Skip to main content

മഴക്കെടുതി: കേരളം പ്രത്യേക പാക്കേജ് ആവശ്യപ്പെടും

പ്രളയവും ഉരുൾപൊട്ടലും മൂലം സംഭവിച്ച നാശനഷ്ടങ്ങൾക്ക് കേന്ദ്രത്തിൽ നിന്ന് പ്രത്യേക പാക്കേജ് ആവശ്യപ്പെടുമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. കേരളത്തിന് സഹായകരമായ വിധത്തിൽ കൂടുതൽ പണം ലഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് നാശനഷ്ടങ്ങൾ നേരിൽക്കണ്ട് വിലയിരുത്താനെത്തിയ കേന്ദ്ര സംഘത്തോട് മന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര മാനദണ്ഡപ്രകാരം 2101.9 കോടി രൂപയുടെ നാശനഷ്ടം കണക്കാക്കി കേന്ദ്രസംഘത്തിന് മെമ്മോറാണ്ടം നൽകിയിട്ടുണ്ട്. ഇതിന്റെ പതിൻമടങ്ങ് പണം ലഭിച്ചെങ്കിൽ മാത്രമേ നാശനഷ്ടങ്ങൾക്ക് പരിഹാരം കാണാനാവൂ. അതിനാണ് പ്രത്യേക പാക്കേജ് തയ്യാറാക്കുന്നത്. ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടിയും കേന്ദ്ര സംഘവുമായുള്ള കൂടിക്കാഴ്ചയിൽ റവന്യു മന്ത്രിക്കൊപ്പം പങ്കെടുത്തു.
2018ലെ പ്രളയ ദുരന്തം സൃഷ്ടിച്ച നാശനഷ്ടങ്ങളിൽ നിന്ന് കരകയറുന്നതിനിടെയാണ് വീണ്ടും കേരളത്തെ ദുരന്തം ബാധിച്ചതെന്ന് മന്ത്രിമാർ കേന്ദ്ര സംഘത്തെ ബോധ്യപ്പെടുത്തി. കൃഷി, ജലസേചനം, റോഡ്, വൈദ്യുതി എന്നിവയുടെയെല്ലാം നാശനഷ്ടം സംബന്ധിച്ച വിശദാംശങ്ങൾ പ്രത്യേകമായി കേന്ദ്ര സംഘത്തിന് നൽകിയിട്ടുണ്ട്. ഉരുൾപൊട്ടൽ സംഭവിച്ച കവളപ്പാറയും പുത്തുമലയും സംഘം സന്ദർശിച്ചിരുന്നു. ഇവിടത്തെ ഭീകരാവസ്ഥ ബോധ്യപ്പെട്ടതായി അവർ യോഗത്തിൽ അറിയിച്ചു.
ഈ മാസം 16നാണ് ആഭ്യന്തരവകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീപ്രകാശിന്റെ നേതൃത്വത്തിൽ കേന്ദ്ര സംഘം എത്തിയത്. ഇവർ രണ്ടു ടീമുകളായി വിവിധ ജില്ലകൾ സന്ദർശിച്ചു. ഒരു സംഘം മലപ്പുറം, കണ്ണൂർ, വയനാട് ജില്ലകളും മറ്റൊരു സംഘം എറണാകുളം, തൃശൂർ, ആലപ്പുഴ ജില്ലകളും സന്ദർശിച്ചു. സംസ്ഥാന അഡീഷണൽ ചീഫ് സെക്രട്ടറിമാരായ വിശ്വാസ് മെഹ്ത്ത, ടി. കെ. ജോസ്, റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണു, ദുരന്ത നിവാരണം മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
പി.എൻ.എക്‌സ്.3380/19

date