Skip to main content

സൗഹൃദത്തിന്റെ ഓര്‍മപ്പെടുത്തലുമായി ഗാന്ധിസ്മൃതിക്ക് തുടക്കം

സൗഹൃദത്തിന്റെ ഓര്‍മപ്പെടുത്തലുമായി 'ഗാന്ധി സ്മൃതി - അക്ഷരദീപം' പരിപാടികള്‍ക്ക്  വിളംബര ഘോഷയാത്രയോടെ തുടക്കമായി. മഹാത്മാഗാന്ധിയുടെ 150-ാം ജ•ദിനവാര്‍ഷികത്തോടനുബന്ധിച്ചാണ് പരിപാടികള്‍ നടത്തുന്നത്.   ഭാരതത്തിന്റെ സംസ്‌കാരവും ഐക്യവും ഓര്‍മപ്പെടുത്തിയ വിളംബര ഘോഷയാത്ര ജില്ലകലക്ടര്‍ ജാഫര്‍ മലിക് ഫ്ളാഗ് ഓഫ് ചെയ്തു. ജില്ല കലക്ടറുടെ വസതിക്ക് മുന്നില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര നഗരം ചുറ്റി കുന്നുമ്മല്‍ കെ.എസ്.ആര്‍.ടി.സിക്ക് സമീപം സമാപിച്ചു. ഒപ്പന, തിരുവാതിര, മാര്‍ഗം കളി എന്നിവ കോര്‍ത്തിണക്കി വിദ്യാര്‍ഥികള്‍ അവതിരിപ്പിച്ച 'ഭാരതീയം' ഘോഷയാത്രയുടെ മാറ്റുകൂട്ടി.
നാഷനല്‍ സര്‍വീസ് സ്‌കീം വളന്റിയര്‍മാരായ വിദ്യാര്‍ഥികള്‍ വരച്ച ഗാന്ധി ചുവര്‍ചിത്രം ജില്ല കലക്ടര്‍ അനാച്ഛാദനം ചെയ്തു. ജില്ല കലക്ടറുടെ വസതിയുടെ ചുറ്റുമതിലിലാണ് വിദ്യാര്‍ഥികള്‍ ചിത്രം വരച്ചത്. പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം നല്‍കുന്നതാണ് വിദ്യാര്‍ഥികള്‍ വരച്ച ചിത്രം.  വിപുലമായ പരിപാടികളോടെയാണ് ഇത്തവണ വാരാഘോഷം നടത്തുന്നത്. ഗാന്ധിസ്മൃതി സദസുകള്‍, രചനാമത്സരങ്ങള്‍, പ്രദര്‍ശനങ്ങള്‍, ചിത്രരചന, പുസ്തകോത്സവം, ചലിച്ചിത്ര പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ പരിപാടിയുടെ അനുബന്ധമായി ജില്ലയില്‍ സംഘടിപ്പിക്കും. നാഷണല്‍ സര്‍വീസ് സ്‌കീം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ശുചിത്വമിഷനും ഗാന്ധിദര്‍ശന്‍ സമിതിയും സംയുക്തമായാണ് ഗാന്ധിസ്മൃതി-അക്ഷരദീപം പരിപാടിയ്ക്ക് നേതൃത്വം നല്‍കുന്നത്. 
 

date