Skip to main content

ലൈഫ് മിഷന്‍: ജില്ലയില്‍ പൂര്‍ത്തീകരിച്ചത് 4804 വീടുകള്‍

 

 

ലൈഫ്  മിഷന്‍റെ കോട്ടയം ജില്ലയിലെ നിര്‍വഹണം മികച്ച രീതിയില്‍ പുരോഗമിക്കുന്നതായി ജില്ലാതല കര്‍മ്മസമിതി വിലയിരുത്തി. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  നവകേരളം കര്‍മ്മപദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ്, സംസ്ഥാന സര്‍ക്കാരിന്‍റെ വികസന ഉപദേഷ്ടാവ് സി.എസ്. രഞ്ജിത്ത് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. 

 

പദ്ധതിയില്‍   4804 വീടുകളാണ്  ജില്ലയില്‍ പൂര്‍ത്തീകരിച്ചിട്ടുളളത്.  വിവിധ ഭവനനിര്‍മ്മാണ പദ്ധതികളില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളുടെ നിര്‍മ്മാണം നിലച്ച വീടുകള്‍ പൂര്‍ത്തീകരിക്കാനാണ് ആദ്യ ഘട്ടത്തില്‍ ലക്ഷ്യമിട്ടത്.    ഇതിന്‍റെ ഭാഗമായി 1085 വീടുകള്‍ പൂര്‍ത്തീകരിച്ചു നല്‍കി. രണ്ടാം ഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതര്‍ക്കായി   2213 വീടുകള്‍ പൂര്‍ത്തിയാക്കി. പി.എം.എ.വൈ പദ്ധതിയുമായി ചേര്‍ന്ന് 1506  വീടുകളും പൂര്‍ത്തീകരിച്ചു. മിഷനുവേണ്ടി 110.11 കോടിയിലധികം രൂപയാണ് ജില്ലയില്‍ ചിലവഴിച്ചിട്ടുള്ളത്.

 

 വീടും സ്ഥലവുമില്ലാത്തവരെയാണ് മൂന്നാം ഘട്ടത്തില്‍ പരിഗണിക്കുക.  ഇവര്‍ക്കായി ഭവന സമുച്ചയങ്ങള്‍ നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന് ഭൂമി  കണ്ടെത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വീടു നിര്‍മ്മാണത്തിന്  പ്രകൃതി സൗഹൃദ സാങ്കേതിക വിദ്യ കൂടുതലായി ഉപയോഗപ്പെടുത്തണമെന്ന് നവകേരളം കര്‍മ്മപദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ് നിര്‍ദേശിച്ചു. ലൈഫ് മിഷന്‍റെ ലക്ഷ്യം ജീവകാരുണ്യമാണെന്നും  കോട്ടയത്തെ സമ്പൂര്‍ണ്ണ പാര്‍പ്പിട ജില്ലയാക്കുന്നതിന് കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു 

 

ലൈഫ് പദ്ധതി കൂടുതല്‍ ജനകീയമാക്കണമെന്നും ഭൂരഹിതര്‍ക്ക്  ഭവന നിര്‍മ്മാണത്തിന് സ്ഥലം കണ്ടെത്താന്‍ ജനപ്രതിനിധികള്‍ നേതൃത്വം നല്‍കണമെന്നും സംസ്ഥാന സര്‍ക്കാരിന്‍റെ വികസന ഉപദേഷ്ടാവ് സി.എസ്. രഞ്ജിത്ത് നിര്‍ദേശിച്ചു.

 

ഗുണഭോക്താക്കളുടെ തൊഴില്‍ - ആവാസമേഖലകളുടെ പ്രാന്തപ്രദേശങ്ങളിലായിരിക്കണം  ഇതിനായി സ്ഥലം കണ്ടെത്തേണ്ടതെന്ന് സി.കെ ആശ എം.എല്‍.എ പറഞ്ഞു.

 

  പദ്ധതി  തുക ഗുണഭോക്താക്കള്‍ക്ക്  ലഭ്യമാക്കുന്നതില്‍ നേരിടുന്ന സാങ്കേതിക ബുദ്ധിമുട്ടും അത് മൂലം ഉണ്ടാകുന്ന കാലതാമസവും ഒഴിവാക്കാന്‍   നടപടികളുണ്ടാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍ദേശിച്ചു. 

 

കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബു അധ്യക്ഷത വഹിച്ചു. ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.എന്‍. സുഭാഷ് റിപ്പോര്‍ട്ടവതരിപ്പിച്ചു. ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി.എസ്.ഷിനോ, ലൈഫ് മിഷന്‍ പ്രോഗ്രാം മാനേജര്‍ എസ്. അജിത എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക്  -ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍   പങ്കെടുത്തു. 

date