Skip to main content
തളിപ്പറമ്പില്‍ കഞ്ചാവുമായി പിടിയിലായ നിവേദ്

തളിപ്പറമ്പില്‍ 2.15 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍ പിടിയിലായത് വിതരണ ശൃംഖലയിലെ പ്രധാന കണ്ണി

തളിപറമ്പ് ടൗണില്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വന്‍ കഞ്ചാവ് വേട്ട. 2.15 കിലോഗ്രാം കഞ്ചാവുമായി പുഴാതി പടിഞ്ഞാറെ മൊട്ട നിഷാ നിവാസിലെ സി പി നിവേദാണ് (21 വയസ്സ്) പിടിയിലായത്. ഇന്നലെ (സപ്തംബര്‍ 21) ഉച്ചയ്ക്കു ശേഷം രണ്ടരയോടെ തളിപ്പറമ്പ് ടൗണിലെ ടി പി മെഡിക്കല്‍സിന് മുന്‍വശം വച്ച് തളിപറമ്പ് റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി വി പ്രഭാകരന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. സംശയം തോന്നിയതിനെ തുടര്‍ന്ന് ഇയാളുടെ ബാഗ് പരിശോധിച്ച സംഘം രണ്ട് പൊതികളിലായി സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
ജില്ലയിലെ കഞ്ചാവ് വിതരണ ശൃംഖലയിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. തളിപ്പറമ്പില്‍ ഉള്‍പ്പെടെയുള്ള വിദ്യാലയങ്ങളും മറ്റും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് മാഫിയക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്നത് ഇയാളാണ്. ബാംഗ്ലൂരില്‍ കോള്‍ സെന്ററിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ കെ വി ഗിരീഷ്, പി കെ രാജീവന്‍, കെ രാജേഷ്, പി പി മനോഹരന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി പി രജിരാഗ്, എസ് എ ഇബ്രാഹിം ഖലീല്‍, കെ മുഹമ്മദ് ഹാരിസ്, കെ വിനീഷ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി ജിഷ, സി ആരതി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

date