Skip to main content

അരൂരിൽ ആറ് സ്ഥാനാര്‍ഥികള്‍; ചിഹ്നങ്ങളായി

ആലപ്പുഴ: നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം തീര്‍ന്നതോടെ അരൂര്‍ ഉപതിരഞ്ഞെടുപ്പിലെ അന്തിമ സ്ഥാനാര്‍ഥി പട്ടികയായി. പത്രിക നല്‍കിയവരില്‍ ആരും പിന്മാറിയില്ല. ഇതോടെ ആറ് സ്ഥാനാര്‍ഥികളാണ് മത്സര രംഗത്ത് അവശേഷിക്കുന്നത്. പത്രിക പിന്‍വലിക്കാനുള്ള സമയം തീര്‍ന്നതോടെ വരണാധികാരി എല്ലാ സ്ഥാനാര്‍ഥികള്‍ക്കും ചിഹ്നങ്ങള്‍ അനുവദിച്ചു.

മത്സര രംഗത്തുള്ള സ്ഥാനാര്‍ഥികള്‍, കക്ഷി, ചിഹ്നം എന്ന ക്രമത്തില്‍ :

1. അഡ്വ.പ്രകാശ് ബാബു- ബി.ജെ.പി.,  താമര,
2. അഡ്വ.മനു സി. പുളിക്കല്‍- സി.പി.ഐ.(എം), ചുറ്റികയും അരിവാളും നക്ഷത്രവും,
3. അഡ്വ.ഷാനിമോള്‍ ഉസ്മാന്‍- ഐ.എന്‍.സി.,  കൈ,
4. ഗീത അശോകന്‍, സ്വതന്ത്രന്‍, ടെലിവിഷന്‍,
5. ആലപ്പി സുഗുണന്‍, സ്വതന്ത്രന്‍, ബാറ്റ്,
6. അഡ്വ.കെ.ബി. സുനില്‍ കുമാര്‍, സ്വതന്ത്രന്‍, ഓട്ടോറിക്ഷ.

87  കേന്ദ്രങ്ങളിലായി 183 പോളിങ് ബൂത്ത്; രണ്ടു കെട്ടിടത്തിൽ 6 ബൂത്തുകൾ വീതം

ആലപ്പുഴ:അരൂർ നിയമസഭ മണ്ഡലത്തിലെ 183 പോളിങ് ബൂത്തുകൾ പ്രവർത്തിക്കുന്നത് 87 കേന്ദ്രങ്ങളിലായാണ്. ഇതിൽ രണ്ടു കേന്ദ്രങ്ങളിൽ ആറു വീതം പോളിങ് ബൂത്തുകൾ സജ്ജമാക്കും. രണ്ടു കെട്ടിടങ്ങളിൽ അഞ്ചു വീതം പോളിങ് ബൂത്തുകളും ഉണ്ടാകും.

അഞ്ചു കേന്ദ്രങ്ങളിൽ നാലുവീതം പോളിങ് ബൂത്തുകളൊരുക്കും. 21 വീതം കെട്ടിടങ്ങളിലായി   ആകെ 42 കേന്ദ്രങ്ങളിൽ രണ്ടു വീതവും മൂന്നു വീതവും പോളിങ് സ്റ്റേഷനുകളാണുള്ളത്. 36 കേന്ദ്രങ്ങളിൽ ഒരുപോളിങ് ബൂത്തു വീതമാണുള്ളത്.

മണ്ഡലത്തിലെ 183 പോളിങ് സ്റ്റേഷനുകളും ഗ്രാമങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. സഹായക ബൂത്തുകൾ, താൽക്കാലിക ഷെഡുകൾ, മണ്ഡലത്തിനുവെളിയിലുള്ള പ്രദേശം, സമ്മതിദായകർക്ക് രണ്ടു കിലോമീറ്ററിന് മുകളിൽ സഞ്ചരിക്കേണ്ട പോളിങ് ബൂത്തുകൾ എന്നിവയൊന്നും മണ്ഡലത്തിലില്ല. അഞ്ചു പോളിങ് ബൂത്തുകൾ മാതൃക ബൂത്തുകളായും ഒരെണ്ണം വനിതകൾ മാത്രം കൈകാര്യം ചെയ്യുന്നതുമായിരിക്കും.

പണമൊഴുക്ക് തടയാൻ വാഹനപരിശോധന:യാത്രയിൽ രേഖകൾ കരുതണം

ആലപ്പുഴ: ഉപതിരഞ്ഞെടുപ്പിൽ പണമോ  ഉപഹാരമോ നൽകി സമ്മതിദായകരെ സ്വാധീനിക്കാൻ ശ്രമിച്ചാൽ കടുത്ത നടപടിയുണ്ടാകുമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടർ ഡോ അദീല അബ്‌ദുള്ള മുന്നറിയിപ്പ് നൽകി. ഭീഷണപ്പെടുത്തി വശത്താക്കാനോ പണമോ  ഉപഹാരമോ നൽകി സ്വാധീനിക്കാനോ ശ്രമിക്കുന്നതും കുറ്റകരമാണ്. ഇത്തരത്തിലുള്ള പ്രവർത്തനം നിരീക്ഷിക്കാൻ മിന്നൽ പരിശോധന സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

വ്യക്തിയുടെ തിരഞ്ഞെടുപ്പ് അവകാശത്തിൽ ഇടപെടുംവിധം പണമോ മറ്റുപഹാരങ്ങളോ നൽകുന്നതും വാങ്ങുന്നതും ഇന്ത്യൻ ശിക്ഷ നിയമ പ്രകാരം ഒരു വർഷം വരെ തടവോ പിഴയോ രണ്ടു കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഭീഷണിപ്പെടുത്തിയോ നിയമവിരുദ്ധമായി സ്വാധീനിക്കുന്നതോ പണമോ ഉപഹാരമോ നൽകുന്നതും വാങ്ങുന്നതും  കണ്ടെത്താനുമാണ് മിന്നൽ സംഘങ്ങൾ.

എല്ലാ പൗരന്മാരും പണമോ പാരിതോഷികമോ വാങ്ങുന്നതിൽ നിന്ന് സ്വയം മാറി നിൽക്കണം. ഇത്തരം പ്രവൃത്തി ശ്രദ്ധയിൽപ്പെട്ടാൽ ജില്ലാസ്ഥാനത്തുള്ള പരാതി അവലോകന കേന്ദ്രത്തിലെ 1950 എന്ന നമ്പറിൽ വിവരം അറിയിക്കണമെന്നും  ജില്ല കളക്ടർ അറിയിച്ചു.

ശുചിത്വ സന്ദേശറാലി നടത്തി: വനിത-ശിശു ആശുപത്രിക്ക് ശുചീകരണ ഉപകരണങ്ങൾ കൈമാറി

ആലപ്പുഴ: കടപ്പുറം വനിത-ശിശു ആശുപത്രിയുടെ നേതൃത്വത്തിൽ ഹരിത കേരളം മിഷൻ, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയുടെ   പങ്കാളിത്തത്തോടെ ശുചിത്വ സന്ദേശറാലി നടത്തി.ജില്ല കളക്ടറേറ്റിൽ നിന്നാംരംഭിച്ച് വനിത-ശിശു ആശുപത്രിയിൽ  സമാപിച്ച റാലിയിൽ എസ്.ഡി കോളജ്, സെന്റ് ജോസഫ്‌സ് വനിത കോളജ് എന്നിവിടങ്ങളിലെ എൻ.സി.സി, എൻ.എസ്.എസ് വോളണ്ടിയർമാരും ആശുപത്രി, ഹരിത കേരളം മിഷൻ, മലിനീകരണ നിയന്ത്രണ ബോർഡ് ജീവനക്കാരും ആശാവർക്കർമാരും പങ്കെടുത്തു.

എ.ഡി.എം  എം.വി. സുരേഷ് കുമാർ  ഫ്‌ളാഗ് ഓഫ് ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ.സി. മുരളീധരൻപിള്ള, ഹരിതകേരളം മിഷൻ കോ-ഓർഡിനേറ്റർ കെ.എസ്. രാജേഷ്, മലിനീകരണ നിയന്ത്രണ ബോർഡ് എൻജിനീയർ ബി.ബിജു,ഐ.എം.എയുടെ ഡോ. എസ്.ഷാജി എന്നിവർ നേതൃത്വം നൽകി.

റാലിക്ക് മുന്നോടിയായി അതിവേഗ ശുചീകരണത്തിന് പ്രയോജനപ്പെടുന്ന രണ്ട് ഹൈ പ്രഷർ ജെറ്റ് പമ്പുകൾ ഹരിത കേരളം മിഷൻ, വനിത-ശിശു ആശുപത്രിക്ക് ഉപഹാരമായി നൽകി.(ചിത്രമുണ്ട്)

പരീക്ഷ പരിശീലന പദ്ധതിയിലേക്ക്  അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ:പിന്നാക്ക സമദുദായങ്ങളിലുൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കും വിദ്യാർഥികൾക്കും കേന്ദ്ര സംസ്ഥാന സർവ്വീസിലും, പൊതുമേഖല സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള വിവിധ മത്സര പരീക്ഷ പരിശീലനത്തിന് ധനസഹായം നൽകുന്ന പദ്ധതിയായ എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം ആൻഡ് ട്രെയിനിങ് പദ്ധതിയിലേക്ക്  പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ/എൻജിനീയറിങ് എൻട്രൻസ്, സിവിൽ സർവ്വീസ്, ഗേറ്റ്/ മാറ്റ്, നെറ്റ്/യു.ജി.സി/ ജെ.ആർ.എഫ് തുടങ്ങിയ വിവിധ മത്സരപരീക്ഷകളുടെ പരിശീലനത്തിന് അപേക്ഷിക്കാം. www.eep.bcdd.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ നൽകണം.ഒക്ടോബർ 20 ആണ് അവസാന തീയതി.  ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധരേഖകളും പിന്നാക്ക വിഭാഗ വികസന വകുപ്പ് എറണാകുളം മേഖല ഓഫീസിൽ നൽകണം. കൂടുതൽ വിവരത്തിന്  www.bcdd.kerala.gov.in  ഫോൺ:0484-2429130.

ടീച്ചർ കോർഡിനേറ്റർമാർക്കുള്ള പരിശീലനം   നാലിന്

ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ ഭാഗമായുള്ള എനർജി മാനേജ്‌മെന്റ് സെൻററിന്റെ നേതൃത്വത്തിൽ സ്‌കൂളുകളിൽ പ്രവർത്തിക്കുന്ന സ്മാർട്ട് എനർജി പ്രോഗ്രാ(എനർജി ക്ലബുകൾ)മിന്റെ ടീച്ചർ കോർഡിനേറ്റർമാർക്കുള്ള പരിശീലനം  ഒക്ടോബർ നാലിന്  രാവിലെ 9.30ന് ആലപ്പുഴ ഗവ.ഗേൾസ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ ആരംഭിക്കും.12.30 ന് അവസാനിക്കും.ഫോൺ:9447232512

 

date