Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സര്‍ച്ച് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പട്ടികജാതി വിദ്യാര്‍ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കി വരുന്ന അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് സ്‌കോളര്‍ഷിപ്പിന്  2019-20 വര്‍ഷത്തേക്ക് അപേക്ഷ ക്ഷണിച്ചു.
2018-19 വര്‍ഷത്തില്‍  ജില്ലയിലെ സര്‍ക്കാര്‍/എയിഡഡ് സ്‌കൂളുകളില്‍ നാല്, ഏഴ് ക്ലാസുകളില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. സി പ്ലസില്‍ കുറയാത്ത ഗ്രേഡ് ലഭിച്ചിരിക്കണം. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്.  നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി, വരുമാന സര്‍ട്ടിഫിക്കറ്റും, ആധാര്‍കാര്‍ഡ്, ബേങ്ക് പാസ്സ്ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ   പകര്‍പ്പ്,  നാല്, ഏഴ് ക്ലാസ്സുകളിലെ വാര്‍ഷിക പരീക്ഷയില്‍ നേടിയ ഗ്രേഡ് സംബന്ധിച്ച ഹെഡ്മാസ്റ്ററുടെ സര്‍ട്ടിഫിക്കറ്റ്, കലാകായിക മത്സരങ്ങളില്‍ മികവ് തെളിയിച്ച (ഉണ്ടെങ്കില്‍) സര്‍ട്ടഫിക്കറ്റിന്റെ പകര്‍പ്പും സഹിതം ഒക്‌ടോബര്‍ 19ന് മുമ്പ#് അതത് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ഹാജരാക്കണം.  ഫോണ്‍: 0497 2700596

എസ് സി പ്രമോട്ടര്‍ ഒഴിവ്
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ രാമന്തളി, മാട്ടൂല്‍ ഗ്രാമപഞ്ചായത്ത്, തളിപ്പറമ്പ് മുനിസിപ്പാലിറ്റി, കണ്ണൂര്‍ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ നിലവിലുള്ള ഒഴിവിലേക്ക് എസ് സി പ്രമോട്ടര്‍മാരെ നിയമിക്കുന്നു. 18 നും  40 നും ഇടയില്‍ പ്രായമുള്ള ബിരുദധാരികളായിരിക്കണം അപേക്ഷകര്‍.  പ്ലസ്ടു പാസായവര്‍ക്ക് സാമൂഹ്യ സേവനരംഗത്ത്  പ്രവര്‍ത്തിക്കുന്നവരാണെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം സഹിതം അപേക്ഷിക്കാവുന്നതാണ്.  നിയമന കാലാവധി 2020 മാര്‍ച്ച് 31 വരെ. താല്‍പര്യമുള്ളവര്‍ ജാതി സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി/റസിഡന്റ് സര്‍ട്ടിഫിക്കറ്റ്(റവന്യൂ/പഞ്ചായത്ത് അധികാരികളില്‍ നിന്നും ലഭിച്ചത്), വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം  സപ്തംബര്‍ 28 ന് ഉച്ചക്ക് രണ്ട് മണിക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ഹാജരാകണം.  ഫോണ്‍: 0497 2700596.

കുവൈറ്റില്‍ ഗാര്‍ഹിക തൊഴില്‍ മേഖലയില്‍
സൗജന്യ നിയമനം
കുവൈറ്റിലെ  അര്‍ധ സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ്  കമ്പനിയായ അല്‍ദുര ഫോര്‍ മാന്‍ പവര്‍ വനിത ഗാര്‍ഹിക തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുവാന്‍ സന്നദ്ധരായ വനിതകളെ നോര്‍ക്ക റൂട്ട്‌സ്  മുഖാന്തരം തെരഞ്ഞെടുത്ത്  കുവൈറ്റില്‍ നിയമനം നല്‍കുന്നു. ശമ്പളം 110 കെ ഡി (ഏകദേശം 25,000 രൂപ). തെരഞ്ഞടുക്കപ്പെടുന്നവര്‍ക്ക് വിസ, വിമാന ടിക്കറ്റ് , താമസം, ഭക്ഷണം സൗജന്യമാണ്. താല്‍പര്യമുള്ളവര്‍ക്ക് സപ്തംബര്‍ 28ന് രാവിലെ 10 മണി മുതല്‍ നെടുംങ്കണ്ടം പഞ്ചായത്ത് ഓഫീസില്‍ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ്  ആന്റ് ഡെവലപ്പ്‌മെന്റ് നടത്തുന്ന പ്രീ ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗാമില്‍ പങ്കെടുക്കാം.  30 നും 45 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ വിശദമായ ബയോഡാറ്റ, ഫുള്‍ സൈസ് ഫോട്ടോ, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 0471-2770544, 18004253939.

വിദ്യാഭ്യാസ പ്രോത്സാഹന സമ്മാനത്തിന് അപേക്ഷിക്കാം
സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പറേഷന്‍ 2018-19 അധ്യയന വര്‍ഷത്തെ പരീക്ഷകളില്‍ മികച്ച വിജയം നേടിയ ഈ വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികളില്‍ നിന്നും മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ സ്വീകരിക്കുന്ന തീയതി ഒക്‌ടോബര്‍ 15 ന് രാത്രി 12 മണിവരെ നീട്ടി.  എസ് എസ് എല്‍ സി, ടി എച്ച് എസ് എസ് എല്‍ സി, പ്ലസ് ടു/ഡിഗ്രി/പി ജി/പ്രൊഫഷണല്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് അപേക്ഷിക്കാം.
ംംം.സറെല.സലൃമഹമ.ഴീ്.ശി ല്‍ ജാതി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവ അപ്‌ലോഡ് ചെയ്ത് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0481 2564304, 9400309740.

ലേലം ചെയ്യും
കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്റ് കറക്ഷണല്‍ ഹോമിലെ ഉപയോഗശൂന്യമായ ഇരുമ്പു സാധനങ്ങള്‍, പ്ലാസ്റ്റിക്, ടിന്‍ ഷീറ്റുകള്‍ എന്നിവ ഒക്‌ടോബര്‍ മൂന്നിന് ഉച്ചയ്ക്ക് 12 മണിക്ക് ജയില്‍ പരിസരത്ത് ലേലം ചെയ്യും.  ഫോണ്‍: 0497 2746141.

മരം ലേലം
ഇരിട്ടി താലൂക്കിലെ പായം പഞ്ചായത്തില്‍ സര്‍വെ നമ്പര്‍ 282/1ല്‍ പെട്ട 0.4047 ഹെക്ടര്‍ സ്ഥലത്ത് മുറിച്ച് വിറകാക്കിവെച്ച റബ്ബര്‍ മരങ്ങള്‍ സപ്തംബര്‍ 28 ന് രാവിലെ 11.30 ന് ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ ഇരിട്ടി താലൂക്ക് ഓഫീസിലും വിളമന വില്ലേജ് ഓഫീസിലും ലഭിക്കും.

ക്വട്ടേഷന്‍ ക്ഷണിച്ചു
പയ്യന്നൂര്‍ ഗവ.വനിതാ പോളിടെക്‌നിക് കോളേജിലെ എഞ്ചിനീയറിംഗ് ലാബിലേക്ക് ഇലക്‌ട്രോണിക് ഉപകരണങ്ങളും മറ്റ് സാധനങ്ങളും വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ഒക്‌ടോബര്‍ മൂന്നിന് വൈകിട്ട് നാല് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 04985 203001.
പി എന്‍ സി/3303/2019

പ്രളയ ബാധിതര്‍ക്ക് മൊറട്ടോറിയത്തിന് അപേക്ഷിക്കാം
സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി തീരുമാനപ്രകാരം 2019 ലെ പ്രളയ ബാധിതരുടെ  വായ്പകള്‍ക്കുള്ള മൊറട്ടോറിയം ആനുകൂല്യത്തിന് ബന്ധപ്പെട്ട ബാങ്കുകളില്‍ അപേക്ഷ നല്‍കണം. ആഗസ്ത് 23 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പ്രളയ ബാധിത വില്ലേജുകളുടെ പരിധിയില്‍ വരുന്നവര്‍ക്കാണ് അര്‍ഹത. അതത് ബാങ്കുകളില്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് മാത്രമാണ് ബാങ്കുകള്‍ വായ്പ മൊറട്ടോറിയം അനുവദിക്കുക എന്ന് ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ അറിയിച്ചു.
2019 ജൂലൈ 31 മുതല്‍ പ്രളയം മൂലം അടവ് മുടങ്ങിയ കാര്‍ഷിക, ബിസിനസ്സ്, ഭവന, വിദ്യാഭ്യാസ വായ്പാ ഉപഭോക്താക്കള്‍ക്ക് നവംബര്‍ 25 വരെ ബാങ്ക് ശാഖയില്‍ മൊറട്ടോറിയത്തിന് അപേക്ഷ നല്‍കാം. ഫോണ്‍. 0497 2768994
വായ്പ തിരിച്ചടവിന് അവധി/സാവകാശം നല്‍കലാണ് മൊറട്ടോറിയം.  മൊറട്ടോറിയം കാലയളവില്‍ പലിശ ഉള്ളതിനാല്‍ മൊറട്ടോറിയം കാലാവധിക്ക് ശേഷം തിരിച്ചടവ് പുനരാരംഭിക്കുമ്പോള്‍ തിരിച്ചടവ് സംഖ്യ വ്യത്യാസപ്പെടും. ഹ്രസ്വ/ദീര്‍ഘകാല കൃഷി വായ്പകള്‍, കൃഷി അനുബന്ധ വായ്പകള്‍, എംഎസ്എംഇ ബിസിനസ്സ്, ഭവന വായ്പ, വിദ്യാഭ്യാസ വായ്പ എന്നിവയ്ക്കാണ് മൊറട്ടോറിയം ലഭിക്കുക. 2019 ജൂലൈ 31 ന് തിരിച്ചടവ് തെറ്റാത്ത നിഷ്‌ക്രിയ ആസ്തി ആകാത്ത വായ്പകള്‍ക്ക് മാത്രമാണ് ഇളവുകളും ആനുകൂല്യങ്ങളും ബാധകമാവുക.

കവുങ്ങിലെ മഞ്ഞളിപ്പ്: വിദഗ്ധ സംഘം സന്ദര്‍ശനം നടത്തി
കവുങ്ങിലെ മഞ്ഞളിപ്പ് ബാധ രൂക്ഷമായ ആലക്കോട് പഞ്ചായത്തില്‍ വിദഗ്ധ സംഘം സന്ദര്‍ശനം നടത്തി. കാര്‍ഷിക സര്‍വകലാശാലയിലെയും കൃഷി വകുപ്പിലെയും ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് മഞ്ഞളിപ്പ് രോഗം രൂക്ഷമായ ഒറ്റത്തൈ, അരങ്ങം, തണ്ണിപ്പാറ  പ്രദേശങ്ങളിലെ തോട്ടങ്ങളില്‍ സന്ദര്‍ശനം നടത്തിയത്.
മണ്ണിലെ ദ്വിതീയ സൂക്ഷ്മ മൂലകങ്ങളുടെ കുറവ്, ഉയര്‍ന്ന പുളിരസം, കുമിള്‍ രോഗങ്ങളുടെ രൂക്ഷമായ സാന്നിധ്യം തുടങ്ങിയ കാരണങ്ങളാണ് രോഗത്തിന് കാരണമെന്ന് സംഘം കണ്ടെത്തി. രോഗം ബാധിച്ച കവുങ്ങുകളുടെ സാമ്പിളുകള്‍ വിദഗ്ധ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്.  
കാര്‍ഷിക സര്‍വകലാശാല എന്റമോളജി വിഭാഗം പ്രൊഫസര്‍ ഡോ. കെ എം ശ്രീകുമാര്‍, കൃഷി വിജ്ഞാന കേന്ദ്രം തലവന്‍ ഡോ. പി ജയരാജ്, ഡോ. യാമിനി വര്‍മ്മ, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എ സാവിത്രി, ആത്മ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ രമേഷ് ബാബു, ആലക്കോട് പഞ്ചായത്ത് കൃഷി ഓഫീസര്‍ ആര്‍ എല്‍ അനൂപ്, കൃഷി അസിസ്റ്റന്റ് കെ സി ജയരാജന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സന്ദര്‍ശനം.

ഭരണാനുമതിയായി
ജെയിംസ് മാത്യു എംഎല്‍എയുടെ 2018-19 വര്‍ഷത്തെ പ്രത്യേക വികസന നിധിയില്‍ നിന്നും 10 ലക്ഷം രൂപ ചെലവിട്ട് കൂവോട് പബ്ലിക് ലൈബ്രറി ഓഫീസ് റൂം നിര്‍മ്മിക്കുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.

കുക്ക് അസിസ്റ്റന്റ് നിയമനം
ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ കുക്ക് അസിസ്റ്റന്റ് കം മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയിലേക്ക് (സ്ത്രീകള്‍) താല്‍ക്കാലിക നിയമനം നടത്തുന്നു. പത്താം തരത്തില്‍ താഴെ വിദ്യാഭ്യാസ യോഗ്യതയുള്ള 45 വയസ്സ് തികയാത്തവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം ഒക്‌ടോബര്‍ ഒന്നിന് രാവിലെ 10 മണിക്ക് ആശുപത്രി ഓഫീസില്‍ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍. 0497 2706666.

ഡിഫന്‍സ് പെന്‍ഷന്‍ അദാലത്ത്
ഡിഫന്‍സ് പെന്‍ഷന്‍ അദാലത്ത് ഒക്ടോബര്‍ 31, നവംബര്‍ ഒന്ന് തീയതികളില്‍ ആലപ്പുഴയില്‍ നടക്കും. ബാങ്കുകള്‍, ഡിപിഡിഒ തുടങ്ങിയവ വഴി കുടുംബ പെന്‍ഷന്‍, ഡിഫന്‍സ് സിവീലിയന്‍ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള പെന്‍ഷനുകള്‍ കൈപ്പറ്റുന്നവര്‍ക്ക് നിശ്ചിത മാതൃകയില്‍ രേഖകള്‍ സഹിതം അപേക്ഷിക്കാം. അദാലത്ത് ഓഫീസര്‍, സി ഡി എ ചെന്നൈ, 618, അണ്ണ സലയ്, തെയ്നാംപേട്ട്, ചെന്നൈ എന്ന വിലാസത്തിലോ അല്ലെങ്കില്‍ രേഖകള്‍ സഹിതം അദാലത്തില്‍ നേരിട്ടോ പങ്കെടുക്കാവുന്നതാണ്. ഫോണ്‍. 044 24349980

ഹിന്ദി കോഴ്സിന് അപേക്ഷിക്കാം
രണ്ട് വര്‍ഷം ദൈര്‍ഘ്യമുള്ള ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസ്സ്. വിലാസം പ്രിന്‍സിപ്പല്‍ ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട. ഫോണ്‍. 04734226028, 9446321496.

സമ്പുഷ്ട കേരളം: പരിശീലന പരിപാടിക്ക് തുടക്കം
വനിത-ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന സമ്പുഷ്ട കേരളം പദ്ധതിയുടെ മൊബൈല്‍ ഫോണ്‍ കോണ്‍ഫിഗറേഷന്‍ പരിശീലന പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. കണ്ണൂര്‍ ബെല്ലാര്‍ഡ് റോഡിലെ ഹോട്ടല്‍ റെയിന്‍ബോ സ്യൂട്ടില്‍ നടക്കുന്ന പരിശീലനത്തിന് വനിത ശിശു വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ എസ് എന്‍ ശിവന്യയാണ് നേതൃത്വം നല്‍കുന്നത്.  

കാരുണ്യ ആരോഗ്യ സുരക്ഷാ കാര്‍ഡ് പുതുക്കല്‍ ഇന്ന്
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി കാര്‍ഡ് പുതുക്കല്‍ വെള്ളിയാഴ്ച( ഇന്ന്) കൂടി നടത്താം. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ക്യാമ്പ് നടക്കും. ഏത് പഞ്ചായത്തിലെ കുടുംബങ്ങള്‍ക്കും ജില്ലയിലെ ഏത് കേന്ദ്രങ്ങളില്‍ നിന്നു വേണമെങ്കിലും കാര്‍ഡ് പുതുക്കാം. നിലവിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് അല്ലെങ്കില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള കത്ത്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ കൊണ്ടുവരേണ്ടതാണ്. പുതുക്കല്‍ കേന്ദ്രങ്ങള്‍: ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രി കൂത്തുപറമ്പ, ജനറല്‍ ആശുപത്രി തലശ്ശേരി.
 

date