Skip to main content

ജൈവവളം നിർമ്മാണയൂണിറ്റുമായി ചെന്ത്രാപ്പിന്നി നേദ്യ കുടുംബശ്രീ

ജൈവവളം നിർമ്മിച്ച് എടത്തുരുത്തി പഞ്ചായത്തിൽ വിൽപന നടത്താൻ കുടുംബശ്രീ. ചെന്ത്രാപ്പിന്നി ഏഴാം വാർഡിലെ നേദ്യ കുടുംബശ്രീയിലെ അഞ്ച് അംഗങ്ങളാണ് ശ്രദ്ധ എന്ന പേരിൽ ജൈവവള യൂണിറ്റ് ആരംഭിച്ചത്. എടത്തുരുത്തി പഞ്ചായത്തിലെ ആദ്യത്തെ ജൈവവള യൂണിറ്റാണ് ശ്രദ്ധ. ചാണകം, ആട്ടിൻകാട്ടം, എല്ലുപൊടി, കപ്പലണ്ടി പിണ്ണാക്ക് എന്നിവയുടെ മിശ്രതം, ആട്ടിൻകാട്ടം, ചാണകം, വേപ്പിൻ പിണ്ണാക്ക്, പച്ചക്കറി കൃഷിയ്ക്ക് ഉപയോഗിക്കാൻ ആവശ്യമായ ജൈവ ലായനി എന്നിവയാണ് യൂണിറ്റിൽ ഉത്പാദിപ്പിക്കുന്നത്. ജൈവവളപ്രയോഗത്തിലൂടെ വിഷരഹിത ഭക്ഷ്യവസ്തുക്കൾ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഇതിന് ചുക്കാൻ പിടിച്ച നയന ഉണ്ണികൃഷ്ണൻ പറഞ്ഞു. നയനയുടെ വീടിന്റെ ചെറിയ സ്ഥലത്താണ് യൂണിറ്റിനായി മുറി പണിതിരിക്കുന്നത്. അമ്പതിനായിരം രൂപയുടെ പള്‌സറിങ്ങ് മെഷീനാണ് നിർമ്മാണപ്രവർത്തികൾക്കായി ഉപയോഗിക്കുന്നത്. മതിലകം ബ്ലോക്ക് പഞ്ചായത്തിൽനിന്ന് അനുവദിച്ച ഒന്നരലക്ഷം രൂപയാണ് മുടക്കുമുതൽ. ഇതിൽ 1.26 ലക്ഷം രൂപ സബ്സിഡിയാണ്. നയനയ്‌ക്കൊപ്പം നിത്യ സജീവ്, നിത സുനിൽ, പ്രിയദർശിനി രാധാകൃഷ്ണൻ, സീനത്ത് ഷാനവാസ് എന്നിവരാണ് യൂണിറ്റിന് പിന്നിൽ. മണ്ണിര കമ്പോസ്റ്റ് കൂടി ആരംഭിക്കാനുള്ള പദ്ധതിയിലാണ് ഇവർ.
 

date