Skip to main content

ഭിന്നശേഷിക്കാർക്ക് അവസരങ്ങളുടെ ആഘോഷം: ഇന്ന് (ഒക്‌ടോബർ 2) തുടക്കം

ഭിന്നശേഷി വിഭാഗത്തിന്റെ വളർച്ച ലക്ഷ്യമാക്കി സാമൂഹ്യനീതി വകുപ്പ് കല്ലേറ്റുംകര നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് ഹാബിലിറ്റേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ സാമൂഹ്യ സുരക്ഷ മിഷനുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന 'അവസരങ്ങളുടെ ആഘോഷം' എക്സിബിഷന് തൃശൂർ ശക്തൻ നഗറിൽ ഇന്ന് (ഒക്‌ടോബർ രണ്ടിന്) തുടക്കമാകും. സമ്മേളനം ഉച്ചക്ക് രണ്ടിന് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. മേയർ അജിത വിജയൻ അധ്യക്ഷത വഹിക്കും. സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. മൃദുൽ ഈപ്പൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്മേരി തോമസ് തുടങ്ങിയവർ മുഖ്യാതിഥികളാകും. ജില്ലാ കളക്ടർ എസ് ഷാനവാസ് എൻഐപിഎംആർ വെർച്ച്വൽ ടൂർ പ്രകാശനം ചെയ്യും. ഒക്ടോബർ രണ്ടു മുതൽ ലോക സെറിബ്രൽ പാൾസി ദിനമായ ഒക്ടോബർ ആറ് വരെയാണ് പരിപാടികൾ. ഭിന്നശേഷി സഹായ ഉപകരണങ്ങളുടെ പ്രദർശനം എല്ലാ ദിവസവും രാവിലെ ഒൻപത് മണി മുതൽ രാത്രി എട്ട് വരെ ശക്തൻ നഗറിൽ നടക്കും.
ഭിന്നശേഷി ആവശ്യകതാ നിർണ്ണയ ക്യാമ്പ്, സെമിനാറുകൾ, ജീവിത വിജയം കൈവരിച്ച സെറിബ്രൽ പാൾസി ബാധിതരെ ആദരിക്കൽ തുടങ്ങിയ പരിപാടികൾ അഞ്ചു ദിവസങ്ങളിലായി നടക്കും. ഒക്‌ടോബർ മൂന്നിന് നടക്കുന്ന സഹായ ഉപകരണങ്ങളുടെ അവശ്യ നിർണ്ണയ ക്യാമ്പ് കേരള ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലർ ഡോ. എംകെസി നായർ ഉദ്ഘാടനം ചെയ്യും. തൃശ്ശൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ റാഫി പി ജോസ് അധ്യക്ഷത വഹിക്കും. ഒക്‌ടോബർ നാലിന് വിഭ്യാഭ്യാസ ഉൾച്ചേർക്കലും സഹായ സാങ്കേതിക വിദ്യയും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. സെറിബ്രൽ പാൾസി ബാധിതരായ കുട്ടികളുടെ മാതാപിതാക്കൾക്കുള്ള അതിജീവന തന്ത്രങ്ങൾ എന്ന വിഷയത്തിൽ എൻഐപിഎംആർ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആതിര ശങ്കർ ക്ലാസ്സെടുക്കും. തുടർന്ന് ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരിപാടികൾ ഉണ്ടാകും.
ഒക്‌ടോബർ അഞ്ചിന് രാവിലെ ഒൻപത് മുതൽ പത്ത് വരെ ഭിന്നശേഷി സഹായ ഉപകരണങ്ങൾ, നൂതന കണ്ടെത്തലുകൾ എന്നിവയുടെ അവതരണം നടക്കും. വീൽചെയറിൽ നിന്നും മറ്റ് സംവിധാനങ്ങളിലേക്ക് മാറ്റുന്നത് സംബന്ധിച്ച ക്ലാസ്സ് ഡബ്ല്യൂ എച്ച് ഒ സെർട്ടിഫൈഡ് വീൽ ചെയർ ട്രെയിനി ഡോ. ആഷിക് ഹൈദർ അലി ക്ലാസ്സെടുക്കും. ഉച്ചക്ക് രണ്ട് മുതൽ നാല് വരെ ഭിന്നശേഷി ശാക്തീകരണവും തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളും എന്ന വിഷയത്തിൽ പാനൽ ചർച്ച നടക്കും. സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. ബി ഇക്ബാൽ മോഡറേറ്ററാകും. കില ഡയറക്ടർ ഡോ. ജോയ് ഇളമൺ പങ്കെടുക്കും. സമാപന സമ്മേളനം ഒക്‌ടോബർ ആറിന് രാവിലെ 11 ന് ആരോഗ്യ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും. ടി എൻ പ്രതാപൻ എംപി മുഖ്യാതിഥിയാകും. സാമൂഹ്യ നീതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ബിജു പ്രഭാസ് ഇന്നോവേഷൻ അവാർഡ് വിതരണം ചെയ്യും. സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ ഷീബ ജോർജ് മികച്ച സ്റ്റാളിനുള്ള പുരസ്‌ക്കാരം വിതരണം ചെയ്യും. എൻ ഐപിഎംആർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ ബി മുഹമ്മദ് അഷീൽ സ്വാഗതവും ജോയിന്റ് ഡയറക്ടർ സി ചന്ദ്രബാബു നന്ദിയും പറയും.

date