Skip to main content

ധര്‍മ്മടം മണ്ഡലം വികസനം: പദ്ധതികളുടെ സ്ഥലമേറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ നടപടി

ധര്‍മ്മടം മണ്ഡലത്തിലെ വിവിധ വികസന പദ്ധതികള്‍ക്കായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍  വേഗത്തിലാക്കാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. ഇതിനായി കൃത്യമായ സമയക്രമം ഉണ്ടാക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. നടപടിക്രമങ്ങള്‍ക്കുള്ള ചുരുങ്ങിയ സമയ പരിധി പാലിച്ചുകൊണ്ട് ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തിലായിരിക്കും സമയക്രമം തയ്യാറാക്കുക. ഇതിനനുസരിച്ച് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ബന്ധപ്പെട്ട വകുപ്പുകളും ഉദ്യോഗസ്ഥരും സ്വീകരിക്കണം. ചേരിക്കലിലെ ശില്‍പ്പഗ്രാമം, പെരളശ്ശേരിയിലെ ഏകെജി മ്യൂസിയം, ജൈവവൈവിധ്യ പാര്‍ക്ക് തുടങ്ങിയ പ്രധാന പ്രൊജക്ടുകളുടെ സ്ഥലമെടുപ്പ് സംബന്ധിച്ചാണ് ഈ തീരുമാനം.
മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ യോഗം പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ബന്ധപ്പെട്ട ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കി. ചില കരാറുകാര്‍ ഏറ്റെടുത്ത പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതില്‍ കാലതാമസം വരുത്തുന്നതായി യോഗത്തില്‍ വിമര്‍നശം ഉയര്‍ന്നു. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്നും നിരന്തരം വീഴ്ച വരുത്തുന്ന കരാറുകാരുണ്ടെങ്കില്‍ കരിമ്പട്ടിയില്‍പ്പെടുത്താന്‍ നടപടി കൈക്കൊള്ളണമെന്നും കലക്ടര്‍ പറഞ്ഞു. പൊതുമരാമത്ത് പ്രവൃത്തികളില്‍ ഗുണനിലവാരം ഉറപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ കര്‍ശനമായി ഇടപെടണമെന്നും ഇക്കാര്യത്തില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍ പറഞ്ഞു.
മേലൂര്‍ക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡിനായി ഭൂമി ഏറ്റെടുത്തതിന് ഉടമകള്‍ക്കുള്ള നഷ്ടപരിഹാരം നല്‍കുന്ന നടപടി പുരോഗമിക്കുകയാണ്. മൊത്തം 75 പേര്‍ക്കാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. ഇതില്‍ 39 പേര്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇവരുടെ ആധാരം രജിസറ്റര്‍ ചെയ്യാനുള്ള നടപടിയായി. ഇത് പൂര്‍ത്തിയാക്കുന്നതോടെ പണം കൈമാറും. ബാക്കിയുള്ളവര്‍ രേഖകള്‍ സമര്‍പ്പിക്കുന്ന മുറക്ക് പണം നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതിനായി പാറപ്രത്ത് റവന്യൂ, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത് സബ് കലക്ടറുടെ നേതൃത്വത്തില്‍ ഒരാഴ്ചക്കകം ഗുണഭോക്താക്കളുടെ യോഗം ചേരാനും തീരുമാനിച്ചു.
എംഎല്‍എയുടെ ആസ്ഥി വികസന ഫണ്ടിലെയും വെള്ളപ്പൊക്ക പുനരുദ്ധാരണ ഫണ്ടിലെയും പ്രവൃത്തികള്‍ക്ക് അനുമതി നല്‍കുന്നതിലും ഫണ്ട് അനുവദിക്കുന്നതിലും കാലതാമസം വരുന്നതായി വിമര്‍ശനം ഉയര്‍ന്നു. ഇക്കാര്യങ്ങള്‍ പരിശോധിക്കുന്നതിന് ഒക്‌ടോബര്‍ 15ന് പ്രത്യേക അവലോകന യോഗം ചേരാമെന്ന് കലക്ടര്‍ അറിയിച്ചു. ഈ പ്രവൃത്തികള്‍ നിശ്ചിത സമയ പരിധിയില്‍ തന്നെ പൂര്‍ത്തിയാക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളും മറ്റ് വകുപ്പുകളും ഒരു പോലെ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഗവ. ബ്രണ്ണന്‍ കോളേജ് വികസനത്തിന്റെ ഒന്നാംഘട്ടമായി 30 കോടിയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതിയായിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിനിധി കെ പ്രദീപന്‍ അറിയിച്ചു. കിഫ്ബി വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ മാസത്തെ കിഫ്ബി ബോര്‍ഡില്‍ ഇതിന് അനുമതിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹോസ്റ്റലിനായി എംഎല്‍എയുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപയും അനുവദിച്ചു. ഇതിന്റെ എസ്റ്റിമേറ്റ് തയ്യാറായിട്ടുണ്ട്. പ്രവൃത്തി അടുത്തുതന്നെ ആരംഭിക്കാനാകും.
മണ്ഡലത്തിലെ ഓരോ വകുപ്പുകള്‍ക്കും കീഴില്‍ വരുന്ന പ്രവൃത്തികളുടെ പുരോഗതി യോഗം അവലോകനം ചെയ്തു. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ കെ രാജീവന്‍, എം സി മോഹനന്‍, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ കെ പ്രകാശന്‍, ഫിനാന്‍സ് ഓഫീസര്‍ പി വി നാരായണന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

date