Skip to main content

വയോജനങ്ങള്‍ക്ക് നാടിന്റെ ആദരം മുതിര്‍ന്നവര്‍ക്കൊപ്പം ഒരുദിനം

വയോജനദിനത്തില്‍ ജില്ലയില്‍ വിവിധ പരിപാടികള്‍ നടന്നു.  സാമൂഹ്യ നീതി വകുപ്പിന്റെയും സാമൂഹ്യ സുരക്ഷാ മിഷന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോക വയോജന ദിനാഘോഷവും വയോജനോത്സവും സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വയോജനങ്ങളുടെ സംരക്ഷണം നാടിന്റെ ചുമതലയാണ്.  അതിനായി വിവിധ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് എം.എല്‍.എ പറഞ്ഞു.  മുന്‍സിപാലിറ്റികള്‍ നടപ്പിലാക്കുന്ന വയോമിത്രം പദ്ധതിയിലൂടെ നഗരപ്രദേശങ്ങളില്‍ താമസിക്കുന്ന 65 വയസിനു മുകളിലുള്ള വയോജനങ്ങള്‍ക്ക് മൈാബൈല്‍ ക്ലിനിക്, കൗണ്‍സലിങ്, വൈദ്യസൗകര്യം തുടങ്ങിയവ സൗജന്യമായി നല്‍കുന്നു. കിടപ്പു രോഗികളായ ആളുകളുടെ വീടുകളില്‍പോയി പാലിയേറ്റീവ് ഹോം കെയര്‍ സംവിധാനം, ബിപിഎല്ലില്‍പെട്ട വയോജനങ്ങള്‍ക്ക് സൗജന്യമായി പല്ലുകള്‍ വെച്ചുകൊടുക്കുന്ന മന്ദഹാസം പദ്ധതിയി എന്നിവയും നടപ്പിലാക്കുന്നു. ബിപിഎല്ലില്‍പെട്ട പ്രേമേഹ രോഗികളായവര്‍ക്ക് സൗജന്യമായി ഗ്ലൂക്കോമീറ്റര്‍ നല്‍കുന്ന പദ്ധതിയി ആരംഭിച്ചിട്ടുണ്ട്. നിലവില്‍ കേരളത്തില്‍ ആയിരത്തോളം പേര്‍ക്ക് ഗ്ലൂക്കോമീറ്റര്‍ ലഭ്യമാക്കി. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പുനര്‍ജനി പദ്ധതിയിലൂടെ അംഗണവാടികള്‍ വഴി പ്രഷര്‍, ഷുഗര്‍ തുടങ്ങിയവ പരിശോധിക്കുന്നതിനുള്ള ഉപകരണങ്ങള്‍, വൃദ്ധസദനങ്ങള്‍ക്ക് ഗ്രാന്റ്, പെന്‍ഷന്‍ സംവിധാനം തുടങ്ങിയവയും നല്‍കിവരുന്നു. വയോജനങ്ങളെ സൗജന്യമായി ആശുപത്രിയിലേക്കും തിരിച്ചും കൊണ്ടുപോകാനായി ആംബുലന്‍സ് ലഭ്യമാക്കുന്ന പദ്ധതി സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടെന്നും വയോജനങ്ങളെ സഹായിക്കാനും പരിരക്ഷ ഉറപ്പാക്കനുമാണ് സര്‍ക്കാര്‍, ത്രിതല പഞ്ചായത്ത് സംവിധാനങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പലമേഖലകളിലും ഇനിയും സജീവമായി ഇടപെടാന്‍ സഹകരണ സംഘങ്ങള്‍, വയോജന അയല്‍കൂട്ടങ്ങള്‍ തുടങ്ങിയവ രൂപീകരിച്ച് പ്രവര്‍ത്തിക്കണമെന്ന് എം.എല്‍.എ വയോജനങ്ങളോടാവശ്യപ്പെട്ടു.

കല്‍പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ആര്‍. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ മുതിര്‍ന്ന പൗരന്മാരെ ആദരിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ടി മണി, കെ അജിത, ഉമൈബ മൊയ്തീന്‍കുട്ടി, കൗണ്‍സിലര്‍മാരായ വി ഹാരിസ്, എ.പി ഹമീദ്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പവിത്രന്‍ തൈക്കണ്ടി, സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാ കോ- ഓഡിനേറ്റര്‍ സിനോജ് പി. ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത വയോജനങ്ങള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കൂടാതെ വയോജനങ്ങള്‍, സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ അവതരിപ്പിച്ച കലാവിരുന്നും സിംഗേര്‍സ് ഓഫ് വയനാട് അവതരിപ്പിച്ച കരോക്കെ ഗാനമേളയും അരങ്ങേറി.  

date