Skip to main content

പാഠം ഒന്ന് പാടത്തേക്ക്; ഞാറു നടല്‍ ഉത്സവമാക്കി വിദ്യാര്‍ത്ഥികള്‍

  വിദ്യാര്‍ത്ഥികള്‍ക്ക് നെല്‍കൃഷിയെ നേരിട്ട് അറിയാനും പരിചയപ്പെടാനുമായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പാഠം ഒന്ന് പാടത്തേക്ക് പദ്ധതി ഞാറ് നട്ടു അറിവിന്റെ ആഘോഷമാക്കി വിദ്യാര്‍ത്ഥികള്‍. പുതുതലമുറയെ കാര്‍ഷിക രംഗത്തേക്കു കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.  നെല്ലിന്റെ ജ•ദിനമായി പൂര്‍വികര്‍ ആചരിച്ചു വരുന്ന കന്നിമാസത്തിലെ മകം നക്ഷത്രം എന്ന നിലയിലാണ് ഇന്നലെ (വ്യാഴം സെപ്റ്റംബര്‍ 26) തന്നെ പദ്ധതി ആരംഭിച്ചത്.
   പാഠം ഒന്ന് പാടത്തേക്ക് പദ്ധതിയുടെ പെരുമ്പടപ്പ് ബ്ലോക്ക് തല ഉദ്ഘാടനം  വെളിയംങ്കോട് വില്ലേജ് ഓഫീസിന് സമീപത്തെ പാടശേഖരത്തില്‍ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് പി.എം ആറ്റുണ്ണി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വെളിയംങ്കോട്  കൃഷിഭവനാണ് വിവിധ വിദ്യാലയങ്ങളുമായി ചേര്‍ന്ന് പദ്ധതി നടപ്പിലാക്കിയത്.   ഹൈസ്‌കൂള്‍, യു.പി, എല്‍.പി സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഉദ്യോഗസ്ഥര്‍, മറ്റു ജനപ്രതിനിധികള്‍, അധ്യാപകര്‍, കര്‍ഷകര്‍ എന്നിവരും ഭാഗമായി.
  പൊന്നാനി  ഈഴുവത്തിരുത്തി കൃഷി ഭവന്‍ സംഘടിപ്പിച്ച പാഠം ഒന്ന് പാടത്തേക്ക് പദ്ധതി പൊന്നാനി നഗരസഭ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ഈശ്വരമംഗലം കിഴക്കേക്കളം പൊന്നാര്യന്‍ പാടശേഖര സമിതി പ്രസിഡന്റ് വി.പി അബ്ദു സലാമിന്റെ അഞ്ച് ഏക്കര്‍ പാടശേഖരത്തിലാണ് പദ്ധതി നടപ്പിലാക്കിയത്.  പാടത്തേക്കിറങ്ങി ഞാറ് നട്ട വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഉദ്യോഗസ്ഥര്‍, മറ്റു ജനപ്രതിനിധികള്‍, കര്‍ഷകര്‍ എന്നിവരും പങ്കെടുത്തു.
  അതളൂര്‍ പാടശേഖരത്തിലാണ്    പാഠം ഒന്ന് പാടത്തേക്ക് പദ്ധതിയുടെ പൊന്നാനി ബ്ലോക്ക്  തല ഉദ്ഘാടനം നടന്നത്.  തവനൂര്‍ കൃഷിഭവന്‍ സംഘടിപ്പിച്ച പദ്ധതി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ലക്ഷ്മി  ഉദ്ഘാടനം ചെയ്തു. 58 തിലധികം വിദ്യാര്‍ത്ഥികള്‍ പദ്ധതിയുടെ ഭാഗമായി. ഉദ്യോഗസ്ഥര്‍, മറ്റു ജനപ്രതിനിധികള്‍, കര്‍ഷകര്‍ എന്നിവരും പങ്കെടുത്തു.
 

date