Skip to main content

ഗവേഷണത്തിലൂടെ ആയൂര്‍വേദ സമ്പ്രദായം കൂടുതല്‍ ശക്തിപ്പെടുത്തണം: ഉപരാഷ്ട്രപതി

 

      ആയുര്‍വേദ സമ്പ്രദായത്തിലെ പരമ്പരാഗത അറിവ് ഇപ്പോഴും പൂര്‍ണ്ണമായി പര്യവേക്ഷണം ചെയ്യപ്പെട്ടിട്ടില്ലെന്നും ഗവേഷണത്തിലൂടെ ആയുര്‍വേദം കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു പറഞ്ഞു. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലാ സ്ഥാപകന്‍ പി.എസ് വാരിയരുടെ 150 ാം ജ•ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ പ്രമുഖ ശാസ്ത്ര സ്ഥാപനങ്ങളുമായി ചേര്‍ന്ന് കോട്ടയ്ക്കല്‍ ആര്യവൈദ്യശാല നടത്തുന്ന ഗവേഷണം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. 
    ഔഷധസസ്യങ്ങളുടെ കലവറയാണ് നമ്മുടെ നാട്. പുതിയ ഔഷധ സസ്യങ്ങള്‍ കണ്ടെത്തുന്നതിനും അവയുടെ ഗുണങ്ങള്‍ മനസ്സിലാക്കി ഇത്തരം സസ്യങ്ങള്‍ സംരക്ഷിക്കുന്നതിനുമായിരിക്കണം ആയുര്‍വേദത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ മുഖ്യപരിഗണന നല്‍കേണ്ടത്. ആയുര്‍വേദം ആഗോളതലത്തില്‍ അംഗീകാരമുള്ള ആരോഗ്യസംരക്ഷണ ശാസ്ത്രമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഒരു വൈദ്യശാസ്ത്ര സമ്പ്രദായം മാത്രമല്ല;  ജീവിതത്തിന്റെ ഒരു തത്ത്വചിന്ത കൂടിയാണ് ആയുര്‍വേദം. ഇന്ത്യ ഭരിച്ച വിദേശ ഭരണാധികാരികളുടെ നിസ്സഹകരണങ്ങളെയും മറികടന്ന ചരിത്രമാണ് ആയുര്‍വേദത്തിനുള്ളത്. ആയുര്‍വേദ പാരമ്പര്യത്തെ നാം സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. ഔഷധസസ്യങ്ങള്‍ ഉപയോഗിച്ചുള്ള പുരാതന വൈദ്യശാസ്ത്ര സമ്പ്രദായങ്ങള്‍ ലോകമെമ്പാടും നിലവിലുണ്ട്. പ്രകൃതിദത്ത ചികിത്സാരീതികളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് വിവിധ രാജ്യങ്ങള്‍ക്കിടയില്‍ ചികിത്സാസമ്പ്രദായങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടണം. 
   ലോകമെമ്പാടും ആയുര്‍വേദം കൂടുതലായി അംഗീകരിക്കപ്പെടുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പ്രത്യേകിച്ചും സാംക്രമികേതര രോഗങ്ങള്‍, പേശീ-അസ്ഥികൂട തകരാറുകള്‍,  ജീവിതശൈലി രോഗങ്ങള്‍ എന്നിവയുടെ ചികിത്സയില്‍. നമ്മുടെ രാജ്യത്ത് ജീവിതശൈലി രോഗങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ രോഗങ്ങളുടെ ചികിത്സയില്‍ നിന്ന് മാറി അവയുടെ പ്രതിരോധത്തിലേക്ക് നമ്മുടെ ശ്രദ്ധ തിരിക്കേണ്ടത് അത്യാവശ്യമാണ്. ആയുര്‍വേദ സമ്പ്രദായങ്ങളും ആരോഗ്യ പരിഹാരങ്ങളും യോഗയും മറ്റ് ശാരീരിക വ്യായാമങ്ങളും ഈ ജീവിതശൈലി സംബന്ധമായ അസുഖങ്ങളെ തടയുന്നതിനും നിയന്ത്രിക്കുന്നതിനും ഫലപ്രാപ്തി തെളിയിച്ചിട്ടുള്ളതാണ്. ചികിത്സയുടെ ഫലപ്രാപ്തി വര്‍ധിപ്പിക്കുന്നതിനായി ആയുര്‍വേദം പോലുള്ള പരമ്പരാഗത സംവിധാനങ്ങളെ ആധുനിക അലോപ്പതി സമ്പ്രദായവുമായി സമന്വയിപ്പിക്കുകയും യോജിപ്പിക്കുകയും ചെയ്യണം. ഇന്ത്യന്‍ വൈദ്യശാസ്ത്രത്തിന്റെ പരമ്പരാഗത സംവിധാനങ്ങളുടെ ഉന്നമനത്തിനായി ആയുഷ് മന്ത്രാലയവും ആയുഷ് വകുപ്പും മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്. 
    ലോകത്തിന്റെ ക്ഷേമ തലസ്ഥാനമാകാനുള്ള കഴിവ് നമ്മുടെ രാജ്യത്തിനുണ്ട്. ശാരീരിക ആരോഗ്യം മാത്രമല്ല, മാനസികവും ആത്മീയവുമായ ക്ഷേമം വളര്‍ത്തുന്ന നൂറ്റാണ്ടുകളുടെ പഴക്കമുള്ള പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങളും ആരോഗ്യ സമ്പ്രദായങ്ങളും നമ്മുടെ രാജ്യത്തിന്റെ മാത്രം പ്രത്യേകതയാണ്.  പുരാതന കാലം മുതല്‍, രോഗങ്ങളുടെ ചികിത്സയുമായി ബന്ധപ്പെട്ട് വളരെ ആസൂത്രിതവും ശാസ്ത്രീയവും യുക്തിസഹവുമായ സമീപനമാണ് ഇന്ത്യയിലുണ്ടായിരുന്നത്. 
   കഴിഞ്ഞ നൂറ്റാണ്ടില്‍ ആയുര്‍വേദത്തിന്റെ നവോത്ഥാനം കൊണ്ടുവന്ന മഹാനായ ദാര്‍ശകനികനായിരുന്നു വൈദ്യരത്നം പി.എസ് വാരിയര്‍. ആയുര്‍വേദത്തിന്റെ പരമ്പരാഗത ശാസ്ത്രത്തില്‍ ആധുനിക വിജ്ഞാനത്തിന്റെ തത്വങ്ങളും രീതികളും ഉള്‍പ്പെടുത്തുന്നതില്‍ മിടുക്കുകാണിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ആയുര്‍വേദത്തിന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെയാണ് അദ്ദേഹം അവ ചെയ്തത്. ഗുണനിലവാരമുള്ള, ചെലവുകുറഞ്ഞ ആരോഗ്യ പരിരക്ഷ നല്‍കുകയെന്നത് തന്റെ ദൗത്യമായി അദ്ദേഹം കണക്കാക്കി. 95 വര്‍ഷം മുമ്പ് അദ്ദേഹം സ്ഥാപിച്ച ചാരിറ്റബിള്‍ ഹോസ്പിറ്റല്‍ അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഉത്തമ സാക്ഷ്യമാണ്. മികച്ച ചികിത്സകന്‍, അധ്യാപകന്‍, സംരംഭകന്‍, മനുഷ്യസ്‌നേഹി, അക്ഷര പ്രിയന്‍, കലാസ്നേഹി, ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പ്രതിനിധി തുടങ്ങി നിരവധി മേഖലകളില്‍ കഴിവു തെളിയിച്ച വ്യക്തിയായിരുന്നു പി.എസ് വാരിയറെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
     ഒരു ഭാഷയും നിര്‍ബന്ധപൂര്‍വം ആരും പഠിക്കേണ്ടതില്ല. മാതൃഭാഷക്ക് പ്രാധാന്യം നല്‍കിയാവണം വിദ്യാഭ്യാസം. പരമാവധി ഭാഷകള്‍ പഠിക്കാന്‍ നാം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. 
ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ തുടങ്ങിയവര്‍ സംസാരിച്ചു. ആര്യവൈദ്യശാലാ മാനേജിങ് ട്രസ്റ്റി ഡോ. പി.കെ വാരിയര്‍ സ്വാഗതവും ചീഫ് ഫിസിഷ്യന്‍ ഡോ. പി.എം വാരിയര്‍ നന്ദിയും പറഞ്ഞു.
 

date