Skip to main content

വനിത ഘടക പദ്ധതികളിലൂടെ വനിതകളെ വ്യത്യസ്ത  മേഖലകളിലേക്ക് ഉയര്‍ത്താന്‍ കഴിയണം: ജില്ലാ ആസൂത്രണ സമിതി

തദ്ദേശ സ്ഥാപനങ്ങളിലെ വനിതാ ഘടകപദ്ധതികളിലൂടെ അനുവദിക്കുന്ന പ്രവൃത്തികള്‍ ചില പ്രത്യേക മേഖലകളിലേക്ക് മാത്രം ഒതുങ്ങിപ്പോകരുതെന്നും വ്യത്യസ്തമായ മേഖലകളിലേക്ക് സ്ത്രീകളെ ഉയര്‍ത്താന്‍ ഈ പദ്ധതികള്‍ക്ക് കഴിയണമെന്നും ജില്ലാ ആസൂത്രണ സമിതിയില്‍ വിലയിരുത്തല്‍. വനിതാ ഘടകപദ്ധതിയിലൂടെ കുടുംബത്തിലേക്കാവശ്യമായ മുഴുവന്‍ വരുമാനവും ലഭിക്കുന്ന സ്ഥിതിയുണ്ടാകണമെന്നും ജില്ലാ ആസൂത്രണ സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് പറഞ്ഞു. ഔദ്യോഗിക പരിപാടികളിലടക്കം ഡിസ്‌പോസിബിള്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ശക്തമായ നടപടികള്‍ കൈകൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു. അപകടകരമായ പ്ലാസ്റ്റിക്കുകളുടെ നിരോധനം കര്‍ശനമാക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.    
പദ്ധതികള്‍ ഭേദഗതിക്ക് സമര്‍പ്പിക്കുമ്പോള്‍ വേണ്ടത്ര പഠനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്നും അതിനാലാണ് പദ്ധതികള്‍ കൂടുതല്‍ തവണ ഭേദഗതിക്കായി സമര്‍പ്പിക്കേണ്ടിവരുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. പദ്ധതി ചെലവുകളുടെ കാര്യത്തില്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. ഇത് വിലയിരുത്തുന്നതിനായി ഓരോ ആഴ്ചയും യോഗം ചേരണമെന്നും ആസൂത്രണ സമിതി ആവശ്യപ്പെട്ടു. 51 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് ആസൂത്രണ സമിതി അംഗീകാരം നല്‍കി. ബാക്കിയുള്ള 19 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭേദഗതികള്‍ പരിശോധിച്ചതിന് ശേഷം അംഗീകാരം നല്‍കുമെന്ന് യോഗം അറിയിച്ചു.  
പ്രളയ ബാധിത മേഖലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിച്ച സ്‌കൂളുകള്‍ക്ക് സോളാര്‍ പവര്‍ പ്ലാന്റും സോളാര്‍ വാട്ടര്‍ ഹീറ്ററും നല്‍കുമെന്ന് അനെര്‍ട്ട് ജില്ലാ എഞ്ചിനീയര്‍ യോഗത്തെ അറിയിച്ചു. ഇതിന്റെ സര്‍വ്വേ നടപടികള്‍ പുരോഗമിക്കുകയാണ്. അനെര്‍ട്ടിന്റെ തനത് ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് ഇവ നിര്‍മ്മിച്ചു നല്‍കുക.
ജില്ലാ ആസൂത്രണ സമിതി മെമ്പര്‍ സെക്രട്ടറിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, ആസൂത്രണ സമിതി അംഗങ്ങളായ പി പി ദിവ്യ, വി കെ സുരേഷ് ബാബു, അജിത്ത് മാട്ടൂല്‍, പി ജാനകി, പി ഗൗരി, സുമിത്ര ഭാസ്‌ക്കരന്‍, കെ വി ഗോവിന്ദന്‍, എം സുകുമാരന്‍, പി കെ ശ്യാമള, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ പ്രകാശന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.  

date