Skip to main content

ഗാന്ധിജി പകരംവയ്ക്കാനാവാത്ത വ്യക്തിത്വം: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

ഗാന്ധി ജയന്തി വാരാഘോഷത്തിന് വര്‍ണാഭമായ തുടക്കം
ലോകം മുഴുവന്‍ ആദരിക്കുന്ന മഹാത്മാഗാന്ധിക്ക് പകരമാകാന്‍ മറ്റാര്‍ക്കും സാധിക്കില്ലെന്ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഗാന്ധിജി രചിച്ച ചരിത്രം ആര്‍ക്കും മാറ്റാനാകില്ല. ചരിത്രനായകരെ വികലമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ രാജ്യത്ത് നടക്കുന്നുണ്ട്. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ജനമനസ്സുകളില്‍ അവര്‍ക്കുള്ള സ്ഥാനം ഇല്ലാതാക്കാന്‍ ആകില്ല. ഗാന്ധി ദര്‍ശനങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു. സ്‌നേഹം, വിശ്വാസ്യത, രാജ്യസ്‌നേഹം എന്നിവ കൈമോശം വന്നാല്‍ വിനാശമായിരിക്കും ഫലം. വിദ്യാര്‍ഥികള്‍ ഭാവിയുടെ വാഗ്ദാനങ്ങളാണെന്നും അവരിലൂടെയാണ് ഗാന്ധി ദര്‍ശനങ്ങള്‍ വാഴ്ത്തപ്പെടേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മേയര്‍ സുമ ബാലകൃഷ്ണന്‍ അധ്യക്ഷയായി. പരിപാടിയുടെ ഭാഗമായി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഒരുക്കിയ ഗാന്ധി ചരിത്ര ഫോട്ടോ പ്രദര്‍ശനം കെ സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. ഗാന്ധിജിയെ അടുത്തറിയാനും അദ്ദേഹത്തിന്റെ മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താനും നമുക്ക് കഴിയണമെന്ന് കെ സുധാകരന്‍ എംപി പറഞ്ഞു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് മുഖ്യാതിഥിയായി. ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഗാന്ധിജയന്തി ദിന സന്ദേശം നല്‍കി. കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. പി ഇന്ദിര, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, അസിസ്റ്റന്റ് എഡിറ്റര്‍ സി പി അബ്ദുള്‍ കരീം, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി പി നിര്‍മ്മലാ ദേവി, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി കെ സുരേഷ്, പ്രിന്‍സിപ്പല്‍ ഫാ. ജോണ്‍ ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കണ്ണൂര്‍ എക്‌സൈസ് ഡിവിഷന്റെ നേതൃത്വത്തില്‍ കെകെജിഎസ് സനോജ് മെമ്മോറിയല്‍ മുഴക്കുന്ന്, ഏച്ചൂര്‍ ശ്രീബാല കളരി സംഘങ്ങള്‍ അവതരിപ്പിച്ച കളരിപ്പയറ്റ് പ്രദര്‍ശനവും അരങ്ങേറി.
പരിപാടിയുടെ ഭാഗമായി രാവിലെ പുതിയ ബസ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച ഗാന്ധി സന്ദേശ യാത്ര സെന്‍്റ് മൈക്കിള്‍സ് സ്‌കൂളില്‍ സമാപിച്ചു. ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാര്‍ റാലി ഫ്ളാഗ് ഓഫ് ചെയ്തു. എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എന്‍സിസി, സ്റ്റുഡന്റ് പോലീസ്, സ്‌കൗട്ട് ആന്റ് ഗൈഡ്സ്, എന്‍എസ്എസ് എന്നിവയുടെ സഹകരണത്തോടെയാണ് റാലി സംഘടിപ്പിച്ചത്. സ്റ്റേഡിയം കോര്‍ണറില്‍ ഒരുക്കിയ ബിഗ് ക്യാന്‍വാസ് - സമൂഹ ചിത്രരചനയും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ജില്ലാ ഭരണകൂടം, വിദ്യാഭ്യാസ വകുപ്പ്, പോലീസ്, എക്സൈസ്, ആരോഗ്യ വകുപ്പ്, യുവജനക്ഷേമ ബോര്‍ഡ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍, ശുചിത്വമിഷന്‍, ഹരിത കേരളം മിഷന്‍, എന്‍എസ്എസ്, എന്‍സിസി യൂണിറ്റുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് വാരാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്.

date