Skip to main content

പാറശ്ശാല ഇനി തരുശുരഹിത മണ്ഡലം

 

·    സംസ്ഥാനത്തെ ആദ്യ തരിശുരഹിത മണ്ഡലമായി പാറശ്ശാല
·    പ്രഖ്യാപനം നടത്തിയത് മുഖ്യമന്ത്രി

    സംസ്ഥാനം മുഴുവന്‍ തരിശുരഹിതമാക്കുക എന്നതിന്റെ ആദ്യ വിജയമാണ് പാറശ്ശാല നിയോജകമണ്ഡലത്തിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് കേരളത്തിനെന്നല്ല ഇന്ത്യക്കുതന്നെ മാതൃകയാക്കാവുന്ന പദ്ധതിയാണ്. ജനങ്ങളില്‍ കാര്‍ഷിക അവബോധം സൃഷ്ടിക്കുന്നതിനായി ഒരു കാര്‍ഷിക വിജ്ഞാന കേന്ദ്രം സ്ഥാപിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അടുത്തമാസം അതിനു തുടക്കമാകും. പാലിയോട് എസ്.എസ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്പൂര്‍ണ തരിശുരഹിത പ്രഖ്യാപന സമ്മേളനത്തിന്റെ നിറഞ്ഞ വേദിയെ സാക്ഷി നിര്‍ത്തി മുഖ്യമന്ത്രി പറഞ്ഞു.

    വ്യക്തിശുചിത്വം പോലെതന്നെ പ്രധാനപ്പെട്ടതാണ് നാടിന്റെ ശുചിത്വവും. അതില്‍ ഏറെ പ്രധാനപ്പെട്ടതാണ് ചെറുതും വലുതുമായ ജലസ്രോതസ്സുകളുടെ ശുചിത്വം. ഉറവിട മാലിന്യ സംസ്‌കരണവും പ്രാധാന്യമര്‍ഹിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയുടെ നടത്തിപ്പിനുവേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ച പാറശ്ശാല എം.എല്‍.എ സി.കെ ഹരീന്ദ്രനെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

    സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതികളില്‍ ഒന്നായ ഹരിതകേരളം മിഷന്റെ ഭാഗമായി പാറശ്ശാല മണ്ഡലത്തില്‍ നടപ്പിലാക്കിയ സമ്പൂര്‍ണ തരിശു നിര്‍മാര്‍ജന ജൈവ കാര്‍ഷിക കര്‍മ്മപദ്ധതിയായ 'തളിരി'ന്റെ സമ്പൂര്‍ണ വിജയ പ്രഖ്യാപനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. മണ്ഡലത്തിലെ ഒന്‍പത് ഗ്രാമപഞ്ചായത്തുകളില്‍ വിശദമായ സര്‍വെ നടത്തി കണ്ടെത്തിയ മുഴുവന്‍ തരിശു ഭൂമിയും കൃഷിഭൂമിയാക്കുവാന്‍ പദ്ധതിവഴി സാധ്യമായി. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കൃത്യമായ ആസൂത്രണത്തിലൂടെയാണ് പദ്ധതി വിജയകരമായി മണ്ഡലത്തില്‍ നടപ്പാക്കാനായത്.

    കാര്‍ഷികരംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞതായി ചടങ്ങില്‍ അധ്യക്ഷനായിരുന്ന കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം ഉത്പാദിപ്പിച്ച 12 ലക്ഷം മെട്രിക് ടണ്‍ പച്ചക്കറി ഉത്പന്നങ്ങളില്‍ 93 ശതമാനത്തിലധികവും വിഷരഹിത പച്ചക്കറിയാണെന്നത് ശ്രദ്ധേയമായതായും അദ്ദേഹം പറഞ്ഞു.

    സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ സ്വാഗതം ആശംസിച്ചു. കെ. ആന്‍സലന്‍ എം.എല്‍.എ, നവകേരളം കര്‍മ്മപദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും തളിര് പദ്ധതി രക്ഷാധികാരിയുമായ ആനാവൂര്‍ നാഗപ്പന്‍, ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ടി.എന്‍ സീമ, ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, വിവിധ ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, അംഗങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരും പരിപാടിയില്‍ സംബന്ധിച്ചു.
(പി.ആര്‍.പി. 1070/2019)

 

date