Skip to main content

അവസരങ്ങളുടെ ആഘോഷം: ഭിന്നശേഷി സഹായ ഉപകരണ പ്രദർശനം കൃഷി മന്ത്രി വി എസ് സുനിൽകുമാർ സന്ദർശിച്ചു

ശക്തൻ ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന ഭിന്നശേഷി സഹായ ഉപകരണങ്ങളുടെ പ്രദർശനം: അവസരങ്ങളുടെ ആഘോഷത്തിന്റെ രണ്ടാം ദിവസം പ്രദർശനം കാണാൻ കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനിൽകുമാറെത്തി. ഭിന്നശേഷി സഹായ ഉപകരണങ്ങളുടെ പ്രദർശനം നടക്കുന്ന വിവിധ സ്റ്റാളുകൾ അദ്ദേഹം സന്ദർശിച്ചു. ഭിന്നശേഷി സഹായ ഉപകരണങ്ങളെക്കുറിച്ചു കൂടുതൽ അറിവ് പൊതുജനങ്ങളിലേക്ക് എത്തിക്കാൻ പ്രദർശനത്തിന് കഴിയുമെന്ന് മന്ത്രി പറഞ്ഞു. പരിമിതിയുടെ ചുമരുകൾക്കുള്ളിൽ പ്രതീക്ഷയുടെ വെളിച്ചം കെട്ടുപോയവർക്ക് പുതു ജീവൻ നൽകാൻ ഇതു പോലുള്ള പരിപാടികൾ സംഘടിപ്പിക്കേണ്ടത് അത്യാവശ്യമാണ്. സാങ്കേതിക വിദ്യയുടെ പുരോഗതി മനുഷ്യന്റെ കുറവുകളെ അനായാസമായി പരിഹരിക്കാൻ കഴിയുന്ന തലത്തിലേക്ക് വളർന്നിരിക്കുന്നു. ഇതിന്റെ സാധ്യതകളെക്കുറിച്ചുള്ള അവബോധം ഒരു കൈ സഹായം വേണ്ടി വരുന്നവരിലേക്ക് എത്തിക്കേണ്ടത് അത്യാവശ്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അവസരങ്ങളുടെ ആഘോഷം ഭിന്നശേഷി സഹായ ഉപകരണ പ്രദർശനങ്ങളുടെ രണ്ടാം ദിവസം സഹായ ഉപകരണങ്ങളുടെ ആവശ്യകതാ നിർണ്ണയ ക്യാമ്പ് നടന്നു. കേരള ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. എം കെ സി നായർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ മെഡിക്കൽ കോളേജ് പീഡിയാട്രിക് വിഭാഗം അഡിഷണൽ പ്രൊഫസർ ഡോ. പാർവതി അധ്യക്ഷത വഹിച്ചു. ലൈബ്രറി സയൻസിൽ പിഎച്ച്ഡി കരസ്ഥമാക്കിയ എൻഐപിഎംആർ ലൈബ്രറേറിയൻ പി യു മഞ്ജുവിനെ ഉപഹാരം നൽകി ആദരിച്ചു. എൻഎച്ച്എം തൃശ്ശൂർ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി വി സതീശൻ, ഐസിഡിഎസ്‌സെൽ പ്രോഗ്രാം ഓഫീസർ കെ കെ ചിത്രലേഖ തുടങ്ങിയവർ ആശംസ നേർന്നു. എൻഐപിഎംആർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ബി മുഹമ്മദ് അഷീൽ സ്വാഗതവും ഡെവലപ്പ്‌മെന്റ് ആൻഡ് ബിഹേവിയറൽ പീഡിയാട്രീഷൻ ഡോ. മായ ബോസ് വിനോദ് നന്ദിയും പറഞ്ഞു.
ഒക്യുപേഷണൽ തെറാപ്പി, സ്പീച് തെറാപ്പി, ഫിസിയോ തെറാപ്പി, സൈക്കോളജി, ഫിസിയാട്രി, ഡെവലപ്പ്‌മെന്റൽ തെറാപ്പി, ഡയാട്രീഷൻ, പീഡിയാട്രീഷൻ എന്നീ വിഭാഗങ്ങളിലായി വിദഗ്ധ സംഘം ക്യാമ്പിന് നേതൃത്വം നൽകി. 112 പേർ ക്യാമ്പിൽ പങ്കെടുത്തു.

date