Skip to main content

ഗാന്ധിയൻ ആശയങ്ങൾ ആവർത്തിച്ച് ഓർമപ്പെടുത്തേണ്ട സാഹചര്യം -മന്ത്രി കടകംപള്ളി സുരേന്ദ്രൻ

* ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കമായി
ഗാന്ധിജിയുടെ ആശയങ്ങൾ ആവർത്തിച്ച് ഓർമപ്പെടുത്തേണ്ട സാഹചര്യമാണിപ്പോഴെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഗാന്ധിജയന്തി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഗാന്ധിപാർക്കിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹനസമരം വിജയിക്കുമോ എന്ന സംശയങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് ഗാന്ധിജി ലോകത്തിന് കാണിച്ചുകൊടുത്തു. ജനകീയപോരാട്ടത്തിലൂടെ ഇന്ത്യൻ ഗ്രാമങ്ങളെ ഉണർത്തിയ അദ്ദേഹത്തിനുമുന്നിൽ സൂര്യനസ്തമിക്കാത്ത സാമ്രാജ്യം തലകുമ്പിട്ടു. എന്നാൽ ദീർഘകാലത്തെ പോരാട്ടത്തിലൂടെ നേടിയ സ്വാതന്ത്ര്യം ആഘോഷിക്കുന്ന വേളയിൽ നമ്മുടെ തെരുവീഥികളിൽ മതത്തിന്റെ പേരിൽ ജനങ്ങൾ തമ്മിലടിക്കുകയായിരുന്നു. ഈ കാലത്ത് ഗാന്ധിജി അനുഭവിച്ച മാനസികക്ലേശവും രാഷ്ട്രീയപ്രതിസന്ധിയും 'ഗാന്ധിയും ഗാന്ധിസവും' എന്ന പുസ്തകത്തിലൂടെ ഇ.എം.എസ് വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യം ആർക്കാണ് അവകാശപ്പെട്ടത് എന്ന് നാം വീണ്ടും ഓർമിപ്പിക്കേണ്ട കാലമാണ്. ഗാന്ധിജയന്തി ദിനങ്ങൾ അർഥപൂർണമാകുന്നത് അത്തരം തിരിച്ചറിവുകൾ ഉണ്ടാകുമ്പോഴാണ്. വിനാശകരമായ വർഗീയ ചിന്തയ്ക്ക് അടിമപ്പെട്ട ഗോഡ്‌സേ ഗാന്ധിജിയെ വെടിവച്ചുകൊന്നതുമുതലാണ് നമ്മുടെ രാജ്യത്ത് ഫാസിസത്തിന്റെ ആസുരതാണ്ഡവം ആരംഭിച്ചത്. പ്രതികരിക്കുന്നവരെ തോക്കുമായി തേടിയെത്തുന്നവർക്കെതിരെ ചെറുത്തുനിൽപ്പിന്റെ കാഹളം ഉയർത്തുന്ന ദിനമായി ഗാന്ധിജയന്തി മാറണമെന്നും അദ്ദേഹം പറഞ്ഞു.  
സ്വാതന്ത്ര്യസമരസേനാനികളായ പി. ഗോപിനാഥൻ നായർ, അഡ്വ.കെ. അയ്യപ്പൻ പിള്ള എന്നിവരെ മന്ത്രി ആദരിച്ചു. രാജ്യം ഇന്ന് നേരിടുന്ന പ്രശ്‌നങ്ങൾക്ക് ഗാന്ധിയൻ ആദർശങ്ങൾ പരിഹാരമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു പറഞ്ഞു. ചടങ്ങിൽ മുഖ്യാതിഥിയായ ഗായകൻ കെ.ജെ. യേശുദാസ് ഗാന്ധിജയന്തി സന്ദേശം നൽകി. മഹാത്മാഗാന്ധി നൽകിയ ശുചിത്വബോധം ഉൾക്കൊണ്ട് പുഴകളും വായുവും ഭൂമിയും നമുക്ക് ശുചിയാക്കി നിലനിർത്താമെന്ന് അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു. ഹരിതകേരളം മിഷൻ എക്‌സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സൺ ഡോ. ടി.എൻ. സീമ പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വി.എസ്. ശിവകുമാർ എം.എൽ.എ, നവകേരളം കർമപദ്ധതി കോ-ഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്, ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ. എൻ. രാധാകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു. ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി പി. വേണുഗോപാൽ സ്വാഗതവും ഡയറക്ടർ യു.വി. ജോസ് കൃതജ്ഞതയും പറഞ്ഞു. ഉദ്ഘാടനചടങ്ങുകൾക്ക് മുമ്പ് വിശിഷ്ടാതിഥികൾ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. സ്വരാഞ്ജലിയുടെ ദേശഭക്തി ഗാനാഞ്ജലിയോടെയാണ് ഉദ്ഘാടനചടങ്ങുകൾ ആരംഭിച്ചത്. ഉദ്ഘാടനചടങ്ങുകളെ തുടർന്ന് ചാല മാർക്കറ്റ് പരിസരത്ത് മാലിന്യം വേർതിരിക്കൽ പരിശീലനവും പ്ലാസ്റ്റിക് വിരുദ്ധ ബോധവത്കരണവും സംഘടിപ്പിച്ചു.
ഒക്ടോബർ നാല് രാവിലെ പത്ത് മണിക്ക് തിരുവനന്തപുരം ഗവ. വനിതാ കോളേജിൽ മതേതരത്വം - സങ്കല്പവും യാഥാർത്ഥ്യവും എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ തുറമുഖം - മ്യൂസിയം - പുരാവസ്തു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.  വിവിധ സർക്കാർ വകുപ്പുകൾ, സ്ഥാപനങ്ങൾ, ഗാന്ധിയൻ സംഘടനകൾ എന്നിവരുടെ പങ്കാളിത്തത്തോടെ നടക്കുന്ന വാരാഘോഷത്തിന്റെ ഏകോപനം പബ്ലിക് റിലേഷൻസ് വകുപ്പാണ് നിർവഹിക്കുന്നത്.
പി.എൻ.എക്‌സ്.3539/19

 

date