാനത്തിൽ ഡെർമറ്റോളജിസ്റ്റ് പരിശോധിച്ച് രോഗം ഉറപ്പു വരുത്തുകയും സ്വകാര്യത ഉറപ്പു വരുത്തി ചികിത്സ ലഭ്യമാക്കുകയും ചെയ്യും. ആറ് മാസം മുതൽ 12 മാസം വരെയാണ് ചികിത്സ നൽക്കുക. ഡിസംബറിൽ നടത്തിയ അശ്വമേധം ഒന്നാം ഘട്ടത്തിലൂടെ 26 കുഷ്ഠരോഗബാധിതരെ ജില്ലയിൽ കണ്ടെത്തിയിരുന്നു. രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ജില്ലാതലത്തിൽ ആരോഗ്യസ്ഥാപനങ്ങളിലെ സൂപ്രണ്ടമാർക്കും സൂപ്പർവൈസർമാർക്കും ഹെൽത്ത് ഇൻസ്‌പെക്ടർമാർക്കും പരിശീലനം നൽകി കഴിഞ്ഞു. വോളണ്ടിയർമാർക്കുളള പ്രാദേശികതല പരിശീലനം പുരോഗമിക്കുകയാണ്. ജില്ലാതല ഉദ്ഘാടനത്തിനു പുറമേ ബ്ലോക്ക്, വാർഡ് തലങ്ങളിലും ഉദ്ഘാടനങ്ങൾ നടക്കും. ബോധവൽക്കരണ ക്ലാസ്സുകൾ, ക്വിസ്, പോസ്റ്റർ-പെയിന്റിങ് മത്സരങ്ങൾ, ഫ്‌ളാഷ് മോബ്, വിദ്യാർത്ഥി റാലികൾ, ഗാനാലാപനം, നോട്ടീസ് വിതരണം എന്നീ ബോധവൽക്കരണ പരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. സെപ്റ്റംബർ 24, 25, 26 തീയതികളിൽ വൈകീട്ട് അഞ്ച് മുതൽ ഒൻപത് വരെ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ റോഡ് ഷോകൾ നടത്തും. കളക്ടറേറ്റിൽ ചേർന്ന അവലോകനയോഗത്തിൽ എഡിഎം റെജി പി ജോസഫ്, ഡിഎംഒ ഡോ. കെ ജെ റീന, ഡിപിഎം ഡോ. ടി വി സതീശൻ, ജില്ലാ ലെപ്രസി ഓഫീസർ ഡോ. വി കെ മിനി, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

date