Skip to main content

ആലപ്പുഴ നഗരസഭയിലെ അനധികൃത  കൈയേറ്റങ്ങൾ നാളെ മുതൽ ഒഴിപ്പിക്കും

ആലപ്പുഴ: സ്വച്ഛ് സർവേക്ഷൺ 2018 സർവ്വെയുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരസഭയിൽ റവന്യൂ, പൊലീസ്, പി.ഡബ്ല്യു.ഡി., നഗരസഭ എന്നിവർ സംയുക്തമായി സ്‌ക്വാഡ് പ്രവർത്തനം ആരംഭിക്കുന്നു. നഗരത്തിലെ റോഡുകളിൽ കൂട്ടിവച്ചിരിക്കുന്ന നിർമ്മാണസാമഗ്രികൾ, മററ് വസ്തുക്കൾ എന്നിവ സ്വന്തം ഉത്തരവാദിത്വത്തിൽ ഇന്ന് (ജനുവരി ഏഴ്) നീക്കം ചെയ്യേണ്ടതാണ്.  നാളെ (ജനുവരി എട്ട്)  സ്‌ക്വാഡ് പ്രവർത്തനം തുടങ്ങി കൈയേറ്റങ്ങൾ നീക്കം ചെയ്യും. ആയതിന്റെ ചെലവ് ബന്ധപ്പെട്ട ആളുകളിൽ നിന്നും ഈടാക്കും. പൊലീസിന്റേയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ ജനുവരി ഒമ്പതിന് നഗരത്തിലെ വിവിധ സ്ഥലങ്ങൾ ശുചീകരിക്കും. നഗരസഭയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രധാന അധ്യാപകരുടെ യോഗം നാളെ (ജനുവരി എട്ട്) ഉച്ചകഴിഞ്ഞ് രണ്ടിന് കളക്ടറുടെ കോൺഫറൻസ് ഹാളിൽ കൂടും. 

നഗരത്തിൽ കച്ചവടം നടത്തുന്ന വഴിവാണിഭക്കാർ അവരുടെ സാധനങ്ങൾ അതതുദിവസം എടുത്തുമാറ്റണം. അവരുടെ സ്ഥാപനങ്ങളിൽ ഉണ്ടാകുന്ന മാലിന്യം നഗരസഭ സ്ഥാപിച്ചിരിക്കുന്ന എയ്‌റോബിക് ബിന്നുകളിൽ തന്നെ നിക്ഷേപിക്കണം. നഗരത്തിൽ പ്രവർത്തിക്കുന്ന തട്ടുകടക്കാർ ഒരു കാരണവശാലും റോഡ് കൈയേറി കടകൾ സ്ഥാപിക്കരുത്. കടകളിൽ വലിച്ചുകെട്ടിയിരിക്കുന്ന ടാർപോളിൻ ഷീറ്റുകൾ അതതുദിവസം എടുത്തുമാറ്റണം. വഴിയരികിൽ ഗതാഗതത്തിന് തടസ്സമാകുന്ന രീതിയിലുളള നിർമ്മിതികൾ ഉടൻ നീക്കണം.  നഗരസഭയിൽ അനധികൃത മത്സ്യക്കച്ചവടം അനുവദിക്കുന്നതല്ല. മത്സ്യമാർക്കറ്റുകളിൽ അല്ലാതെ മത്സ്യക്കച്ചവടം അനുവദിക്കില്ല. പഴയ കെട്ടിടങ്ങൾ പൊളിച്ചുവിൽക്കുന്ന കടകൾ റോഡിലേക്ക് ഇറക്കിവെച്ചിരിക്കുന്ന സാമഗ്രികൾ നീക്കം ചെയ്യേണ്ടതാണ്.  

യോഗത്തിൽ ജില്ല കളക്ടർ ടി.വി. അനുപമ അധ്യക്ഷത വഹിച്ചു. ആലപ്പുഴ നഗരസഭ ചെയർമാൻ തോമസ് ജോസഫ്, ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ശുചിത്വമിഷൻ ജില്ല കോർഡിനേറ്റർ, റവന്യൂ, പി.ഡബ്ല്യു.ഡി., പോലീസ്, വിദ്യാഭ്യാസം, കെ.എസ്.ഇ.ബി., കെ.എസ്.ആർ.ടി.സി, സി.ഡി.പി.ഒ., റെയിൽവേ, കുടുംബശ്രീ, ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ, വ്യാപാരി വ്യവസായി ഏകോപനസമിതി, ഫ്രൂട്ട്‌സ് ആന്റ് വെജിറ്റബിൽസ് മർച്ചന്റ്‌സ് അസോസിയേഷൻ, ഫുഡ് ഗ്രെയ്‌ന്‌സ് മർച്ചന്റ്‌സ് അസോസിയേഷൻ, വ്യാപാരി വ്യവസായി സമിതി, മീറ്റ് മർച്ചന്റ്‌സ് അസോസിയേഷൻ, നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാർ, ശുചിത്വമിഷൻ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

                                                                        

 (പി.എൻ.എ.43/2018)

സർട്ടിഫിക്കറ്റ് പുതുക്കൽ:

ആറു മാസം കൂടി നീട്ടി

 

ആലപ്പുഴ: ഇറിഗേഷൻ വകുപ്പിലെ ചീഫ് ഇൻസ്‌പെക്ടർ ഓഫ് ബോട്ട്‌സ് (സി.ഐ.ബി)നൽകുന്ന ഉൾനാടൻ ജലയാനങ്ങളിലെ ജീവനക്കാരുടെ സർട്ടിഫിക്കറ്റുകൾ കേരള ലാൻഡ് വെസ്സൽ റൂൾ 2010 (കെ.ഐ.വി.റൂൾസ് 2010) പ്രകാരമുള്ള സർട്ടിഫിക്കറ്റുകൾ ആക്കി മാറ്റുന്നതിനും പുതുക്കുന്നതിനും ആറുമാസത്തേക്ക് കൂടി കാലാവധി നീട്ടി സർക്കാർ ഉത്തരവായി. ചീഫ് ഇൻസ്‌പെക്ട് ഓഫ് ബോട്ട്‌സ് നൽകിയ സർട്ടിഫിക്കറ്റുകൾ 2010ലെ കെ.ഐ.വി. സർട്ടിഫിക്കറ്റുകൾ ആക്കുന്നതിന് ഇനി ഒരവസരം നൽകില്ലെന്ന് പോർട്ട് ഓഫീസർ അറിയിച്ചു. ഫോൺ: 0477- 2253213.

                                                                         

 (പി.എൻ.എ.44/2018)

 

ബാങ്ക് അക്കൗണ്ട് എടുക്കണം

 

ആലപ്പുഴ: 2018-19 സാമ്പത്തികവർഷത്തിൽ ഒന്ന് മുതൽ 10 വരെ ക്ലാസുകളിലെ പട്ടികവർഗ വിദ്യാർഥികൾക്ക് കേന്ദ്ര/സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുള്ള വിദ്യാഭ്യാസനുകൂല്യങ്ങളും സ്‌കോളർഷിപ്പുകളും ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ മുഖേന ബാങ്ക് അക്കൗണ്ടുവഴിയാണ് വിതരണം ചെയ്യുന്നത്. അതിനായി ഇപ്പോൾ പഠിക്കുന്നവരും ബാങ്ക് അക്കൗണ്ട് ഇല്ലാത്തുമായ പട്ടികവർഗ വിദ്യാർഥികൾക്ക് മാർച്ച് 31നകം ബാങ്ക് അക്കൗണ്ട് എടുപ്പിക്കുന്നതിന് സ്‌കൂൾ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കണമെന്ന് ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസർ അറിയിച്ചു

     

                                                                           

 (പി.എൻ.എ.45/2018)

 

നീർപ്പക്ഷി സർവേ ഇന്ന്

 

ആലപ്പുഴ: ഏഷ്യയിലെമ്പാടും എല്ലാ വർഷവും നടത്തുന്ന നീർപക്ഷി സർവ്വേ അപ്പർ കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളിൽ ഇന്ന്(ജനുവരി ഏഴ്) രാവിലെ ആറു മുതൽ 10 വരെ നടത്തും. കാലാവസ്ഥ വ്യതിയാനം മൂലമുള്ള പാരിസ്ഥിതിക ആഘാതങ്ങൾ പക്ഷികൾ ഉൾപ്പെടയുള്ള ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയെ സാരമായി ബാധിക്കുന്നതിനാൽ കണക്കെടുപ്പുകൾ എല്ലാ വർഷവും നടത്തുന്നത് വളരെ പ്രാധാന്യമാണ്. സാമൂഹികവനവൽക്കരണവിഭാഗവും ആലപ്പുഴ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയും കോട്ടയം നേച്ചർ സൊസൈറ്റിയും സംയുക്തമായാണ് സർവ്വേ നടത്തുന്നത്. പങ്കെടുക്കാൻ താൽപര്യമുള്ള വ്യക്തികൾ 9447144425, 8281004595 ഫോൺ നമ്പരുകളിൽ ബന്ധപ്പെടണം.

 

                                                                           

 (പി.എൻ.എ.46/2018)

 

ബാലവേല: എട്ട് വയസുകാരനെ മോചിപ്പിച്ചു

 

കുട്ടികൾക്ക് അടിയന്തര സുരക്ഷയൊരുക്കാൻ വിളിക്കാം 8281899463, 1517 (ടോൾ ഫ്രീ)

 

ആലപ്പുഴ: ബാലവേലയിൽ ഏർപ്പെട്ടിരുന്ന എട്ട് വയസുള്ള ബീഹാർ സ്വദേശിയെ ആലപ്പുഴ ശിശു സംരക്ഷണ യൂണിറ്റിലെ ചൈൽഡ് റെസ്‌ക്യൂ വിഭാഗം മോചിപ്പിച്ചു. ബാലവേല, ബാല-ഭിക്ഷാടന-തെരുവ് ബാല്യമുക്ത കേരളത്തിനായി വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ശരണബാല്യം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ചെങ്ങന്നൂരും പരിസരപ്രദേശങ്ങളിലും പൊലീസ്, തൊഴിൽ വകുപ്പ് എന്നിവയുടെ പങ്കാളിത്തത്തോടെ ശിശു സംരക്ഷണ യൂണിറ്റ് നടത്തുന്ന പരിശോധനയിലാണ് ഹോട്ടൽ ജോലിയിൽ ഏർപ്പെട്ടിരുന്ന കുട്ടിയെ കണ്ടെത്തിയത്. ഒരു മാസമായി കുട്ടി ഹോട്ടൽ ജോലികൾ ചെയ്തുവരുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കിയ കുട്ടിയെ കോട്ടയത്തുള്ള ചിൽഡ്രൻസ് ഹോമിലാക്കി. കുട്ടിയെ അവകാശപ്പെട്ട് ഇതുവരെ ആരും എത്തിയില്ല.

 

ബാലവേല, ബാലഭിക്ഷാടനം, കുട്ടികളെ കടത്തൽ, ശാരീരിക അതിക്രമം തുടങ്ങി പ്രയാസകരമായ സാഹചര്യത്തിൽപ്പെടുന്ന ഏതു കുട്ടികൾക്കും അടിയന്തര സുരക്ഷയൊരുക്കുന്നതിന് 24  മണിക്കൂറും ചൈൽഡ് റെസ്‌ക്യൂ ഫോഴ്‌സിന്റെ സേവനം ലഭ്യമാക്കും. പൊതുജനങ്ങൾക്ക് കോൺവെന്റ് സ്‌ക്വയറിൽ പ്രവർത്തിക്കുന്ന ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ 8281899463 എന്ന നമ്പറിലോ 1517 എന്ന ടോൾ ഫ്രീ നമ്പറിലോ ബന്ധപ്പെടാം. 

 

                                                                                 

(പി.എൻ.എ.47/2018)

date