Skip to main content

പറമ്പിക്കുളം ആളിയാർ കരാർ പുനരവലോകനം ചെയ്യും; സെക്രട്ടറി തലത്തിൽ അഞ്ച് അംഗങ്ങൾ വീതമുള്ള കമ്മിറ്റി

അന്തർസംസ്ഥാന നദീജല കരാറുകൾ സംബന്ധിച്ച പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ ചേർന്ന കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പറമ്പിക്കുളം ആളിയാർ കരാർ പുനരവലോകനത്തിന് തീരുമാനമായി. ഇതിനായി ഇരു സംസ്ഥാനങ്ങളിലെയും വകുപ്പ് സെക്രട്ടറിമാരുടെ നേതൃത്വത്തിൽ അഞ്ച് അംഗങ്ങൾ വീതമുള്ള കമ്മിറ്റി രൂപീകരിക്കും. കമ്മിറ്റിയിൽ സാങ്കേതിക വിദഗ്ധർ ഉൾപ്പെടെയുള്ളവരുണ്ടാവും. കമ്മിറ്റിയുടെ ആദ്യ യോഗം സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി ഇടപ്പാടി കെ. പളനിസ്വാമിയും സംയുക്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ആനമലയാർ, നീരാർ-നല്ലാർ ഡൈവർഷനുകൾ, മണക്കടവ് വിഷയങ്ങളും ഇതേ കമ്മിറ്റി പരിശോധിക്കും. മറ്റു പ്രശ്‌നങ്ങളിൽ പരിഗണിക്കേണ്ട കാര്യങ്ങളുടെ അജണ്ടയും കമ്മിറ്റി തീരുമാനിക്കും. മുല്ലപ്പെരിയാറിൽ തമിഴ്‌നാടിന് വൈദ്യുതി നൽകാൻ തീരുമാനിച്ചു. ഇതോടൊപ്പം മറ്റു വിഷയങ്ങളും ചർച്ച ചെയ്തു പരിഹാരം കാണും. ഇരുസംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ ആറു മാസത്തിലൊരിക്കൽ യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തും. പാണ്ടിയാർ-പുന്നപ്പുഴ പദ്ധതി വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ കൂടി ഉൾപ്പെട്ട പ്രത്യേക കമ്മിറ്റി പരിശോധിക്കും.
പതിനഞ്ച് വർഷങ്ങൾക്കു ശേഷമാണ് ഇരു സംസ്ഥാനങ്ങളും ചർച്ച നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇരുസംസ്ഥാനങ്ങളിലുമുള്ളത് സഹോദരങ്ങളാണെന്ന ചിന്തയുണ്ടെങ്കിൽ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനാവുമെന്ന് അദ്ദേഹം യോഗത്തിൽ അഭിപ്രായപ്പെട്ടു. പ്രശ്‌നങ്ങൾ പരിഹരിക്കാൻ രണ്ടു സംസ്ഥാനങ്ങൾക്കും താത്പര്യമുണ്ട്. ഇതിന് അനുയോജ്യമായ ഫോർമുല കണ്ടെത്താനാവും. തമിഴ്‌നാട്ടിലെയും കേരളത്തിലെയും ജനങ്ങളും കർഷകരും സഹോദരങ്ങളാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ഇടപ്പാടി പളനിസ്വാമിയും പറഞ്ഞു. ഇത് നല്ല തുടക്കമാണെന്നും ചരിത്രനിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി, വനംവന്യജീവി വകുപ്പ് മന്ത്രി കെ. രാജു, വൈദ്യുതി മന്ത്രി എം. എം. മണി, തമിഴ്‌നാട് നഗരസഭാ ഭരണം ഗ്രാമ വികസന മന്ത്രി എസ്. പി. വേലുമണി, തമിഴ്‌നാട് ഡെപ്യൂട്ടി സ്പീക്കർ ഡോ. പൊള്ളാച്ചി വി. ജയരാമൻ, കേരള ചീഫ് സെക്രട്ടറി ടോം ജോസ്, തമിഴ്‌നാട് ചീഫ് സെക്രട്ടറി കെ. ഷൺമുഗം, കേരളത്തിന്റെ ആഭ്യന്തര ജലവിഭവ വകുപ്പ്  അഡീഷണൽ ചീഫ് സെക്രട്ടറി വിശ്വാസ് മെഹ്ത്ത, ജലവിഭവ വൈദ്യുതി വകുപ്പ് സെക്രട്ടറി ബി. അശോക്, നിയമ സെക്രട്ടറി പി. കെ. അരവിന്ദബാബു, കെ. എസ്. ഇ. ബി ചെയർമാൻ എൻ. എസ്. പിള്ള, ജോയിന്റ് വാട്ടർ റെഗുലേറ്ററി ബോർഡ് ജോ. ഡയറക്ടർ പി. സുധീർ, തമിഴ്‌നാട്ടിലെയും കേരളത്തിലെയും ബന്ധപ്പെട്ട വകുപ്പുകളിലെ സെക്രട്ടറിമാർ, എൻജിനിയർമാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
പി.എൻ.എക്‌സ്.3444/19

date