Skip to main content

ബില്ല് നല്‍കാത്ത ഗ്യാസ് ഏജന്‍സികള്‍ക്കെതിരെ നടപടിയെടുക്കും

      പാചകവാതക സിലിണ്ടര്‍ വിതരണം ചെയ്യുമ്പോള്‍ ബില്‍ നിര്‍ബന്ധമായും നല്‍കണമെന്ന് എ.ഡി.എം എന്‍.എം മെഹറലി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പാചകവാതക വിതരണവുമായി ബന്ധപ്പെട്ട അദാലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബില്‍ നല്‍കാത്ത ഏജന്‍സികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ചില ഏജന്‍സികള്‍ ബില്‍ നല്‍കുന്നില്ലെന്ന പരാതി വ്യാപകമായി ഉയര്‍ന്നിരുന്നു. ഏജന്‍സികള്‍ ബില്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പരിശോധന നടത്തുമെന്നും നല്‍കാത്തവര്‍ക്കെതിരെ പിഴ ചുമത്തുകയും മറ്റു നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ബില്‍ തുക മാത്രം നല്‍കിയാല്‍ മതി
    ഉപഭോക്താക്കള്‍  ബില്ലില്‍ രേഖപ്പെടുത്തിയ തുക മാത്രം നല്‍കിയാല്‍ മതി. വിതരണ ചാര്‍ജടക്കം  ബില്ലില്‍ രേഖപ്പെടുത്തണമെന്നാണ് നിയമം. ബില്ലിലുള്ളതിനേക്കാള്‍ തുക നല്‍കേണ്ടതില്ല.  അഞ്ചുകിലോമീറ്റര്‍ ചുറ്റളവില്‍ സൗജന്യ വിതരണമാണ്. അഞ്ച് മുതല്‍ 10 കിലോമീറ്റര്‍ വരെ 30 രൂപയും 10 മുതല്‍ 15 കിലോമീറ്റര്‍ വരെ 35 രൂപയും 15 കിലോമീറ്ററിന് മുകളില്‍ 45 രൂപയുമാണ് ചാര്‍ജ് നല്‍കേണ്ടത്. ഗ്യാസ് ഏജന്‍സി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്നാണ് ദൂരം കണക്കാക്കേണ്ടത്. ചില ഏജന്‍സികള്‍ ഗോഡൗണില്‍ നിന്നുള്ള ദൂരം കണക്കാക്കി ചാര്‍ജ് ഈടാക്കാറുണ്ട്. ഇത് നിയമ വിരുദ്ധമാണെന്ന് ജില്ല സപ്ലൈ ഓഫീസര്‍ കെ.രാജീവ് പറഞ്ഞു.

പാചകവാതക സിലിണ്ടറില്‍ തൂക്കക്കുറവ് കാണുന്നതായി ചില ഉപഭോക്താക്കള്‍ പരാതി നല്‍കി. സംശയമുള്ള പക്ഷം ഉപഭോക്താക്കള്‍ക്ക് തൂക്കം അളക്കാന്‍ ആവശ്യപ്പെടാമെന്നും വിതരണക്കാരന്‍ വാഹനത്തില്‍ ത്രാസ് കരുതണമെന്നും സപ്ലൈ ഓഫീസര്‍ പറഞ്ഞു.  ചില അക്കൗണ്ടുകളില്‍  സബ്‌സിഡി തുക ലഭിക്കുന്നില്ലെന്ന പരാതിയും അദാലത്തില്‍ ഉയര്‍ന്നു.
സുരക്ഷാ പരിശോധന എടുക്കണം
    ഉപഭോക്താക്കള്‍ നിര്‍ബന്ധമായും സുരക്ഷാ പരിശോധന നടത്തണം. ഗ്യാസ് ഏജന്‍സി ജീവനക്കാര്‍ വീടുകളിലെത്തി പരിശോധിക്കും.  അഞ്ച് വര്‍ഷത്തിലൊരിക്കല്‍ പരിശോധന നടത്തിയാല്‍ മതി. നികുതിയടക്കം 238 രൂപയാണ് ചാര്‍ജായി നല്‍കേണ്ടത്. അപകടം സംഭവിച്ചാല്‍ സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമാണ് സഹായം ലഭിക്കുക.  പരിശോധനക്ക് സമ്മതിക്കാതിരുന്ന ഉപഭോക്താവിന് തന്നെ അപകടമുണ്ടായ സംഭവവും ജില്ലയില്‍ ഉണ്ടായിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റിട്ടും പരിശോധന നടത്താതിരുന്നതിനാല്‍ നഷ്ടപരിഹാരം ലഭിച്ചിരുന്നില്ല. പരിശോധനക്കെത്തുന്നവരുമായി ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് ജില്ല സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ചോര്‍ച്ചയുണ്ടായാല്‍ ടോള്‍ഫ്രീ നമ്പറില്‍ വിളിക്കാം
     വീട്ടില്‍ ഗ്യാസ് ചോര്‍ച്ചയുണ്ടായാല്‍ ഉടന്‍ ഏജന്‍സി നമ്പറില്‍ വിളിക്കണം. ഓരോ ഏജന്‍സിയിലും മൂന്ന് ഫോണ്‍ നമ്പറുകള്‍ നല്‍കിയിട്ടുണ്ടാവും. ഇതില്‍ വിളിച്ചിട്ട് കിട്ടുന്നില്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1906 ല്‍ വിളിക്കാം.
 

date