Skip to main content

ഉപഭോക്തൃ സമ്പര്‍ക്ക പരിപാടിക്ക് തുടക്കം പൊതുജനങ്ങള്‍ക്ക് വായ്പ നേടാന്‍ അവസരം

പൊതുജനങ്ങള്‍ക്ക് കൂടുതല്‍ വായ്പ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലയിലെ ദേശസാത്കൃത ബാങ്കുകള്‍ നടത്തുന്ന ഉപഭോക്തൃ സമ്പര്‍ക്ക പരിപാടിക്ക് തുടക്കമായി. വായ്പയെക്കുറിച്ചറിയാനും സാമ്പത്തിക സഹായ പദ്ധതികളെ കുറിച്ച് മനസ്സിലാക്കാനും സഹായകരമാകുന്ന പരിപാടി ജില്ലാകലക്ടര്‍ ജാഫര്‍ മലിക് ഉദ്ഘാടനം ചെയ്തു. മേളയില്‍ വിവിധ ബാങ്കുകള്‍ അനുവദിച്ച 2788.34 ലക്ഷം രൂപയുടെ വായ്പകള്‍, 790 അപേക്ഷകര്‍ക്ക് കലക്ടര്‍ വിതരണം ചെയ്തു. നഗരസഭ ടൗണ്‍ഹാളില്‍ നടക്കുന്ന പരിപാടി ഒക്ടോബര്‍ അഞ്ചിന് സമാപിക്കും.
കനറാ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് പരിപാടി.   വായ്പ സംബന്ധിച്ച  വിവരങ്ങളും സഹായവും മേളയിലെ കൗണ്ടറില്‍ അറിയാം. എല്ലാ ബാങ്കുകളുടെയും കൗണ്ടറുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കുടുംബശ്രീ, വ്യവസായം, ഖാദി ബോര്‍ഡ.് എന്നിവരുടെയും കൃഷി വകുപ്പിന്റെയും സ്റ്റാളുകളും മേളയിലുണ്ട് ഇതിനു പുറമെ അക്ഷയയുടെ നേതൃത്വത്തില്‍ ആധാര്‍ സേവന കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്. കാര്‍ഷിക വായ്പ, സംരംഭകത്വ വായ്പ, ഭവന വാഹന  വിദ്യാഭ്യാസ വായ്പ എന്നിവ ലഭിക്കുന്നതിനാ വശ്യമായ സഹായം ഉപഭോക്തൃ സമ്പര്‍ക്ക പരിപാടിയില്‍ ഒരുക്കിയിട്ടുണ്ട്.
കൂടാതെ ഉപഭോക്തൃ സമ്പര്‍ക്ക പരിപാടിയില്‍ ഒരുക്കിയിട്ടുള്ള  സാമ്പത്തിക സാക്ഷരതാ സ്റ്റാളില്‍ വിവിധ ഇനം ഡിജിറ്റല്‍ പേയ്‌മെന്റ് രീതികള്‍ക്കുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. എ.ടി.എം കാര്‍ഡ്,മൊബൈല്‍ ഫോണ്‍ എന്നിവയുമായി വരുന്നവര്‍ക്ക് സൗകര്യം ഉപയോഗപ്പെടുത്താം. 
കനറ ബാങ്ക് ജനറല്‍ മാനേജര്‍ വി.ഷാജി, ലീഡ് ബാങ്ക് മാനേജര്‍ ടി.പി കുഞ്ഞിരാമന്‍, എസ്ബിഐ അസി. ജനറല്‍ മാനേജര്‍ കെആര്‍ അനന്ത നാരായണന്‍, കനറ ബാങ്ക് അസി. ജനറല്‍ മാനേജര്‍ എം സുരേഷ്‌കുമാര്‍, നബാര്‍ഡ് ഡി.ഡി.എം ജയിംസ് പി ജോര്‍ജ്, കനറാ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സാജു കുര്യന്‍, സെന്‍ട്രല്‍ ബാങ്ക് ഓഫ്  ഇന്ത്യ ആര്‍.എം ജാനകി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, റീജിയണല്‍ മാനേജര്‍ അനന്ത നാരായണന്‍ എന്നിവര്‍ സംസാരിച്ചു. 
 

date