Skip to main content

എല്ലാവര്‍ക്കും ഗുണനിലവാരമുള്ള ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കും

 

    ഗുണനിലവാരമുള്ള ഭക്ഷ്യവസ്തുക്കള്‍ എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ ശക്തമായ നടപടിയെടുക്കുമെന്ന് ഭക്ഷ്യ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മോഹന്‍കുമാര്‍ പറഞ്ഞു. ഭക്ഷ്യ ഭദ്രതാ നിയമത്തെയും അതിന്റെ പ്രാധാന്യത്തെയും കുറിച്ച് വിശദീകരിക്കുന്നതിനായി ഭക്ഷ്യ കമ്മീഷന്‍ നടത്തിയ ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനാവശ്യമായ നടപടികള്‍ കമ്മീഷന്‍ സ്വീകരിക്കും. കുട്ടികള്‍ക്ക് പോഷകാഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.   തെറ്റുകള്‍ കണ്ടെത്തുന്നതിലുപരി വസ്തുതകള്‍ പരിശോധിച്ച് ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുന്നതിനാണ് കമ്മീഷന്‍ മുഖ്യ പരിഗണന നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തെയും ചട്ടങ്ങളെയും കുറിച്ച് കമ്മീഷന്‍ അംഗം അഡ്വ. ബി രാജേന്ദ്രന്‍ വിശദീകരിച്ചു. ഭക്ഷ്യ കമ്മീഷന്‍ ആര്‍ഭാടമല്ലെന്നും ഐക്യരാഷ്ട്ര സഭയുടെ ക്ഷേമരാഷ്ട്ര സങ്കല്‍പ്പം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സമൂഹത്തില്‍ ഭക്ഷ്യ ഭദ്രത ഉറപ്പുവരുത്താനായി ഫലപ്രദമായ ഇടപെടലുകള്‍ നടത്തുന്നതിനുള്ള സമിതിയാണെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ഭക്ഷ്യ വസ്തുക്കളുടെ വിതരണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം  വിശദീകരിച്ചു.
   കമ്മീഷന്‍ അംഗങ്ങളായ അഡ്വ. പി.വസന്തം, വി.രമേശന്‍, കെ.ദിലീപ് കുമാര്‍, എം. വിജയലക്ഷമി, എ.ഡി.എം എന്‍.എം മെഹറലി, ജില്ല സപ്ലൈ ഓഫീസര്‍ കെ.രാജീവ് എന്നിവര്‍ സംസാരിച്ചു. അങ്കണവാടിയിലെ പോഷകാഹാര വിതരണം, സ്‌കൂള്‍ ഉച്ചഭക്ഷണ വിതരണം എന്നിവ സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി കമ്മീഷന്‍ അംഗങ്ങള്‍ സംവദിച്ചു.  പ്രളയ ബാധിത മേഖലകളില്‍ കമ്മീഷന്‍ അംഗങ്ങള്‍ സന്ദര്‍ശനം നടത്തി.
 

date