Skip to main content

ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ(ഓ.ആർ.സി) പദ്ധതിക്ക് മുഖ്യമന്ത്രിയുടെ പുരസ്കാരം

 

 പൊതുജന സേവന രംഗത്തെ നൂതനാവിഷ്‌കരണത്തിനുള്ള മുഖ്യമന്ത്രിയുടെ അവാർഡ് വനിത ശിശു വികസന വകുപ്പിന് കീഴിലെ ഔവർ  റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിക്ക് ലഭിച്ചു. കുട്ടികൾ നേരിടുന്ന സ്വഭാവ -വൈകാരിക- പഠന -മാനസികാരോഗ്യ -സാമൂഹിക വെല്ലുവിളികളെ ശാസ്ത്രീയമായി കണ്ടെത്തി പരിഹരിക്കുന്നതിന് വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസം,  ആരോഗ്യം,  ആഭ്യന്തരം, പട്ടികവർഗ്ഗ വികസനം,  തദ്ദേശ  സ്വയംഭരണം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ കൂടി സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന പദ്ധതിയാണ് അവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ.

 

2010 കോഴിക്കോട് നഗരത്തിൽ പി. വിജയൻ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ പോലീസിന്റെയും പൊതുസമൂഹത്തിന്റെയും കൂട്ടായ്മയിലാണ് ഓ.ആർ.സി  പദ്ധതി ആരംഭിച്ചത്. ആൺകുട്ടികളും പെൺകുട്ടികളും അടങ്ങുന്ന നിരവധി കൗമാരക്കാർ പലതരം കുറ്റകൃത്യങ്ങളുടെയും സ്വഭാവ വ്യതിയാനങ്ങളുടെയും പേരിൽ പോലീസിന്റെ  ശ്രദ്ധ ആകർഷിച്ചിരുന്നു. ഇത്തരം കുട്ടികൾക്ക് ശാസ്ത്രീയമായ പരിചരണവും സഹരക്ഷാകർതൃത്വവും ഒരുക്കികൊണ്ടാണ് ഓ. ആർ. സി പ്രവർത്തനങ്ങൾ ആരംഭിച്ചത്. പ്രാഥമിക ഘട്ടത്തിൽ കൈവരിച്ച വിജയം ഓ. ആർ. സി യെ വനിതാ ശിശു വികസന വകുപ്പിന് കീഴിൽ സംസ്ഥാനവ്യാപകമായി നടപ്പിലാക്കുന്നതിന് കാരണമായി. നിലവിൽ സംസ്ഥാനത്തെ തിരഞ്ഞെടുത്ത 304 സർക്കാർ /എയ്ഡഡ് സ്കൂളുകളിലും പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള 20 മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലും  പദ്ധതി നടപ്പിലാക്കി വരുന്നു.

 

കുട്ടികൾ നേരിടുന്ന വിവിധ തരത്തിലുള്ള വെല്ലുവിളികളെ ഓ. ആർ.സി വിദ്യാർത്ഥിയെ അറിയാൻ കാർഡ് മുഖേന ശാസ്ത്രീയമായി കണ്ടെത്തുന്നതിന് ക്ലാസ് ടീച്ചർമാരെ പരിശീലനത്തിലൂടെ പ്രാപ്തരാക്കുന്നു. മാനസികാരോഗ്യ പ്രഥമ ശുശ്രൂഷ ഉൾപ്പെടെയുള്ള പരിശീലനത്തിലൂടെ വ്യക്തിഗത പരിചരണം ഉറപ്പാക്കുന്നതിന് എല്ലാ ഓ. ആർ. സി സ്കൂളുകളിലും തെരഞ്ഞെടുത്ത നോഡൽ ടീച്ചറും കൗൺസിലറും അടങ്ങുന്ന ഓ.ആർ.സി കോർ ടീം  പ്രവർത്തിച്ചുവരുന്നു. ഗുരുതര സ്വഭാവ -വൈകാരിക -പഠന പ്രശ്നങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്ക് റഫറൽ സംവിധാനത്തിലൂടെ വിദഗ്ധ പരിചരണം ജില്ലാ അടിസ്ഥാനത്തിൽ ഉറപ്പാക്കുന്നു. പ്രത്യേക പരിചരണത്തിന് അപ്പുറത്ത് ജീവിത നിപുണതകൾ കുട്ടികളിൽ വികസിപ്പിച്ചെടുക്കുന്നതിന് മാർഗങ്ങൾ അവലംബിക്കുന്നതിന് ഓ.ആർ.സി കോർ ടീം അംഗങ്ങളെ പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ജീവിത പ്രതിസന്ധികളെ ആരോഗ്യകരമായി നേരിടുന്നതിന് സ്മാർട്ട് -40 എന്ന നൂതന പദ്ധതിയും  ഓ. ആർ. സി നടപ്പിലാക്കി വരുന്നു.

 

വിവിധ വെല്ലുവിളികൾ നേരിടുന്ന കുട്ടികളിൽ  ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും ഗൃഹാന്തരീക്ഷത്തിലും  എങ്ങനെ ഇടപെടൽ നടത്തണം എന്നതിനെ സംബന്ധിച്ച് 20941 ക്ലാസ്സ്‌ ടീച്ചർമാരെയും 1031 ഓ.ആർ. സി നോഡൽ ടീച്ചർമാരെയും, 220 സ്കൂൾ കൗൺസിലർമാരെയും 6639 രക്ഷിതാക്കളെയും ഓ. ആർ. സി ഇതിനോടകം പരിശീലിപ്പിച്ചിട്ടുണ്ട്. ഓ.ആർ. സി പ്രവർത്തനങ്ങളുടെ ഭാഗമായി 420 വ്യക്തികളെ പരിശീലിപ്പിച്ച പ്രത്യേക ജില്ലാതല പരിശീലകരുടെ പൂൾ  രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ജീവിത നൈപുണി വികസന പ്രവർത്തനങ്ങൾക്കായി 300 സ്മാർട്ട് 40 ക്യാമ്പുകൾ നടപ്പാക്കുകയും അതിലൂടെ 12000 കുട്ടികൾക്ക് ജീവിത നിപുണത വിദ്യാഭ്യാസം ഉറപ്പാക്കാൻ സാധിക്കുകയും ചെയ്തിട്ടുണ്ട്. വിവിധ വെല്ലുവിളികൾ അനുഭവിക്കുന്ന 1523 കുട്ടികൾക്ക് വിദഗ്ധരുടെ സഹായത്തോടെ പരിചരണം ഉറപ്പാക്കാൻ സാധിച്ചിട്ടുണ്ട്.

 

മുൻ ചീഫ് സെക്രട്ടറി ഡോക്ടർ കെ എം എബ്രഹാം, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോക്ടർ വി വേണു, ഐടി സെക്രട്ടറി എം ശിവശങ്കർ, ഉദ്യോഗസ്ഥ ഭരണ പരിഷ്കാര സെക്രട്ടറി കെ  ഗോപാലകൃഷ്ണൻ തുടങ്ങിയവരടങ്ങുന്ന  സമിതിയാണ് മുഖ്യമന്ത്രിയുടെ അവാർഡിനായി ഓ.ആർ. സി യെ  തിരഞ്ഞെടുത്തത്.

date