Skip to main content

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണം; സൈക്കിള്‍ റാലി സംഘടിപ്പിച്ചു

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം, യു.എന്‍.ഡി.പി, സ്ഫിയര്‍ ഇന്ത്യ എന്നിവയുടെ നേതൃത്വത്തില്‍ മാസ്സ് സൈക്കിള്‍ റാലി സംഘടിച്ചു. ഒരേ സമയം കളക്ടറേറ്റില്‍ നിന്നും മീനങ്ങാടി ബസ് സ്റ്റാന്റ് പരിസരത്തുനിന്നും ആരംഭിച്ച റാലി മുട്ടില്‍ ഡബ്ല്യൂ.എം.ഒ കോളേജിലാണ് അവസാനിച്ചത്. കളക്ടറേറ്റില്‍നിന്ന് തുടങ്ങിയ റാലി എ.ഡി.എം തങ്കച്ചന്‍ ആന്റണിയും മീനങ്ങാടി ബസ് സ്റ്റാന്റ് പരിസരത്തുനിന്ന് തുടങ്ങിയ റാലി ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ) ഇ. മുഹമ്മദ് യൂസഫും ഫ്‌ളാഗ് ഓഫ് ചെയ്തു. മുട്ടില്‍ ഡബ്ല്യൂ.എം.ഒ കോളേജില്‍ നടന്ന ദുരന്ത ലഘൂകരണ ദിനാചരണ പരിപാടി ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ ഉദ്ഘാടനം ചെയതു. ദുരന്ത സാധ്യതയെ പറ്റിയുള്ള തിരിച്ചറിവ്, ദുരന്തങ്ങള്‍ ആവര്‍ത്തിച്ചാല്‍ അവ നേരിടാനുള്ള തയ്യാറെടുപ്പ്,ദുരന്തങ്ങള്‍ എറ്റുവാങ്ങിയപ്പോള്‍ പഠിച്ച പാഠങ്ങള്‍, ഭാവിയില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ തുടങ്ങിയവയാണ് ഇനി വിശദമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തങ്ങളില്‍നിന്ന് മനുഷ്യജീവന്‍ സംരക്ഷിക്കാന്‍ ആവശ്യമായ പരിശീലങ്ങള്‍ നല്‍കി പുതിയ തലമുറയെ വളര്‍ത്തിയെടുക്കണം. അതിനായി സ്‌കൂളുകളിലടക്കം ദുരന്ത നിവാരണ സേനകള്‍ രൂപീകരിച്ച് മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് ഫരീത് ചടങ്ങിന് അധ്യക്ഷത വഹിച്ചു. യു.എന്‍.ഡി.പി ജില്ലാ പ്രോഗ്രാം ഓഫീസര്‍ സി. ലത്തീഫ്,  മാത്തമാറ്റിക്‌സ് എച്ച്.ഒ.ഡി ഡോ. വിജി പോള്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. മുഹമ്മദ് ഷെഫീഖ്, സ്ഫിയര്‍ ഇന്ത്യ ജില്ലാ പ്രോഗ്രാം ഓഫീസര്‍ അമിത്ത് രമണന്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ റിന്‍ഷാദ്, എന്‍.സി.സി പ്രോഗ്രാം ഓഫീസര്‍ എന്‍.കെ ഹാഷിം, തുടങ്ങിയവര്‍ സംസാരിച്ചു. മുണ്ടേരി ജി.വി.എച്ച്.എസ്. സ്‌കൂളിലെ എസ്.പി.സി വിദ്യാര്‍ഥികളടക്കം 150 ഓളം ആളുകളാണ് സൈക്കിള്‍ റാലിയില്‍ പങ്കെടുത്തത്. ഇന്റര്‍ എജന്‍സി ഗ്രൂപ്പ് വയനാടിന്റെ സഹകരണത്തോടെ നടത്തിയ പരിപാടിയില്‍ സീഡ്‌സ് ഇന്ത്യ, ഓക്‌സ്ഫാം ഇന്ത്യ, ടയോട്ട, വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ എന്നിവ സാമ്പത്തിക സഹായവും ലഭ്യമാക്കി. സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാര്‍ പി.എം കുര്യന്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, കളക്ടറേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ആസൂത്രണ ഭവന്‍ എ.പി.ജെ. ഹാളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പോസ്റ്റര്‍ രചന മത്സരവും സംഘടിപ്പിച്ചു.  ജില്ലാ ദുരന്ത നിവാരണ സെല്‍ കോര്‍ഡിനേറ്റര്‍ ഷൈന്‍ ബോബി, ഹസാര്‍ഡ് അനലിസ്റ്റ് അരുണ്‍ പീറ്റര്‍ എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

date