Skip to main content

പട്ടികവിഭാഗക്കാര്‍ക്ക് പതിച്ച് നല്‍കിയ സ്ഥലം കൈയ്യേറുന്നുണ്ടെന്ന പരാതിയില്‍ അന്വേഷണം നടത്തണം  -കമ്മീഷന്‍

  പട്ടികവിഭാഗക്കാര്‍ക്ക് പതിച്ച് നല്‍കിയ സ്ഥലം വിവിധ ഇടങ്ങളില്‍ കൈയ്യേറുന്നുണ്ടെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ പട്ടികജാതി - വര്‍ഗ കമ്മീഷന്‍ ജില്ല കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ല പഞ്ചായത്ത് ഹാളില്‍ നടത്തിയ അദാലത്തില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് നിര്‍ദേശം നല്‍കിയത്. അദാലത്തില്‍ കൂടുതലായും പരാതി ലഭിച്ചത് ഭൂമി സംബന്ധിച്ചായിരുന്നു. വീട്ടിലേക്ക് വഴി നല്‍കുന്നില്ലെന്നും ഭൂമി കൈയ്യേറിയെന്നും കാണിച്ചായിരുന്നു മിക്ക പരാതികളും. മറ്റു ജില്ലകളെ അപേക്ഷിച്ച് മലപ്പുറത്ത് പട്ടികവിഭാഗങ്ങള്‍ക്കെതിരായ ക്രിമനല്‍ കേസ് അദാലത്തില്‍ ലഭിച്ചിട്ടില്ലെന്നും സിവില്‍ കേസുകളാണ് കൂടുതലായി ലഭിച്ചതെന്നും കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ് മാവോജി പറഞ്ഞു.   കമ്മീഷന്‍ അംഗം പിജെ സിജയും അദാലത്തില്‍ പങ്കെടുത്തു.
    പട്ടികവിഭാഗക്കാര്‍ താമസിക്കുന്ന മേഖലയില്‍ ക്വാറി തുടങ്ങുന്നതിന് ഒരുക്കം നടക്കുന്നുണ്ടെന്നും ജീവനും സ്വത്തിനും ഭീഷണിയായതിനാല്‍ ക്വാറിക്ക് അനുമതി നല്‍കരുതെന്നും ആവശ്യപ്പെട്ടുള്ള പരാതിയില്‍ തുടര്‍ നടപടിക്കായി കൈമാറി. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ കൂടി പരിശോധിച്ച ശേഷം മാത്രമേ അനുമതി നല്‍കാവൂ എന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. 93 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ഇതില്‍ 73 എണ്ണം തീര്‍പ്പാക്കി ബാക്കിയുള്ളവ കൂടുതല്‍ അന്വേഷണത്തിനായി മാറ്റിവെച്ചു. പുതുതായി 106 പരാതികളും ലഭിച്ചു. ഇത് അടുത്ത അദാലത്തില്‍ പരിഗണിക്കും.
 

date