Skip to main content

സമൃദ്ധി ആര്‍ ആര്‍ എഫ് പ്രവര്‍ത്തനമാരംഭിച്ചു

അജൈവ ഖരമാലിന്യ മുക്ത ബ്ലോക്ക് പഞ്ചായത്ത് എന്ന ലക്ഷ്യത്തോടെ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ സമൃദ്ധി റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്റര്‍(ആര്‍.ആര്‍.എഫ്) ആരംഭിച്ചു. ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകള്‍, ശുചിത്വ മിഷന്‍, ഹരിതകേരളം മിഷന്‍ എന്നിവര്‍ സംയുക്തമായാണ് പദ്ധതി ആരംഭിച്ചത്. മണ്ണിന്റെയും മനുഷ്യന്റെയും ആയുസ്സിനായി എന്ന സന്ദേശവുമായി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിവരുന്ന മാതൃക പദ്ധതികളുടെ ഗണത്തില്‍ ഉള്‍പ്പെടുന്നതാണ് ഫെസിലിറ്റി സെന്ററെന്ന് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു പറഞ്ഞു.

64 ലക്ഷം രൂപയാണ് പദ്ധതിചെലവ്. വൃത്തിയാക്കിയ പ്ലാസ്റ്റിക്കുകള്‍ ഹരിതകര്‍മ്മസേന വീടുകളില്‍നിന്ന് ശേഖരിച്ച് പഞ്ചായത്തുകളില്‍ ആരംഭിച്ച മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയില്‍ എത്തിക്കും. തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് അനുവദിക്കുന്ന ദിവസങ്ങളില്‍ ഓരോ പഞ്ചായത്തും എം സി എഫില്‍ സംഭരിച്ച പ്ലാസ്റ്റിക്, ബ്ലോക്കിലെ ആര്‍ ആര്‍ എഫില്‍ എത്തിച്ച് സംസ്‌കരിക്കും. ഹരിതകര്‍മസേന അംഗങ്ങള്‍ക്കും ഇതിലൂടെ വരുമാനം ലഭിക്കുന്നു. റോഡ് നിര്‍മാണത്തിന് ആവശ്യമായ പ്ലാസ്റ്റിക്ക് സ്റ്റോറില്‍ ശേഖരിച്ച ശേഷം ബാക്കിയുള്ളവ ക്ലീന്‍ കേരള കമ്പനിയ്ക്ക് കൈമാറും. ആര്‍.ആര്‍.എഫില്‍ എത്തുന്നവയെ തരംതിരിക്കാനും ടാറിങ് പ്രക്രിയയ്ക്ക് അനുയോജ്യമായ തരത്തില്‍ മാറ്റുന്നതിനുമായി അഞ്ചു പേരടങ്ങുന്ന കുടുംബശ്രീ ഗ്രൂപ്പ് സജ്ജമാണ്. യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിനു വേണ്ട പരിശീലനവും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്.

താമസിയാതെ പ്ലാസ്റ്റിക്കിനോടൊപ്പം ഇ-വേസ്റ്റ്,ഗ്ലാസ് എന്നിവയും സ്വീകരിക്കുമെന്നും അജൈവ ഖരമാലിന്യ വിമുക്ത ബ്ലോക്ക് പഞ്ചായത്തെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് പ്രദേശത്തെ എത്തിക്കാന്‍ കഴിയുമെന്നും പ്രസിഡന്റ് പറഞ്ഞു.
(പി.ആര്‍.പി. 1046/2019)

 

date