Skip to main content

അശ്വമേധം: ജില്ലയിലെ വിദ്യാര്‍ഥികള്‍ രക്ഷിതാക്കള്‍ക്ക് കത്തെഴുതുന്നു

   അശ്രദ്ധ കാരണം നിങ്ങളുടെയോ ഞങ്ങളുടെയോ ഭാവി ഇരുളടയാതിരിക്കട്ടേയെന്ന ഓര്‍മ്മപ്പെടുത്തലുമായി ജില്ലയിലെ വിദ്യാര്‍ഥികള്‍ രക്ഷിതാക്കള്‍ക്ക് കത്തെഴുതുന്നു. അശ്വമേധം എന്ന പേരില്‍ നടക്കുന്ന കുഷ്ഠരോഗ നിര്‍ണയ പരിപാടിയുടെ പ്രചാരണം ലക്ഷ്യമിട്ടാണ്  മാതാപിതാക്കള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ക്ക്  കുട്ടികള്‍ പോസ്റ്റ് കാര്‍ഡുകള്‍ വഴി എഴുത്തയക്കുന്നത്. രോഗത്തെക്കുറിച്ച ലഘു വിവരണം, ലക്ഷണങ്ങള്‍ കണ്ടു പിടിച്ചാല്‍ ചെയ്യേണ്ടത് എന്നിവയൊക്കെ ചെറു വാചകങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഹയര്‍ സെക്കന്‍ഡറി വിഭാഗം മുഴുവന്‍ കുട്ടികളും തങ്ങളുടെ രക്ഷിതാക്കള്‍ക്ക് കത്തെഴുതി പോസ്റ്റ് ചെയ്തു. തെരഞ്ഞെടുത്ത മറ്റു സ്‌കൂളുകളിലും പരിപാടി സംഘടിപ്പിക്കുമെന്ന് ആരോഗ്യവകുപ്പധികൃതര്‍ അറിയിച്ചു.
   പരിപാടിയുടെ ജില്ല തല ഉദ്ഘാടനം മലപ്പുറം ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ല ലെപ്രസി ഓഫീസര്‍ ഡോ. കെ. മുഹമ്മദ് ഇസ്മായില്‍ നിര്‍വഹിച്ചു. ജില്ല എജുക്കേഷന്‍ ആന്‍ഡ് മാസ് മീഡിയ ഓഫീസര്‍ ടി.എം.ഗോപാലന്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ പി.രാജു,അസി. ലെപ്രസി ഓഫീസര്‍ എം.അബ്ദുല്‍ ഹമീദ്, പ്രിന്‍സിപ്പല്‍ സി.മനോജ് കുമാര്‍, സ്റ്റാഫ് സെക്രട്ടറി കെ.എം.മനോഹരന്‍, നോണ്‍ മെഡിക്കല്‍ സൂപ്പര്‍വൈസര്‍മാരായ വി.കെ.അബ്ദുല്‍ സത്താര്‍, സി. വല്‍സലന്‍, എന്‍.സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.  
 

date