Skip to main content

പ്രളയ ധനസഹായ വിതരണം ഉടന്‍ പൂര്‍ത്തിയാക്കും

    പ്രളയബാധിതര്‍ക്കുളള അടിയന്തര ധനസഹായം നല്‍കാന്‍ ബാക്കിയുളളവര്‍ക്ക്  അടിയന്തരമായി തുക ലഭ്യമാക്കുന്നതിനുളള  നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഇന്ന് (സെപ്തംബര്‍ 26) വൈകീട്ട് 5 നകം നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് നിര്‍ദ്ദേശം. സോഫ്റ്റ് വെയറിന്റെ വേഗതക്കുറവും സാങ്കേതിക പ്രശ്‌നങ്ങളുമാണ് ധനസഹായ വിതരണത്തിന് കാലതാമസമുണ്ടാക്കിയതെന്ന് തഹസില്‍ദാര്‍മാര്‍ അറിയിച്ചു. ഇത്തവണ സംസ്ഥാനതലത്തിലാണ് ധനസഹായം വിതരണം ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ കഴിഞ്ഞ തവണപ്പോലെ ജില്ലാടിസ്ഥാനത്തില്‍ സംവിധാനം ഒരുക്കാന്‍ കഴിയുമോയെന്നും ജില്ലാഭരണകൂടം പരിശോധിക്കുന്നുണ്ട്. സോഫ്റ്റ് വെയറിന്റെ സാങ്കേതിക പ്രശ്‌നങ്ങള്‍ ഐടി മിഷന്റെ ശ്രദ്ധയില്‍പെടുത്താനും തീരുമാനിച്ചു. ധനസഹായ വിതരണത്തിനായി തയ്യാറാക്കിയ സോഫ്റ്റ് വെയറിലേക്ക് നല്‍കുന്ന വിവരങ്ങളുടെ കൃത്യത ഉറപ്പാക്കണമെന്നും ജില്ലാകളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജില്ലയില്‍ ആകെ 10,008 കുടുംബങ്ങള്‍ക്കാണ് അടിയന്തര ധനസഹായം ലഭിക്കേണ്ടത്. 2439 കുടുംബങ്ങള്‍ക്ക് ധനസഹായം ലഭിച്ചുകഴിഞ്ഞു. ഡാറ്റാ എന്‍ട്രി നടപടികള്‍ പൂര്‍ത്തിയായ അയ്യായിരത്തോളം കുടുംബങ്ങള്‍ക്ക് അടുത്ത ദിവസം പണം ലഭ്യമാകും.

    പുത്തുമല ഉരുള്‍പൊട്ടലുണ്ടായ വൈത്തിരി താലൂക്കിലാണ് അടിയന്തര ധനസഹായത്തിന് അര്‍ഹരായവരില്‍ കൂടുതല്‍ പേരും. വൈത്തിരിയില്‍ ആകെ 4750 കുടുംബങ്ങളുണ്ട്. മാനന്തവാടിയില്‍ 3712 കുടുംബങ്ങളും സുല്‍ത്താന്‍ ബത്തേരിയില്‍ 1546 കുടുംബങ്ങളുമാണ് ധനസഹായത്തിന് അര്‍ഹരായവര്‍. വൈത്തിരിയില്‍ ഇതുവരെ 867 കുടുംബങ്ങള്‍ക്കും മാനന്തവാടിയില്‍ 1070 കുടുംബങ്ങള്‍ക്കും സുല്‍ത്താന്‍ ബത്തേരിയില്‍ 502 കുടുംബങ്ങള്‍ക്കും ധനസഹായം ബാങ്ക് അക്കൗണ്ടിലൂടെ നേരിട്ടു നല്കി.
        വൈത്തിരി താലൂക്കില്‍ 844, മാനന്തവാടി താലൂക്കില്‍ 681, സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ 319 കുടുംബങ്ങളുടെ വിവരങ്ങള്‍ എന്‍ട്രി ചെയ്യാനുണ്ട്. റേഷന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, അയല്‍ സംസ്ഥാന തൊഴിലാളികള്‍ എന്നീ വിഷയങ്ങളാണ് പ്രശ്‌നം സൃഷ്ടിച്ചത്. ഒന്നിലധികം കുടുംബങ്ങള്‍ ഒരു റേഷന്‍ കാര്‍ഡിലുള്‍പ്പെട്ടതും സോഫ്റ്റ് വെയര്‍ ഡാറ്റാ എന്‍ട്രിയില്‍ പ്രശ്‌നം സൃഷ്ടിച്ചതായി തഹസില്‍ദാര്‍മാര്‍ ശ്രദ്ധയില്‍പ്പെടുത്തി. ഈ സാഹചര്യത്തില്‍ ഡാറ്റാ എന്‍ട്രി ചെയ്യാന്‍ പറ്റാത്ത കേസുകളെ വിവിധ വിഭാഗങ്ങളായി തിരിച്ചു പട്ടിക സമര്‍പ്പിക്കാനും ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. ധനസഹായ വിതരണം ഉടന്‍ പൂര്‍ത്തിയാക്കാന്‍ വൈത്തിരി താലൂക്കിന്റെ ചുമതല ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷിനും മാനന്തവാടിയുടെ ചുമതല ഡെപ്യൂട്ടി കളക്ടര്‍ മുഹമ്മദ് യൂസഫിനും നല്കി. യോഗത്തില്‍ തഹസില്‍ദാര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date