Skip to main content

ഗാന്ധി ജയന്തി വാരാഘോഷ പരിപാടികള്‍ക്ക് നാളെ തുടക്കം 'ഗാന്ധിസ്മൃതി-അക്ഷരദീപം' സംസ്ഥാനതല ഉദ്ഘാടനം മലപ്പുറത്ത്

മഹാത്മാഗാന്ധിയുടെ 150-ാം ജ•ദിനവാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാനത്ത് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഗാന്ധിജയന്തി വാരാഘോഷ പരിപാടികള്‍ക്ക് നാളെ (ഒക്‌ടോബര്‍ രണ്ട്) തുടക്കമാവും. രാവിലെ ഒന്‍പതിന് മലപ്പുറം സിവില്‍ സ്റ്റേഷനിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് എഴു ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ക്ക്  തുടക്കമാക്കുക. പി.ഉബൈദുള്ള എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍, ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല തുടങ്ങിയവര്‍ പുഷ്പാര്‍ച്ചനയില്‍ പങ്കെടുക്കും.
തുടര്‍ന്ന് ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന 'ഗാന്ധിസ്മൃതി-അക്ഷരദീപം' പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം ടൗണ്‍ഹാളില്‍ രാവിലെ 11 ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പി.ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനാവും. ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ജില്ലാ തല പരിപാടികള്‍ക്കും ഇതോടെ തുടക്കമാവും. 
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ഗാന്ധിജിയുടെ ജീവിതം-ദര്‍ശനം-ദേശീയപ്രസ്ഥാനം എന്നിവ അനാവരണം ചെയ്യുന്ന ചരിത്ര ചിത്രപ്രദര്‍ശനം, പുസ്തകോത്സവം, ഹ്രസ്വ ചലച്ചിത്രപ്രദര്‍ശനം, ഇക്കോഷോപ്പ് എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ട് ഗാന്ധി ദര്‍ശന്‍ പ്രദര്‍ശനവും പരിപാടിയില്‍ സംഘടിപ്പിക്കും. ഉച്ചക്ക് ശേഷം ഗാന്ധിയന്‍ ചിന്തകള്‍ ചര്‍ച്ച ചെയ്യുന്ന 'ഗാന്ധി സ്മൃതി സദസ്' എന്ന പേരില്‍ സെമിനാറും സംഘടിപ്പിക്കും. സെമിനാറില്‍ വിവിധ സെഷനുകളിലായി മലയാള സര്‍വകലാശാല  സംസ്‌കാര പൈതൃക പഠനം പ്രൊഫസര്‍ ഡോ.കെ.എം ഭരതന്‍, ശുചിത്വമിഷന്‍ ജില്ലാകോര്‍ഡിനേറ്റര്‍ ഇ.ടി രാകേഷ്, ഡോ.വി.പി പ്രകാശന്‍, രാജേന്ദ്രന്‍ എടത്തുകര തുടങ്ങിയവര്‍ വിഷയം അവതരിപ്പിക്കും. ഗാന്ധിസ്മൃതി സദസുകള്‍, രചനാമത്സരങ്ങള്‍, പ്രദര്‍ശനങ്ങള്‍, ചിത്രരചന, പുസ്തകോത്സവം, ചലച്ചിത്ര പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ പരിപാടിയുടെ അനുബന്ധമായി ജില്ലയില്‍ സംഘടിപ്പിക്കും. നാഷനല്‍ സര്‍വീസ് സ്‌കീമും ജില്ലാ ഇന്‍ഫര്‍മേന്‍ ഓഫീസും ശുചിത്വമിഷനും ഗാന്ധിദര്‍ശന്‍ സമിതിയും സംയുക്തമായാണ് ജില്ലയില്‍ നടക്കുന്ന  ഗാന്ധിസ്മൃതി-അക്ഷരദീപം പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.
പരിപാടികളുടെ മുന്നോടിയായി രണ്ടിന് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് വിളംബര ജാഥയും സര്‍വ മത പ്രാര്‍ത്ഥനയും സംഘടിപ്പിക്കും. തുടര്‍ന്ന് രാവിലെ ഒന്‍പത് മുതല്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സിവില്‍ സ്റ്റേഷന്‍ പരിസരം ശുചീകരിക്കും. മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലും പ്രസ്തുത ദിവസം ശുചീകരണം നടത്തും.
ഒക്ടോബര്‍ നാലിന് ഗാന്ധിജി - ജീവിതവും ദര്‍ശനവും എന്ന വിഷയത്തില്‍ ജില്ലാതല സെമിനാര്‍ നടത്തും. രാവിലെ 10 ന് താനാളൂര്‍ ഗ്രാമപഞ്ചായത്ത് സാംസ്‌കാരിക നിലയില്‍ നടക്കുന്ന പരിാപാടി വി.അബ്ദുറഹിമാന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാല ചരിത്ര വിഭാഗം മേധാവി ഡോ: മഞ്ജുഷ ആര്‍ വര്‍മ്മ, ഗാന്ധിയന്‍ പ്രകൃതി ചികിത്സാലയം മേധാവി ഡോ: പി.എ.രാധാകൃഷ്ണന്‍ എന്നിവര്‍ പ്രഭാഷണം നടത്തും.
ഒക്ടോബര്‍ ആറിന് തവനൂര്‍ വൃദ്ധസദനത്തില്‍ അന്തേവാസികള്‍ക്കായി റിച്ചാര്‍ഡ് ആറ്റന്‍ബറോ യുടെ ഗാന്ധി സിനിമ പ്രദര്‍ശിപ്പിക്കും.  സാമൂഹ്യ നീതി സമുച്ചയത്തില്‍ ഒക്ടോബര്‍ രാവിലെ 10 നാണ് പരിപാടി. 
ഒക്ടോബര്‍ ഏഴിന് ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പോസ്റ്റര്‍ രചന, ലേഖനം, ക്വിസ് എന്നിവയില്‍ മത്സരം നടത്തും. രാവിലെ 10 മുതല്‍ മലപ്പുറം ഗാന്ധിയന്‍ പബ്ളിക് ലൈബ്രറിയിലാണ് പരിപാടി. വിജയികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. സമാപന പരിപാടി ഒക്ടോബര്‍ എട്ടിന് ചേലേമ്പ്ര ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍  നടക്കും. തുടര്‍ന്ന്  ഗാന്ധി സിനിമയും പ്രദര്‍ശിപ്പിക്കും.
 

date