Skip to main content

എം.പി. ഫണ്ട് പദ്ധതികളുടെ പുരോഗതി എല്ലാമാസവും വിലയിരുത്തും - ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ 13.81 കോടി രൂപ ചെലവഴിച്ചു  - 153 പദ്ധതികൾ പൂർത്തീകരിച്ചു

 

ആലപ്പുഴ: എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ നിർമാണ പുരോഗതി ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറുടെ നേതൃത്വത്തിൽ എല്ലാ മാസവും വിലയിരുത്തുമെന്ന് കെ.സി. വേണുഗോപാൽ എം.പി. പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലെ എം.പി. ഫണ്ട് അവലോകന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. 

പദ്ധതിയുടെ നിർവഹണവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരെയും കരാറുകാരുടെ പ്രതിനിധികളെയും പങ്കെടുപ്പിച്ചാണ് എല്ലാ മാസവും യോഗം ചേരുക. പുരോഗതിയും തടസങ്ങളും വിലയിരുത്തും. പദ്ധതികൾ വേഗത്തിൽ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ജില്ലാ പ്ലാനിങ് ഓഫീസ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. ആലപ്പുഴ, കൊല്ലം ജില്ലകളിൽ നടക്കുന്ന പദ്ധതികൾ യോഗത്തിൽ അവലോകനം ചെയ്തു. 

മണ്ഡലത്തിൽ 2014-15 മുതൽ ഇതുവരെ 13.81 കോടി രൂപയാണ് എം.പി. ഫണ്ടിൽനിന്ന് ചെലവഴിച്ചത്. 12.16 കോടി രൂപയുടെ 153 പദ്ധതികൾ പൂർത്തീകരിച്ചു. 9.13 കോടി രൂപയുടെ 74 പദ്ധതികൾ പുരോഗമിക്കുന്നതായി യോഗം വിലയിരുത്തി. പട്ടികജാതി വിഭാഗമേഖലയിൽ 18 പദ്ധതികൾ പൂർത്തീകരിച്ചു. രണ്ടു കോടി രൂപ ചെലവഴിച്ചു. പട്ടികവർഗ മേഖലയിൽ 23.87 ലക്ഷം രൂപയും ഭിന്നശേഷിക്കാർക്കുള്ള പദ്ധതികൾക്കായി 2.57 ലക്ഷം രൂപയും ചെലവഴിച്ചു. 

നീതി ആയോഗിന്റെ ദർപ്പൺ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് യുണീക് ഐഡന്റിഫിക്കേഷൻ നമ്പർ(യു.ഐ.ഡി.) കരസ്ഥമാക്കാത്ത ട്രസ്റ്റ്/സൊസൈറ്റി രജിസ്‌ട്രേഷനുള്ള സ്ഥാപനങ്ങൾ 15 ദിവസത്തിനകം നമ്പർ നേടിയില്ലെങ്കിൽ അവർക്ക് അനുവദിച്ച പദ്ധതികൾ പിൻവലിക്കാൻ എം.പി. നിർദേശം നൽകി. യു.ഐ.ഡി. നമ്പർ ലഭ്യമാക്കാത്തതിനാൽ പദ്ധതികൾ നടപ്പാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് നടപടി. ഇതു സംബന്ധിച്ച് സ്ഥാപനങ്ങൾക്ക് നിർദേശം നൽകാൻ ജില്ലാ പ്ലാനിങ് ഓഫീസറെ ചുമതലപ്പെടുത്തി.

എ.ഡി.എം. ഐ. അബ്ദുൾ സലാം, ജില്ലാ പ്ലാനിങ് ഓഫീസർ കെ.എസ്. ലതി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ചിത്രവിവരണം

ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന  എം.പി. ഫണ്ട് അവലോകന യോഗത്തിൽ കെ.സി. വേണുഗോപാൽ എം.പി. അധ്യക്ഷത വഹിക്കുന്നു.

                                                                               

  (പി.എൻ.എ. 50/2018)

 

date