Skip to main content

രക്ഷിതാക്കളെ സംരക്ഷിക്കാത്ത മക്കളുടെ സ്വത്ത് തിരിച്ചെടുക്കാം

    മക്കള്‍ക്ക് സ്വത്ത് എഴുതി നല്‍കിയെങ്കിലും അവര്‍ സംരക്ഷിക്കുന്നില്ലെങ്കില്‍ തിരിച്ചെടുക്കാമെന്ന് വനിത കമ്മീഷന്‍ അംഗം ഇ.എം രാധ പറഞ്ഞു. സ്വത്ത് ലഭിച്ച ശേഷം മക്കള്‍ സംരക്ഷിക്കാതിരിക്കുന്ന പരാതികള്‍ അദാലത്തില്‍ പരിഗണനക്ക് വരുന്നുണ്ട്.  എടപ്പാളില്‍  80 വയസ്സ് പ്രായമായ അമ്മയുടെ സ്വത്തില്‍ അമ്മയ്ക്ക് അവകാശമില്ലെന്ന് പറഞ്ഞ് മക്കള്‍ ഉപദ്രവിക്കുന്നു എന്ന പരാതിയും കമ്മീഷന്‍ പരിഗണിച്ചു. കഴിഞ്ഞ അദാലത്തില്‍ വന്ന പരാതിയായിരുന്നെങ്കിലും മക്കള്‍ ഹാജരായിരുന്നില്ല. മകനോട് ഇന്നലെ വീണ്ടും ഹാജരാകാന്‍ പറഞ്ഞിരുന്നെങ്കിലും ഹാജരായില്ല. അടുത്ത അദാലത്തിനും ഹാജരായില്ലെങ്കില്‍  ഹാജരാകത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അവര്‍ പറഞ്ഞു. ഭര്‍ത്താവിന് ശമ്പളം ലഭിക്കുന്നില്ലെന്ന് കാണിച്ച് ഭാര്യ നല്‍കിയ പരാതിയും അദാലത്തില്‍ പരിഗണിച്ചു. വകുപ്പ് തലത്തില്‍ പരിഹരിക്കേണ്ട ഇത്തരം പരാതികളും അദാലത്തില്‍ കൂടുതലായി വരുന്നുണ്ട്.  ഈ പ്രവണത അവസാനിപ്പിക്കേണ്ടതാണെന്നും കമ്മീഷന്‍ അംഗം പറഞ്ഞു.  
    57 പരാതികള്‍ അദാലത്തില്‍ പരിഗണിച്ചു. ഏഴെണ്ണം തീര്‍പ്പാക്കി. 21 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു. പരാതിക്കാരും എതിര്‍ കക്ഷിയും ഹാജരാകാതിരുന്ന 29 പരാതികളും അടുത്ത അദാലത്തില്‍ പരിഗണിക്കും. ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്ന അദാലത്തില്‍ അഡ്വ.ബീന തിരൂര്‍, അഡ്വ. രാജേഷ്  പുതുക്കാട് എന്നിവരും പങ്കെടുത്തു.
 

date