Skip to main content

ചീഫ് സെക്രട്ടറിതല അവലോകന യോഗം: പട്ടികവര്‍ഗ മേഖലയിലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ സമഗ്ര ഇടപെടലിന് നിര്‍ദേശം

പട്ടികവര്‍ഗ മേഖലയിലെ വിദ്യാസമ്പന്നരായ യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ചീഫ് സെക്രട്ടറി ടോം ജോസിന്റെ അധ്യക്ഷതയില്‍ കണ്ണൂരില്‍ ചേര്‍ന്ന മേഖലാതല അവലോകന യോഗം നിര്‍ദേശം നല്‍കി. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ പട്ടികവര്‍ഗ മേഖലകളിലെ വികസന, ക്ഷേമ പദ്ധതികളുടെ നടത്തിപ്പ്, ക്രമസമാധാന പാലന വിഷയങ്ങള്‍ എന്നിവയാണ് യോഗം അവലോകനം ചെയതത്.  
പട്ടികവര്‍ഗ ജനവിഭാഗങ്ങളിലെ യുവാക്കളുടെയും യുവതികളുടെയും വിദ്യാഭ്യാസം, തൊഴില്‍ ആഭിമുഖ്യം, അഭിരുചി എന്നിവ സംബന്ധിച്ച് സമഗ്രമായ വിവര ശേഖരണം നടത്തും. മറ്റ് വകുപ്പുകളെക്കൂടി സഹകരിപ്പിച്ച് ഐടിഡിപിയായിരിക്കും ഈ പ്രവര്‍ത്തനം നിര്‍വഹിക്കുക. സര്‍ക്കാര്‍ തലത്തില്‍ മാത്രമല്ല, സ്വകാര്യ മേഖലയിലും സ്വയം തൊഴില്‍ മേഖലയിലും ഇവര്‍ക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ കണ്ടെത്തി നല്‍കാന്‍ സഹായിക്കുന്ന വിധത്തിലുള്ള പദ്ധതികളാണ് തയ്യാറാക്കുക. ഇതിനാവശ്യമായ തൊഴില്‍ പരിശീലനം, മാര്‍ഗനിര്‍ദേശം എന്നിവ ആസൂത്രണം ചെയ്യാനാകണമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. പൊലീസില്‍ പ്രത്യേക നിയമന പ്രക്രിയിലൂടെ ആദിവാസി യുവാക്കളെ ഇതിനകം നിയമിച്ചതായും ഇവരുടെ പ്രവര്‍ത്തനം മികച്ചതാണെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഹോംഗാര്‍ഡ് ആയി ആദിവാസി യുവാക്കളെ നിയമിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇതോടൊപ്പം കേന്ദ്രസേനകളിലും ഇവര്‍ക്ക് നിയമനം ലഭിക്കാന്‍ അവസരമുണ്ട്. ഇതിന് യുവാക്കളെ പ്രാപ്്തരാക്കാനും അവസരങ്ങളെക്കുറിച്ച് അറിവ് നല്‍കുന്നതിനുള്ള സംവിധാനം സജ്ജമാക്കുന്നതിനുമുള്ള  പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം. ഇതിനായി വിവിധ ഏജന്‍സികളുടെ സഹകരണത്തോടെയുള്ള പദ്ധതികള്‍ നടപ്പിലാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് മുഴുവന്‍ റേഷന്‍ കാര്‍ഡ് നല്‍കുന്നതിനുള്ള പ്രവര്‍ത്തനം മികച്ച നിലയില്‍ നടക്കുന്നതായി യോഗം വിലയിരുത്തി. അവശേഷിക്കുന്ന അപേക്ഷകര്‍ക്ക് ഒരാഴ്ചക്കുള്ളില്‍ തന്നെ കാര്‍ഡ് ലഭ്യമാക്കാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി. ഒരേ വീട്ടില്‍ ഒന്നിലേറെ കുടുംബങ്ങള്‍ താമസിക്കുന്നതിനാല്‍ ഒരു കാര്‍ഡില്‍ തന്നെ 15ഉം 20ഉം പേര്‍ വരുന്നത് അര്‍ഹമായ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നതിന് തടസ്സമാകുന്നതായി ചൂണ്ടിക്കാണിക്കപ്പെട്ടു. അര്‍ഹമായ ഇത്തരം കേസുകളില്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് പ്രത്യേക അധികാരമുപയോഗിച്ച് ഒരേ വീട്ട് നമ്പറില്‍ തന്നെ ഒന്നില്‍ കൂടുതല്‍ റേഷന്‍ കാര്‍ഡ് അനുവദിക്കാന്‍ അനുമതി നല്‍കും. വിവാഹിതരായവരെ ഓരോ കുടുംബമായി കണ്ട് കാര്‍ഡ് നല്‍കാനാണ് നിര്‍ദേശം. ഒരേ വീട്ട് നമ്പറില്‍ എ, ബി എന്നിങ്ങനെ രേഖപ്പെടുത്തിയായിരിക്കും ഇത്തരം കാര്‍ഡുകള്‍ നല്‍കുക. ഭൂരഹിതരും ഭവന രഹിതരുമായ ആദിവാസി കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കുന്നതിന് ലൈഫ് മിഷന്റെ മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി നടപടി കൈക്കൊള്ളും.
മാവോയിസ്റ്റ് സംഘങ്ങള്‍ കേരളത്തെ ലക്ഷ്യമിടുന്നതായി കേന്ദ്ര ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സാഹചര്യത്തില്‍ പൊലീസിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കണമെന്ന് യോഗം നിര്‍ദേശിച്ചു. ജില്ലാ പൊലീസ് മേധാവികളും കലക്ടര്‍മാരും ഇക്കാര്യം മുഖ്യ പരിഗണനാ വിഷയമായി കാണണം. മാവോയിസ്റ്റ് ഭീഷണി നേരിടുന്നതിനുള്ള നടപടികള്‍ക്ക് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടാകും. ഇതിനായി ആവശ്യമായ ഏകോപനവും മറ്റ് നടപടികളും ജില്ലാ കലക്ടര്‍മാരുടെയും ജില്ലാ പൊലീസ് ചീഫിന്റെയും നേതൃത്വത്തില്‍ ഉണ്ടാക്കണം. മാവോയിസ്റ്റ് സാന്നിധ്യമുള്ള ജില്ലകളിലെ ഭരണ സംവിധാനങ്ങള്‍ തമ്മിലും മികച്ച ഏകോപനം ആവശ്യമാണ്. ആദിവാസി വിഭാഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് സ്വാധീനമുണ്ടാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. അതിനാല്‍ ഈ ജനവിഭാഗങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് ആത്മാര്‍ഥമായ ഇടപെടല്‍ എല്ലാ വകുപ്പുകളും നടത്തണം. മാവോയിസ്റ്റ് പ്രവര്‍ത്തനം ഉപേക്ഷിക്കാന്‍ സന്നദ്ധരാകുന്നവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും സര്‍ക്കാര്‍ പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ട്. അത്തരമാളുകളെ പുനരധിവസിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ സഹായവും പിന്തുണയും നല്‍കാനും സര്‍ക്കാര്‍ സന്നദ്ധമാണ്. ഇക്കാര്യത്തില്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് ്രപധാന പങ്ക് വഹിക്കാനാകണം. ഒരു തരത്തിലും കേരളത്തെ ഇത്തരം സംഘങ്ങളുടെ കേന്ദ്രമാക്കി മാറ്റാന്‍ അനുവദിക്കാനാവില്ല. ഇതിനായി കര്‍ശനമായ നടപടികള്‍ ഉണ്ടാകും. പൊലീസിനൊപ്പം മറ്റ് വകുപ്പുകളും ഈ കാര്യത്തില്‍ ആവശ്യമായ ഗൗരവം നല്‍കണമെന്നും ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു.
ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ബിശ്വാസ് മേത്ത, അഡീഷണല്‍ ഡിജിപി  ടി കെ വിനോദ് കുമാര്‍, പട്ടികജാതി-പട്ടിക വര്‍ഗ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദ മുരളീധരന്‍, ഉത്തരമേഖല ഐജി അശോക് യാദവ്, കണ്ണൂര്‍ റേഞ്ച് ഡിഐജി കെ സേതുരാമന്‍, ജില്ലാ കലക്ടര്‍മാര്‍, ജില്ലാ പൊലീസ് മേധാവികള്‍, ഡിഎഫ്ഒമാര്‍, മറ്റ് വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
പി എന്‍ സി/3681/2019

date