Skip to main content

ഗെയില്‍: കൃഷിഭൂമി പൂര്‍വ്വസ്ഥിതിയിലാക്കാന്‍ അടിയന്തര നടപടിക്ക് നിര്‍ദേശം പരിശോധനക്ക് സംയുക്ത സംഘം

ജില്ലയില്‍ ഗെയില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിച്ച പ്രദേശങ്ങളില്‍ ഭൂമിയുടെ പൂര്‍വ്വസ്ഥിതി പുനഃസ്ഥാപിക്കുന്നതിനുള്ള ്രപവൃത്തി അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് എഡിഎം ഇ പി മേഴ്‌സിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിര്‍ദേശിച്ചു. ഇത് പരിശോധിക്കുന്നതിന് റവന്യു, കൃഷി വകുപ്പ് ഉദ്യോഗസ്ഥരും ഗെയില്‍ പ്രതിനിധികളുമടങ്ങിയ സംയുക്തസംഘം പരിശോധന നടത്താനും യോഗം തീരുമാനിച്ചു. ഒക്‌ടോബര്‍ മൂന്നിന് സംയുക്ത പരിശോധന ആരംഭിക്കും.
പൈപ്പ്‌ലൈന്‍ പദ്ധതി പ്രവൃത്തികള്‍ നടത്തിയ പ്രദേശങ്ങളിലെ കര്‍ഷകര്‍ നല്‍കിയ പരാതികളെ തുടര്‍ന്നാണ് യോഗം ചേര്‍ന്നത്. ഗെയില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിച്ചതിന്റെ ഭാഗമായി നിരവധി സ്ഥലങ്ങളില്‍ തോടുകളുടെ അരിക് ഭിത്തികള്‍ പൊളിക്കുകയും റോഡുകളും നടപ്പാതകളും മുറിക്കുകയും ചെയ്തിട്ടുണ്ട്. പൈപ്പ്‌ലൈന്‍ സ്ഥാപിച്ച കൃഷി ഭൂമിയും പൂര്‍വ്വസ്ഥിതിയിലാക്കി കൃഷിയോഗ്യമാക്കേണ്ടതുണ്ടെന്ന് യോഗത്തില്‍ പങ്കെടുത്ത കര്‍ഷക നേതാക്കള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ എത്രയും വേഗം നടപടികള്‍ ഉണ്ടാവണമെന്നും അവര്‍ ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്ക് വിളനഷ്ടപ്പെട്ടതിനുള്ള നഷ്ടപരിഹാരം നല്‍കിയെങ്കിലും ഭൂമിയുടെയും കെട്ടിടങ്ങളുടെയും നഷ്ടപരിഹാരം കിട്ടിയിട്ടില്ലെന്ന് നേതാക്കള്‍ പറഞ്ഞു. ഇത് എത്രയും വേഗം ലഭ്യമാക്കണം. 10 സെന്റില്‍ താഴെ ഭൂമിയുള്ളവരില്‍ പൂര്‍ണമായി ഭൂമി നല്‍കേണ്ടിവന്നവര്‍ക്കുള്ള പാക്കേജ് പ്രകാരം അഞ്ച് ലക്ഷം രൂപ വീതം നല്‍കേണ്ടതുണ്ട്. ഈ തുകയും അടിയന്തരമായി നല്‍കണമെന്ന് ആവശ്യമുയര്‍ന്നു. ഈ വിഭാഗത്തില്‍ അര്‍ഹരായവരുടെ നഷ്ടപരിഹാരം എത്രയും വേഗം നല്‍കാനാവുമെന്ന് ഗെയില്‍ അധികൃതര്‍ അറിയിച്ചു. കൃഷിഭൂമി പൂര്‍വ്വസ്ഥിതിയിലാക്കുന്ന ജോലി എത്രയും വേഗം ആരംഭിക്കാമെന്നും അവര്‍ ഉറപ്പുനല്‍കി. സംയുക്ത പരിശോധന റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് ഇതിനാവശ്യമായ നടപടികള്‍ ആരംഭിക്കും.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ജയബാലന്‍, കര്‍ഷകസംഘം നേതാക്കളായ വത്സന്‍ പനോളി, കെ ശശിധരന്‍, കുറ്റിയാട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്‍ പത്മനാഭന്‍, ഗെയില്‍ പ്രതിനിധികളായ പി ഡി അനില്‍കുമാര്‍, സയ്യിദ് സിറാജുദ്ദീന്‍, ഡെപ്യൂട്ടി കലക്ടര്‍ (എല്‍എ) കെ കെ അനില്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലയില്‍ കടവത്തൂര്‍ മുതല്‍ പെരിങ്ങോം വരെ 84 കിലോ മീറ്ററിലാണ് ഗെയില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിച്ചത്.

date