Skip to main content

ലൈഫ് മിഷന്‍ യോഗം ഇന്ന് (25.9)

ലൈഫ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും വേഗത്തിലാക്കുന്നതിനുമായി ലൈഫ് മിഷന്‍ ജില്ലാതല കര്‍മ്മസേനയുടെ യോഗം  നവകേരളം കര്‍മ്മപദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പിന്റെ സാന്നിധ്യത്തില്‍ സെപ്തംബര്‍ 25ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു. ജില്ലാകലക്ടര്‍ ചെയര്‍പേഴ്‌സണായ ജില്ലാതല കര്‍മ്മസേന കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  ചേരുന്ന യോഗത്തില്‍ പ്രത്യേക ക്ഷണിതാക്കളായി എം.പി, എം.എല്‍.എമാര്‍ , മുന്‍സിപ്പല്‍ ചെയര്‍മാന്‍, ജില്ലാ/ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ പങ്കെടുക്കും.
പൂര്‍ത്തീകരിക്കാത്ത ഭവനങ്ങളുടെ പൂര്‍ത്തീകരണവും ഭൂമിയുള്ള ഭവനരഹിതരുടെ ഭവന നിര്‍മ്മാണത്തിന്റെ നിര്‍മ്മാണ പുരോഗതിയും, ഭൂരഹിത ഭവനരഹിതരെ പുനരധിവസിപ്പിക്കുന്നതിനായുള്ള ഭവനസമുച്ചയങ്ങളുടെ നിര്‍മ്മാണത്തിനായി ഭൂമി കണ്ടെത്തുന്നത് സംബന്ധിച്ചതുമായ കാര്യങ്ങള്‍ യോഗത്തില്‍ അവലോകനം ചെയ്യും.
ജില്ലാമിഷന്റെ മേല്‍നോട്ടത്തില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ ക്രോഡീകരിച്ച് ജില്ലാ ദൗത്യരേഖ തയ്യാറാക്കുക, ജില്ലയിലെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി അവലോകനം ചെയ്ത് സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട നടപടി സ്വീകരിക്കുക, സാങ്കേതിക സഹായം ലഭ്യമാക്കുന്നതിനുള്ള വിദഗ്ധരുടെ ജില്ലാതല സംഘത്തെ കണ്ടെത്തി ചുമതല നിറവേറ്റുന്നതിന് പ്രാപ്തരാക്കുക, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സാങ്കേതിക സഹായം ആവശ്യമായി വരുന്ന സന്ദര്‍ഭത്തില്‍ വിദഗ്ധരുടെ സംഘത്തില്‍ നിന്നോ ഗവേഷണ വികസന പ്രൊഫഷണല്‍ സ്ഥാപനങ്ങളില്‍ നിന്നോ അനുയോജ്യരായവരുടെ സേവനം യഥാസമയം ലഭ്യമാക്കുക, ജില്ലാമിഷന്റെ ജില്ലാ ആസൂത്രണ സമിതിയുടെ/ ജില്ലാകലക്ടറുടെ ഇടപെടല്‍ ആവശ്യമായി വരുന്ന ഘട്ടങ്ങളില്‍ വിഷയം ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണുക, സംസ്ഥാനതലത്തില്‍ തീരുമാനം ആവശ്യമായ സംഗതികളില്‍ അതിനുവേണ്ട പ്രൊപ്പോസല്‍ തയ്യാറാക്കി സമര്‍പ്പിക്കുക, മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് പൂര്‍ണ്ണമായി ഡോക്യുമെന്റ് ചെയ്യുക, തദ്ദേശഭരണ സ്ഥാപന തലങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഡോക്യുമെന്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക,  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വര്‍ക്കിംഗ് ഗ്രൂപ്പുകളുടെയും റിസോഴ്‌സ് പേഴ്‌സണ്‍മാരുടെയും കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പാക്കുക, അവയെ ശാക്തീകരിക്കുക എന്നിവയാണ് ജില്ലാതല കര്‍മ്മസേനയുടെ ചുമതലകള്‍.
 

date