Skip to main content

സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അധ്യക്ഷന്‍ നാളെ ജില്ലയിലെത്തും കവളപ്പാറ സന്ദര്‍ശിക്കും

സംസ്ഥാന ഭക്ഷ്യകമ്മീഷന്‍ അധ്യക്ഷന്‍  കെ.വി മോഹന്‍കുമാര്‍ നാളെ(ഒക്ടോബര്‍ മൂന്ന്) ജില്ലയിലെത്തി വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 10ന് പ്രളയദുരിത ബാധിത പ്രദേശമായ കവളപ്പാറ സന്ദര്‍ശിക്കും. തുടര്‍ന്ന് പോത്തുകല്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പൊതുജനങ്ങളുമായി സംവദിച്ച് അവരുടെ പരാതികള്‍ കേള്‍ക്കും. പൊതുവിതരണ സംവിധാനവുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ പൊതുജനങ്ങള്‍ക്ക് കമ്മീഷന് നേരിട്ട് നല്‍കാം.
തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടിന്  ജില്ലാ സപ്ലൈ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ജില്ലാതല ബോധവത്ക്കരണ പരിപാടിയില്‍ കമ്മീഷന്‍ പങ്കെടുത്ത് ആമുഖ പ്രസംഗം നടത്തും. ദേശീയ ഭദ്രതാ നിയമം, ചട്ടങ്ങള്‍, ജില്ലാതലപരിഹാര സംവിധാനം, സംസ്ഥാന ഭക്ഷ്യകമ്മീഷന്റെ വിവിധ പദ്ധതികള്‍ തുടങ്ങിയ വിഷയങ്ങളില്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ മെമ്പര്‍, എ.ഡി.എം എന്‍.എം മെഹ്റലി, മറ്റ് ഉദ്യോഗസ്ഥരും ക്ലാസെടുക്കും.  ദേശീയ ഭദ്രതാനിയമങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമ്മീഷനുമായി പങ്കുവെക്കാനുള്ള അവസരം ഉണ്ടായിരിക്കും. പൊതുജനങ്ങളും ഉപഭോക്ത സംഘനകളും നിര്‍ബന്ധമായും ബോധവത്കരണ പരിപാടിയില്‍ പങ്കെടുക്കണമെന്ന് ജില്ലാസപ്ലൈ ഓഫീസര്‍ അറിയിച്ചു.
 

date