Skip to main content

സ്വച്ഛതാ ഹി സേവാ കാമ്പയിൻ: ഒക്ടോബർ രണ്ടിന് ശുചീകരണം നടത്തും

ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തിലുള്ള സ്വച്ഛതാ ഹി സേവാ കാമ്പയിന്റെ ഭാഗമായി ജില്ലയിൽ ഒക്ടോബർ രണ്ടിന് സ്‌കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ ജില്ലാ കലക്ടർ എസ്. ഷാനവാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. സ്‌കൂളുകളിൽ പ്ലാസ്റ്റിക് മാലിന്യ വിരുദ്ധ പ്രതിജ്ഞ ചൊല്ലും. ജില്ലാതല ഉദ്ഘാടനം തൃശൂർ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തും. പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രാദേശിക തലത്തിൽ ശേഖരിക്കും. പ്ലാസ്റ്റിക് ക്യാരിബാഗുകൾക്കെതിരായ കാമ്പയിന്റെ ഭാഗമായി സ്‌കൂൾ വിദ്യാർഥികൾക്ക് തുണിസഞ്ചികൾ വിതരണം ചെയ്യാൻ കളക്ടർ നിർദേശിച്ചു.
ശുചിത്വമിഷന്റെ കളക്ടേഴ്സ് അറ്റ് സ്‌കൂൾ പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളിൽനിന്ന് മാലിന്യം തരംതിരിച്ച് സംസ്‌കരിക്കുന്നതിനായി ചവറ്റുകൊട്ടകൾ സ്ഥാപിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പദ്ധതി തയാറാക്കി സെപ്റ്റംബർ 27ഓടെ സമർപ്പിക്കാൻ കലക്ടർ നിർദേശം നൽകി. കടലാസ്, പാൽ കവറുകൾ, കനം കുറഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ, കട്ടിയുള്ള പ്ലാസ്റ്റിക് കുപ്പികൾ എന്നിങ്ങനെ നാല് തരത്തിലാണ് പ്ലാസ്റ്റിക് മാലിന്യം പുനരുപയോഗത്തിനായി ശേഖരിക്കുക. ഇവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ശേഖരിച്ച് സ്‌ക്രാപ് ഡീലർമാർ മുഖേന കയറ്റിയയക്കും. ജില്ലയിൽ പൈലറ്റ് പ്രോജക്ടായി മൂന്ന് സ്‌കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുക. ഇതിന് ശേഷമാണ് മറ്റ് സ്‌കൂളുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുക.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്, സ്ഥിരം സമിതി ചെയർപേഴ്സൻ പത്മിനി ടീച്ചർ, ചാലക്കുടി നഗരസഭ ചെയർപേഴ്സൻ ജയന്തി പ്രവീകുമാർ, ജില്ലാ പ്ലാനിംഗ് ഓഫീസർ ടി.ആർ. മായ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, സ്‌ക്രാപ് ഡീലർമാരുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
 

date