Skip to main content

മോട്ടോർ വാഹനനിയമം ലംഘനം കുറഞ്ഞു: പിഴ തുകയിലും വൻ കുറവ്

പുതിയ മോട്ടോർ വാഹന വകുപ്പ് നിയമം താത്കാലികമായി പിൻവലിച്ചെങ്കിലും നിയമം ലംഘിച്ച് വാഹനമോടിക്കുന്നവർ ഏറെ കുറഞ്ഞതായി കണക്കുകൾ. ഇവരിൽ നിന്ന് ഈടാക്കിയിരുന്ന പിഴ തുകയിലും പത്തുലക്ഷത്തോളം രൂപയുടെ കുറവാണ് സെപ്തംബറിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഓഗസ്റ്റിൽ 2203950 രൂപയാണ് അഞ്ച് ആർ ടി ഒ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകൾ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് പിടിച്ചെടുത്തത്. ടാക്‌സ് ഇനത്തിൽ 180000 രൂപയും ആർടി ഓഫീസിനു ലഭിച്ചു. എന്നാൽ സെപ്തംബറിൽ പിടിച്ചെടുത്ത തുക വെറും 816850 രൂപ മാത്രമാണ്. ടാക്‌സ് ഇനത്തിൽ ലഭിച്ചത് 28800 രൂപ മാത്രം. ജില്ലയിൽ സെപ്തംബർ മാസത്തെ കണക്കെടുപ്പിൽ നിയമം തെ്റ്റിച്ച് വാഹനമോടിച്ച വെറും 534 കേസുകൾ മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഓഗസ്റ്റിൽ ഇത്തരത്തിൽ 2502 കേസുകളാണ് ജില്ലയിൽ ഉണ്ടായത്.
ഹെൽമറ്റ് ധരിക്കാതെ മോട്ടാർ സൈക്കിൾ ഓടിക്കൽ, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കൽ, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, വാഹനങ്ങളിൽ ഹെഡ് ലൈറ്റ് സ്ഥാപിക്കാതിരിക്കൽ, അമിതവേഗത, ഇൻഷൂറൻസ് അടയ്ക്കാതിരിക്കൽ, സമയക്രമം തെറ്റിച്ച് വാഹനമോടിക്കൽ എന്നിങ്ങനെ മുപ്പത്തഞ്ചോളം ഇനത്തിലുള്ള കുറ്റകൃത്യങ്ങളാണ് ആർടിഒ എൻഫോഴ്‌സ്‌മെന്റ് പരിശോധിച്ചത്.
സെപ്തംബർ ഒന്നുമുതൽ മോട്ടോർ വാഹന നിയമങ്ങൾ പാലിച്ചില്ലെങ്കിൽ കനത്ത പിഴ ഈടാക്കുമെന്ന ഉത്തരവ് ആദ്യ ദിനങ്ങളിൽ നടപ്പിലാക്കിയതോടെയാണ് വാഹനം ഉപയോഗിക്കുന്നവർ നിയമം പാലിക്കാൻ ശ്രദ്ധിച്ചത്. ഓഗസ്റ്റിൽ ഹെൽമറ്റ് ധരിക്കാതെ വാഹനമോടിച്ച കേസുകൾ 604 ആയിരുന്നെങ്കിൽ സെപ്തംബറിൽ അത് 83 ആയി ചുരുങ്ങി. സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിച്ച 374 കേസുകളാണ് ഓഗസ്റ്റിൽ ഉണ്ടായത്. എന്നാൽ സെപ്തംബറിൽ ഇത് 21 കേസുകൾ മാത്രമായി. ഓഗസ്റ്റിൽ ടാക്‌സ് അടക്കാത്ത 196 കേസുകൾ ഉണ്ടായെങ്കിൽ സെപ്തംബറിൽ അത് 72 ആയി ചുരുങ്ങി.

date