Skip to main content

ഓണക്കാലത്തെ സൗജന്യ റേഷന്‍- ജില്ലയില്‍ 7531 മെട്രിക് ടണ്‍ അരിയും 1235 മെട്രിക് ടണ്‍ ഗോതമ്പും വിതരണം ചെയ്തു

   ഓണത്തോടനുബന്ധിച്ച് ജില്ലയിലെ  പ്രളയം ബാധിച്ച 138 വില്ലേജുകളില്‍     നടത്തിയ സൗജന്യ റേഷന്‍ വിതരണം ഭാഗികമായി പൂര്‍ത്തിയായി. 7531 മെട്രിക് ടണ്‍ അരിയും 1235 മെട്രിക് ടണ്‍ ഗോതമ്പുമാണ് ഇതുവരെ വിതരണം ചെയ്തത്.  പ്രളയം ഏറെ ബാധിച്ച നിലമ്പൂരില്‍ മാത്രം  1081 മെട്രിക് ടണ്‍ അരിയും 172 മെട്രിക് ടണ്‍ ഗോതമ്പും വിതരണം ചെയ്തു.  സൗജന്യ റേഷന്‍ വിഹിതം ഈ മാസം 30 വരെ നല്‍കും.  ഇനിയും സൗജന്യ റേഷന്‍ വിഹിതം കൈപ്പറ്റാത്തവര്‍ റേഷന്‍ കടകളില്‍ നിന്ന്  30നകം കൈപ്പറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. റേഷന്‍ കൈപ്പറ്റുന്ന ഉപഭോക്താക്കള്‍ റേഷന്‍കട ഉടമകളില്‍ നിന്ന്  നിര്‍ബന്ധമായി ബില്ല്  ചോദിച്ചു വാങ്ങി സൗജന്യ റേഷന്‍ ഉറപ്പുവരുത്തണം.  സൗജന്യ റേഷന് ് വില ഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണിത്.
   കാലവര്‍ഷത്തെ തുടര്‍ന്ന് ജില്ലയിലെ പ്രളയം/ഉരുള്‍പൊട്ടല്‍ എന്നിവ ബാധിച്ച പ്രദേശങ്ങളിലെ മുഴുവന്‍ റേഷന്‍ ഉടമകള്‍ക്കും സെപ്തംബര്‍ മാസം അനുവദിച്ചിട്ടുള്ള റേഷന്‍വിഹിതത്തില്‍ നിന്ന്  അരി, ഗോതമ്പ് എന്നിവ സൗജന്യമായി നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. അപ്രകാരം ജില്ലയിലെ മുഴുവന്‍ വില്ലേജുകളെയും പ്രളയ ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ച് സൗജന്യ വിതരണം നടത്തുകയായിരുന്നു.    
   സര്‍ക്കാര്‍ നിര്‍ദേശത്തിനെ തുടര്‍ന്ന് സെപ്തംബര്‍ ഏഴുമുതലാണ് ജില്ലയില്‍ റേഷന്‍ കടകളിലൂടെ സൗജന്യ റേഷന്‍ വിതരണം ആരംഭിച്ചത്. എന്നാല്‍ സെപ്തംബര്‍ മാസത്തെ വിഹിതം സര്‍ക്കാര്‍ നിര്‍ദേശത്തിന് മുന്‍പ് തന്നെ ഉപഭോക്താക്കള്‍ സെപ്തംബര്‍ ഒന്നു മുതല്‍ ആറു വരെ വില നല്‍കി കൈപ്പറ്റിയിരുന്നു. അത്തരത്തില്‍ വില നല്‍കി റേഷന്‍ കൈപ്പറ്റിയവരുടെ സൗജന്യ റേഷന്‍ വിഹിതവുമായി ബന്ധപ്പെട്ടുള്ള തീരുമാനങ്ങള്‍ പത്ര മാധ്യമങ്ങളിലൂടെ ഉപഭോക്താക്കളെ ഉടന്‍ അറിയിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
 

date