Skip to main content

കൃഷി പാഠ്യപദ്ധതിയുടെ ഭാഗമാക്കും: വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്

 

·    'പാഠം ഒന്ന് പാടത്തേക്ക്' പരിപാടിക്കു തുടക്കം

    കൃഷി സംസ്‌കാരത്തിന്റെ ഭാഗമാണന്നുള്ള ആശയം മുന്‍നിര്‍ത്തിയുള്ള പാഠങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. കൃഷിയെക്കുറിച്ചും കാര്‍ഷികവൃത്തിയെക്കുറിച്ചുമുള്ള അറിവ് ഓരോ വിദ്യാര്‍ത്ഥിക്കും ആവശ്യമാണ്. പഠനം എന്നതുപോലെ കൃഷിയെയും ജീവിതത്തിന്റെ ഭാഗമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പുതുതലമുറയെ കാര്‍ഷികമേഖലയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പും കൃഷിവകുപ്പും സംയുക്തമായി ആരംഭിച്ച 'പാഠം ഒന്ന് പാടത്തേക്ക്' പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രകൃതിയെ ഹരിതാഭമാക്കി നിലനിര്‍ത്തുകയെന്നത് മാനവരാശിയുടെ പ്രഥമ കര്‍ത്തവ്യമാണന്ന് പരിപാടിയില്‍ അധ്യക്ഷതവഹിച്ച് കൃഷിവകുപ്പു മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. നെല്ലിന്റെ ജന്മദിനമായ കന്നിമാസത്തിലെ മകം നാളില്‍ എല്ലാ സ്‌കൂളുകളിലെയും വിദ്യാര്‍ത്ഥികള്‍ പാടത്തേക്കിറങ്ങി കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുകയാണെന്നും മണ്ണും മനുഷ്യനുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ ഇത്തരം പരിപാടികള്‍ ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    ക്ലാസ് മുറിയിലെ മുന്‍കൂട്ടി നിശ്ചയിച്ച സമയവിവരപ്പട്ടികയില്‍ നിന്നും മാറി കൃഷിയിടത്തിലേക്കിറങ്ങുന്ന കുട്ടികള്‍ക്ക് പ്രകൃതിയുമായി നേരിട്ടു സംവദിക്കാനുള്ള അവസരമാണ് പരിപാടിയിലൂടെ കൈവന്നതെന്ന് സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു.

    

    വര്‍ഷങ്ങളായി തരിശായിക്കിടന്ന പെരുങ്കടവിള തത്തിയൂരിലെ മൂന്നര ഏക്കര്‍ പാടശേഖരത്തില്‍ കൃഷിമന്ത്രിയുടെയും വിദ്യാഭ്യാസമന്ത്രിയുടെയും നേതൃത്വത്തില്‍ ഞാറുനട്ടു. സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ ഒപ്പംകൂടി.

    പരിപാടിയില്‍ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സുജാതകുമാരി, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ.ആര്‍ സുനിത, കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.എസ് അരുണ്‍, വെള്ളറട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ശോഭകുമാരി, കാര്‍ഷികവികസന കര്‍ഷക ക്ഷേമ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി രത്തന്‍ യു. ഖേല്‍ക്കര്‍, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ. ഷാജഹാന്‍, കൃഷി-വിദ്യാഭ്യാസ വകുപ്പുകളിലെ ഉദ്യാഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
(പി.ആര്‍.പി. 1067/2019)

 

date